‘അമ്മയുടെ വൈസ് ചെയർമാനാകാൻ യോഗ്യതയുള്ള നടിയാണ് പാർവതി’: ബാബുരാജ് റിപ്പോർട്ടർ ലൈവിനോട്

സംഘടനയിൽ നിന്നും രാജിവെയ്ക്കുന്നതും പുറത്താക്കുന്നതും ശരിയായ കീഴ്‌വഴക്കമല്ലന്ന് നടൻ ബാബുരാജ്. ഇപ്പോൾ സംഘടനയിൽ നിന്നും പുറത്ത് നിൽക്കുന്നവർ കഴിവുള്ളവരാണെന്നും അവരെപ്പോലുള്ളവർ സംഘടനയ്ക്ക് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. നടി പാർവതിയുടെ രാജി സ്വീകരിച്ചതുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ലൈവിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അറിവും വിവേകവുമുള്ള നടിമാരാണ് പാർവതിയും, പദ്മപ്രിയയും. രമ്യ നമ്പീശനും. ‘അമ്മ’യുടെ വൈസ് ചെയർമാനാകുവാൻ യോഗ്യതയുള്ള നടിയാണ് പാർവതി. അവർ വിട്ടുപോയത് വലിയൊരു നഷ്ടം തന്നെയാണ്. പാർവതിയുടെ രാജിയുമായി ബന്ധപ്പെട്ട ചർച്ച ഉണ്ടായപ്പോൾ, അവരുടെ വിഷമം കേൾക്കുവാനുള്ള വേദിയൊരുക്കണമെന്ന് ഞാൻ ആവശ്യപ്പെട്ടു. എന്നാൽ രാജിവെയ്ക്കുന്ന കാര്യം സംഘടനയിലാണ് ആദ്യം ചർച്ച ചെയ്യേണ്ടതെന്നും അല്ലാതെ സാമൂഹ്യമാധ്യമങ്ങളിലൂടെ രാജി പ്രഖ്യാപിക്കുന്നത് ശെരിയായ കീഴ്‌വഴക്കമല്ല എന്നതായിരുന്നു സംഘടനയിലെ ഭൂരിപക്ഷ അംഗങ്ങളുടെ നിലപാട് എന്നും അദ്ദേഹം പറഞ്ഞു

പിന്നെ സംഘടനയിൽ ആൺമേൽക്കോയ്മയൊന്നുമില്ല. എത്രെയോ പെൺകുട്ടികൾ ഇപ്പോൾ സംഘടനയിൽ ഉണ്ട്. അവർക്കൊന്നും പരാതികൾ ഇല്ലല്ലോ. പിന്നെ കുറവുകളില്ലാത്ത ഒരു സംഘടനയും ഇല്ല. നമുക്ക് ചില പരിമിതികളും ചട്ടക്കൂടുകളുമൊക്കെയുണ്ട് .അതിൽനിന്നുകൊണ്ടു മാത്രമേ തീരുമാനങ്ങൾ എടുക്കുവാൻ സാധിക്കുകയുള്ളൂ. പിന്നെ സംഘടന ചെയ്യുന്ന നല്ല കാര്യങ്ങളെക്കുറിച്ചൊന്നും ആർക്കും ഒന്നും പറയാനില്ല. നമ്മൾ സ്വന്തം കയ്യിൽ നിന്നും കാശ് മുടക്കി അംഗങ്ങളെ സംരക്ഷിച്ചിട്ടുണ്ട്. പിന്നെ സാമൂഹ്യമാധ്യമങ്ങളിലെ പോസ്റ്റുകളിലൂടെയും കമ്മന്റ്സിലൂടെയുമല്ല സംഘടനയെ വിലയിരുത്തേണ്ടത്.

സംഘടനയിൽ നിന്നും പുറത്ത് നിൽക്കുന്നവർക്ക് സിനിമകൾ ഇല്ലെന്ന് പറയുന്നത് വാസ്തവമല്ല. പാർവതി എത്രെയോ നല്ല സിനിമകളിൽ അഭിനയിക്കുന്നു. സംഘടനയിൽ നിൽക്കുന്നവർ ഒരുപാടു സിനിമകൾ ചെയ്യുന്നുണ്ടോ? സിനിമ അഭിനയവയും സംഘടനയും തമ്മിൽ യാതൊരു ബന്ധവുമില്ല. പിന്നെ പാരകളൊക്കെ എവിടെയായാലും ഉണ്ടാകും. പ്രശ്നങ്ങളും വിഷമങ്ങളും ഇല്ലാത്തവരായി ആരുമില്ല. പരിഹരിക്കുവാൻ സാധിക്കുന്ന പ്രശ്നങ്ങൾ നമ്മൾ പരിഹരിച്ചിട്ടുണ്ട്. പിന്നെ ഇടവേള ബാബുവിന്റെ പ്രശ്നം വന്നപ്പോൾ ഞാൻ അദ്ദേഹത്തെ വിളിച്ചു ചോദിച്ചിരുന്നു. അയാൾ നടിയെക്കുറിച്ച് മോശമായി പറഞ്ഞതല്ലെന്നും സിനിമയിലെ കഥാപാത്രത്തെ ഉദ്ദേശിച്ചു പറഞ്ഞത് ആളുകൾ വളച്ചൊടിച്ചതാണെന്നും ബാബുരാജ് പറഞ്ഞു.

Latest News