നാലുവര്‍ഷത്തെ കടം തീര്‍ത്ത് അക്‌സര്‍ പട്ടേല്‍; വീട്ടിയത് ധോണിയോടുള്ള മധുരപ്രതികാരം

ഐപിഎല്ലില്‍ ഇന്നലെ നടന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരത്തിലെ അവസാന ഓവറിലെ അക്‌സര്‍ പട്ടേലിന്റെ പ്രകടനമാണ് ഇപ്പൊള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച വിഷയം. ചെന്നൈ ഉയര്‍ത്തിയ 180 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിക്ക് വിജയിക്കാന്‍ 17 റണ്‍സ് വേണ്ടിയിരുന്നു അവസാന ഓവറില്‍ ജഡേജയ്‌ക്കെതിരെ ഇരുപതാം ഓവറില്‍ അക്സര്‍ പട്ടേല്‍ നേടിയ മൂന്ന് പടുകൂറ്റന്‍ സിക്‌സറുകളാണ് സീസണിലെ ഏഴാം വിജയത്തിലേക്കും പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്കും ഡല്‍ഹിയെ എത്തിച്ചത്. അക്‌സര്‍ പട്ടേലിന്റെ അവസാന ഓവറിലെ ഈ പ്രകടനം ഒരു മധുരപ്രതികാരമാണെന്നാണ് ക്രിക്കറ്റ് പ്രേമികളുടെ വിലയിരുത്തല്‍.

2016 ലെ ഐപിഎല്‍ സീസണിലെ ഒരു സംഭവമാണ് ആ പ്രതികാരത്തിന് പിന്നിലെ കാരണം. ആന്ധ്രപ്രദേശിലെ വൈഎസ്ആര്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കിങ്സ് ഇലവന്‍ പഞ്ചാബിന്റെ എതിരാളികള്‍ റൈസിംഗ് പുണെ സൂപ്പര്‍ ജയന്റ്‌സ് ആയിരുന്നു. ആദ്യം ബാറ്റ് ചെയ്ത കിംഗ് ഇലവന്‍ പഞ്ചാബ് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സ് എടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ പുണെ സൂപ്പര്‍ ജയന്റ്‌സിന്റെ മുന്‍നിര താരങ്ങള്‍ക്കൊന്നും കാര്യമായ സംഭാവന സ്‌കോര്‍ ബോര്‍ഡിന് നല്‍കാനായില്ല. ഒടുവില്‍ ക്യാപ്റ്റന്‍ ധോണി നടത്തിയ ഒറ്റയാള്‍ പോരാട്ടമാണ് അവരെ വിജയത്തിലെത്തിച്ചത്.

അവസാന ഓവറില്‍ പുണെക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 23 റണ്‍സ്. ക്രീസില്‍ ഫിനിഷിങ് സ്‌പെഷലിസ്റ്റ് ധോണി നില്‍ക്കുമ്പോള്‍ പന്തുമായി ഇടംകൈയ്യന്‍ സ്പിന്നര്‍ അക്‌സര്‍ പട്ടേല്‍. ആദ്യ ബോളില്‍ റണ്‍സ് ഒന്നും നേടിയില്ല. രണ്ടാം ബോള്‍ വൈഡ് ഇതോടെ അഞ്ച് ബോളില്‍ 22 റണ്‍സ് ആയി വിജയ ലക്ഷ്യം അടുത്ത ബോളില്‍ ധോണിയുടെ വക കൂറ്റന്‍ സിക്‌സ്. പിന്നെ ഒരു ഡോട്ട് ഫുള്‍ കൂടെ. ഇതോടെ മൂന്നു പന്തില്‍ 16 റണ്‍സ് വിജയലക്ഷ്യം. ആകാംക്ഷയുടെ മുള്‍മുനയില്‍ കളി മുന്നേറിയപ്പോള്‍ നാലാം ബോള്‍ ഫോര്‍. വിജയിക്കാന്‍ 12 റണ്‍സ് രണ്ടു പന്ത് മാത്രം ബാക്കി നില്‍ക്കുന്നു. അടുത്ത രണ്ടു ബോളുകള്‍ കൂടി സിക്‌സര്‍ പറത്തിയ ധോണി വിജയം പുണെയുടെ കൈകളില്‍ ഭദ്രമാക്കി.

അന്ന് അവസാന ഓവറിലെ ധോണിയുടെ സിക്‌സറുകള്‍ക്ക് ഇന്നലെ അക്‌സര്‍ പട്ടേല്‍ മറുപടി കൊടുത്തു. സ്റ്റമ്പിന് പിന്നില്‍ ധോണിയെ സാക്ഷി നിറുത്തി ജഡേജ എറിഞ്ഞ മൂന്നു ബോളുകള്‍ ഷാര്‍ജ സ്റ്റേഡിയത്തിനു പുറത്തേക്ക് അടിച്ചു ഡല്‍ഹിയെ വിജയത്തിലെത്തിച്ചു ആക്‌സര്‍ പട്ടേല്‍. ഈ മധുര പ്രതികാരമാണ് സോഷ്യല്‍ മീഡിയ ആഘോഷമാക്കുന്നത്.

Latest News