ഇന്ത്യന്‍ ടീം ഇനി എംപിഎല്‍ ജേഴ്‌സിയില്‍; കരാറുറപ്പിച്ച് ബിസിസിഐ

ഇന്ത്യയിലെ ഏറ്റവും വലിയ ഇ-സ്‌പോര്‍ട്‌സ് ഗെയിമിംഗ്‌ പ്ലാറ്റ്‌ഫോമായ മൊബൈല്‍ പ്രീമിയര്‍ ലീഗുമായി സ്‌പോണ്‍സര്‍ഷിപ്പ് കരാറുറപ്പിച്ച് ബിസിസിഐ. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സിയും സ്‌പോര്‍ട്ട് മെര്‍ച്ചന്‍ഡൈസുകളുടേയും കരാറാണ് നൈക്കിക്ക് പകരം എംപിഎല്ലിന് നല്‍കിയിരിക്കുന്നത്‌. 2020 നവംബര്‍ മുതല്‍ 2023 ഡിസംബര്‍ വരെയുള്ള മൂന്നുവര്‍ഷത്തെ കരാറാണ് ഒപ്പുവച്ചിരിക്കുന്നത്. ഇതോടെ 2020-21 ലെ ഇന്ത്യ- ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ടീം പുതിയ ജേഴ്‌സിയിലായിരിക്കും എത്തുകയെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യയുടെ പുരുഷ-വനിത ടീമുകള്‍ക്കൊപ്പം അണ്ടര്‍ 19 ടീമും കരാറിലുള്‍പ്പെടും. ടീം ഇന്ത്യ ജേഴ്‌സിക്ക് പുറമെ ഇന്ത്യയുടെ സ്‌പോര്‍ട്ട് മെര്‍ച്ചന്‍ഡൈസുകളുടേയും ലൈസന്‍സ് എംപിഎല്ലിനാണ്.

ടീം ഇന്ത്യയുടെ സ്‌പോര്‍ട്‌സ് ജേഴ്‌സികളും ടീം ഇന്ത്യ മെര്‍ച്ചന്‍ഡൈസുകളും ആരാധകര്‍ക്ക് മിതമായ നിരക്കില്‍ നല്‍കുമെന്നാണ് എംപിഎല്ലിന്റെ വാഗ്ദാനം.

ഈ പങ്കാളിത്തം ടീം ഇന്ത്യയ്ക്കും രാജ്യത്തെ കായിക വ്യാപാരത്തിനും ഒരു പുതിയ അതിരുനല്‍കുന്നതിലേക്ക് നയിക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ പറഞ്ഞു. എംപിഎല്‍ സ്‌പോര്‍ട്‌സ് പോലുള്ള ഒരു യുവ ഇന്ത്യന്‍ ബ്രാന്‍ഡിനൊപ്പം മുന്നോട്ടു പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. രാജ്യത്ത് മാത്രമല്ല ആഗോളതലത്തിലുള്ള ആരാധകര്‍ക്കായി ഉയര്‍ന്ന നിലവാരമുള്ള ഇന്ത്യന്‍ ക്രിക്കറ്റ് മെര്‍ച്ചന്‍ഡൈസുകളുടെ വിപണിയിലേക്കുള്ള പ്രവേശനം സുഗമമാക്കുക എന്നതാണ് ഈ കരാറുകൊണ്ട് ലക്ഷ്യം വയ്ക്കുന്നതെന്നും ജയ് ഷാ പറഞ്ഞു.

ഇന്ത്യന്‍ പുരുഷ-വനിതാ ദേശീയ ക്രിക്കറ്റ് ടീമിന്റെ സ്‌പോര്‍ട്‌സ് കിറ്റ് സ്‌പോണ്‍സറായി എംപിഎല്‍ സ്‌പോര്‍ട്‌സിനെ നിയമിച്ചതോടെ ഇന്ത്യന്‍ ക്രിക്കറ്റിന് ഒരു പുതുയുഗത്തിലേക്ക് ഉദയമായെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞു.

Latest News