ആരോപണങ്ങള്‍ കള്ളമാണ്; അക്ഷയ് കുമാറിന്റെ 500 കോടിയുടെ മാനനഷ്ട കേസ് നിഷേധിച്ച് ബിഹാര്‍ യൂട്യൂബര്‍

ബോളിവുഡ് താരം സുശാന്ത് സിങിന്റെ മരണത്തില്‍ അക്ഷയ് കുമാറിന് പങ്കുണ്ടെന്ന് വ്യാജ പ്രചരണം നടത്തിയ യൂട്യൂബര്‍ക്കെതിരെ താരം 500 കോടിയുടെ മാനനഷ്ട കേസ് കൊടുത്തിരുന്നു. എന്നാല്‍ അതിനെ നിഷേധിച്ചിരിക്കുകയാണ് യൂട്യൂബര്‍ സിദ്ദിഖി. അക്ഷയ് കുമാര്‍ തനിക്കെതിരെ നടത്തിയ ആരോപണങ്ങള്‍ കള്ളമാണെന്നാണ് സിദ്ദിഖിയുടെ വാദം.

500 കോടി നല്‍കാന്‍ താന്‍ നുണ പ്രചാരണം നടത്തിയിട്ടില്ല. സുശാന്തിന്റെ മരണത്തില്‍ നിരവധി ഉന്നതര്‍ക്ക് പങ്കുണ്ടെന്നത് വാസ്തവമാണ്. എന്നാല്‍ രാജ്യത്തെ പ്രധാന മാധ്യമ സ്ഥാപനങ്ങളൊന്നും തന്നെ മരണവുമായി ബന്ധപ്പെട്ട ശരിയായ വിവരങ്ങള്‍ കൊടുത്തിരുന്നില്ല എന്നാണ് സിദ്ദിഖി പറയുന്നത്.

സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് താന്‍ ചാനലില്‍ കൊടുത്ത വിവരങ്ങളൊന്നും ആരെയയും അപകീര്‍ത്തിപ്പെടുത്തുന്നതല്ലെന്നാണ് സിദ്ദിഖിയുടെ അഭിഭാഷകനായ ജെ പി ജെയ്‌സ്വാള്‍ അറിയിച്ചത്. കേസ് പിന്‍വലിച്ചില്ലെങ്കില്‍ നിയമപരമായി നീങ്ങും. അഭിപ്രായ സ്വാതന്ത്രമെന്നത് ഒരു പൗരന്റെ അവകാശമാണ്, താന്‍ ചാനലില്‍ പറഞ്ഞ കാര്യത്തിന് കേസ് കൊടുത്തത് അനാവാശ്യമായാണെന്നും സിദ്ദിഖി പറഞ്ഞു.

സുശാന്തിന്റെ മരണത്തെ തുടര്‍ന്ന് അക്ഷയ് കുമാര്‍ മുംബൈ പൊലീസിനെയും, ആദിത്യ താക്കറേയും രഹസ്യമായി ബന്ധപ്പെട്ടിരുന്നു. കൂടാതെ സുശാന്തിന്റെ മുന്‍ കാമുകിയെ കാനഡയിലേക്ക് രക്ഷപ്പെടാന്‍ സഹായിക്കുകയും ചെയ്തു എന്നാണ് വീഡീയോയില്‍ പറഞ്ഞത്. ഇതേ തുടര്‍ന്നാണ് അക്ഷയ് കുമാര്‍ ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

സുശാന്തിന്റെ മരണം കൊണ്ട് നിരവധി ആളുകളാണ് ഇത്തരത്തില്‍ പണം ഉണ്ടാക്കിയതെന്ന് മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞിരുന്നു. മുംബൈ പൊലീസിനെ അപകീര്‍ത്തിപ്പെടുത്തിയും യൂട്യൂബര്‍ പൈസ സമ്പാദിച്ചിട്ടുണ്ട്. 6.5 ലക്ഷം രൂപയോളമാണ് സിദ്ദിഖി സെപ്റ്റംബറില്‍ മാത്രം സമ്പാദിച്ചതെന്നും പൊലീസ് പറഞ്ഞു.

Latest News