ISL 20-21

മുംബൈയ്‌ക്കെതിരെ നേടിയ വിജയമല്ല, തോല്‍വിയില്‍ നിന്ന് കരുത്താര്‍ജ്ജിച്ച് വരുന്ന ബ്ലാസ്റ്റേഴ്‌സാണ് മനസ്സില്‍: ജെറാര്‍ഡ് നസ്

ഐഎസ്എല്‍ ഏഴാം സീസണിലെ രണ്ടാം മത്സരത്തില്‍ മുംബൈ സിറ്റിയ്‌ക്കെതിരെ എതിരില്ലാത്ത ഒരു ഗോളിന്റെ ജയവുമായി സീസണില്‍ തുടക്കം കുറിച്ചിരിക്കുകയാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. ഈ സീസണിലെ ഏറ്റവും ശക്തരായ ടീമുകളിലൊന്നായി കണക്കാക്കപ്പെടുന്ന നോര്‍ത്ത് ഈസ്റ്റ് പക്ഷേ വിജയത്തിന്റെ ആവേശത്തിനപ്പുറം അടുത്ത മത്സരത്തെക്കുറിച്ചുള്ള ചിന്തയിലാണെന്നാണ് മത്സരശേഷം കോച്ച് ജെറാര്‍ഡ് നസ് മാധ്യമങ്ങളോട് പറഞ്ഞത്.

സീസണില്‍ കിരീടസാധ്യതയേറെയെന്ന് നിരീക്ഷിക്കപ്പെടുന്ന സെര്‍ജിയോ ലൊബേറെയുടെ മുംബൈ സിറ്റിയ്‌ക്കെതിരെയുള്ള വിജയം 35 വയസ്സുകാരനായ യുവ പരിശീലകന് ആത്മവിശ്വാസം പകരുന്നതാണ്. എന്നാല്‍ തങ്ങളുടെ അടുത്ത എതിരാളികളായ ബ്ലാസ്റ്റേഴ്‌സിനെ നവംബര്‍ 26 ന് നേരിടുന്നതാണ് മുംബൈ സിറ്റിയെ തോല്‍പ്പിച്ചതിനേക്കാള്‍ കടുപ്പേറിയ മത്സരമെന്നാണ് ജെറാര്‍ഡിന്റെ പക്ഷം.

‘ബ്ലാസ്റ്റേഴ്‌സിനെതിരായ അടുത്ത മത്സരം ഇതിലും കടുപ്പമേറിയതായിരിക്കും. മികച്ച കളിശൈലിയാണ് അവരുടേത്. അതിനാല്‍തന്നെ തോല്‍വിയില്‍ നിന്ന് കരുത്താര്‍ജ്ജിച്ച് ബ്ലാസ്‌റ്റേഴ്‌സ് തിരിച്ചെത്തുമ്പോള്‍ മത്സരത്തിന് കടുപ്പമേറും. എങ്കിലും ഞങ്ങളുടെ കഴിവിന്റെ പരമാവധി ഞങ്ങളും ശ്രമിക്കും’, ജെറാര്‍ഡ് മാധ്യമങ്ങളോട് പറഞ്ഞു.

ഈ സീസണിലുടെ ഐഎസ്എല്‍ അരങ്ങേറ്റം കൂറിച്ച ജെറാര്‍ഡ് പ്രതിരോധത്തിന് മുന്‍ഗണന നല്‍കിയാണ് ടീമിനെ മുന്നോട്ടെത്തിച്ചത്. അതേസമയം തങ്ങളുടെ ആദ്യ മത്സരത്തില്‍ എടികെയോട് ഒരു ഗോള്‍ പരാജയം ഏറ്റുവാങ്ങിയാണ് ബ്ലാസ്റ്റേഴ്‌സ് അടുത്ത മത്സരത്തിനിറങ്ങുന്നത്.

Latest News