ISL 20-21

സീസണിലെ ആദ്യ ജയം എടികെ മോഹന്‍ബഗാന്; ബ്ലാസ്‌റ്റേഴ്‌സ് വീണത് റോയ് കൃഷ്ണയുടെ ഗോളില്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2020 പതിപ്പിലെ ആദ്യ ജയം അത്‌ലറ്റിക്കോ മോഹന്‍ ബഗാന്. കേരള ബ്ലാസ്റ്റേഴ്‌സിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ബഗാന്‍ പരാജയപ്പെടുത്തിയത്. ഫിജിയന്‍ താരം റോയ് കൃഷ്ണ 67-ാം മിനുട്ടില്‍ നല്‍കിയ ഗോളിന് മറുപടി നല്‍കാന്‍ ബ്ലാസ്റ്റേഴ്‌സിന് ആയില്ല. ബ്ലാസ്റ്റേഴ്‌സിന്റെ സെന്‍ട്രല്‍ മിഡ്ഫീല്‍ഡര്‍ സെര്‍ജിയോ സിഡോഞ്ച ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ച പന്ത് കെബിഎഫ്‌സി ഗോളി ആല്‍ബിനോ ഗോമസിനെ കീഴ്‌പ്പെടുത്തി റോയ് കൃഷ്ണ വലയിലാക്കുകയായിരുന്നു.

ഞങ്ങള്‍ ആഗ്രഹിച്ച തുടക്കമല്ല ഇത്. പോസിറ്റീവ് വശങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും ശക്തമായി തിരിച്ചുവരും.

കേരള ബ്ലാസ്‌റ്റേഴ്‌സ്

രണ്ട് മികച്ച അവസരങ്ങള്‍ കിട്ടിയത് മുതലാക്കാന്‍ കഴിയാത്തത് ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടിയായി. ആല്‍ബിനോ ഗോമെസിനെ വലയ്ക്ക് മുന്നില്‍ നിര്‍ത്തിയാണ് ബ്ലാസ്‌റ്റേഴ്‌സ് പുതിയ സീസണിന് തുടക്കം കുറിച്ചത്. പ്രതിരോധത്തില്‍ ബകാരി കോനെ, കോസ്റ്റ ന്യമോയിന്‍സു, ജെസെല്‍ കര്‍ണെയ്‌റോ എന്നിവര്‍ അണിനിരന്നു. മധ്യനിരയില്‍ ക്യാപ്റ്റന്‍ സെര്‍ജിയോ സിഡോഞ്ച, വിസെന്റെ ഗൊമെസ്, കെ.പ്രശാന്ത്, സഹല്‍ അബ്ദുള്‍ സമദ് എന്നിവരും ഗാരി ഹൂപ്പര്‍, റിത്വിക് ദാസ്, നൊങ്ദാമ്പ നൗറെം എന്നിവര്‍ മുന്നേറ്റത്തിലും ഇടംകണ്ടു. എടികെ മോഹന്‍ ബഗാന്‍ മുന്നേറ്റത്തില്‍ റോയ് കൃഷ്ണയെയും എഡു ഗാര്‍ഷ്യയെയും അണിനിരത്തി. മൈക്കേല്‍ സുസൈരാജ്, ഹാവിയര്‍ ഹെര്‍ണാണ്ടസ്, കാള്‍ മക്ഹഗ്, പ്രണോയ് ഹാള്‍ദെര്‍ എന്നിവര്‍ മധ്യനിരയില്‍. പ്രതിരോധത്തില്‍ സന്ദേശ് ജിങ്കന്‍, പ്രബീര്‍ ദാസ്, ടിരി, പ്രീതം കോട്ടല്‍ എന്നിവര്‍. ഗോള്‍വലയ്ക്ക് മുന്നില്‍ അരിന്ദം ഭട്ടാചാര്യ.

കളിയുടെ മൂന്നാം മിനിറ്റില്‍തന്നെ എടികെ ബഗാന് മികച്ച അവസരം കിട്ടി. ഹാവിയര്‍ ഹെര്‍ണാണ്ടസിന്റെ കോര്‍ണര്‍ കിക്ക് കൃത്യമായി റോയ് കൃഷ്ണയുടെ കാലുകളിലാണ് കിട്ടിയത്. പക്ഷേ, റോയ് കൃഷ്ണയ്ക്ക് കൃത്യമായി തൊടുക്കാനായില്ല. പിന്നാലെ പ്രബീറിന്റെ വലത് പാര്‍ശ്വത്തില്‍ നിന്നുള്ള ഷോട്ട് ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍ കീപ്പര്‍ ആല്‍ബിനോ ഗോമെസിന്റെ കൈകളിലൊതുങ്ങി. ഇതിനിടെ എടികെ മധ്യനിരക്കാരന്‍ മൈക്കേല്‍ സുസൈരാജ് പരിക്കേറ്റ് മടങ്ങി. സുഭാശിഷ് ബോസ് ആയിരുന്നു പകരക്കാരന്‍. എടികെ മുന്നേറ്റക്കാരന്‍ റോയ് കൃഷ്ണ ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍മുഖത്തേക്ക് അപകടകരമായ നീക്കങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. ഒരു തവണ ഗോളെന്നുറപ്പിച്ച നീക്കം കോസ്റ്റയുടെ പ്രതിരോധത്തില്‍ വിഫലമായി. പ്രത്യാക്രമണങ്ങള്‍ കൊണ്ട് എടികെ ബഗാന്‍ പ്രതിരോധത്തെ ബ്ലാസ്‌റ്റേഴ്‌സ് പരീക്ഷിച്ചു. സഹല്‍ അബ്ദുള്‍ സമദ് മധ്യഭാഗത്ത് നിന്ന് നടത്തിയ മികച്ച നീക്കം എടികെ പ്രതിരോധത്തെ മറികടന്ന് പ്രശാന്തിന് ലഭിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല. ഇരുപത്തിനാലാം മിനുട്ടില്‍ ബ്ലാസ്‌റ്റേഴ്‌സിന് കളിയിലെ ആദ്യ കോര്‍ണര്‍ കിട്ടിയതും മുതലാക്കാനായില്ല.

മുപ്പത്തിനാലാം മിനുട്ടില്‍ റോയ് കൃഷ്ണയ്ക്ക് മികച്ച അവസരം ലഭിച്ചെങ്കിലും പന്ത് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. പിന്നാലെ കോസ്റ്റയുടെ മറ്റൊരു ഇടപെടല്‍ ബ്ലാസ്‌റ്റേഴ്‌സിനെ കാത്തു. ഗാര്‍ഷ്യയുടെ മുന്നേറ്റത്തെ കോസ്റ്റ നിര്‍വീര്യമാക്കി. മുപ്പത്തേഴാം മിനുട്ടിലാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഏറ്റവും മികച്ച നീക്കമുണ്ടായത്. തുടര്‍ച്ചയായ എടികെ ബഗാന്‍ പ്രതിരോധത്തെ സമ്മര്‍ദ്ദത്തിലാക്കിയശേഷം ബ്ലാസ്‌റ്റേഴ്‌സ് മുന്നേറ്റം കുതിച്ചു. ഇടതുപാര്‍ശ്വത്തില്‍ നിന്ന് നൊങ്ദാമ്പ നോറെമിന്റെ ഉശിരന്‍ ക്രോസ് ഹൂപ്പറെ ലക്ഷ്യം വെച്ച് എടികെ ബോക്‌സിലേക്ക് ചെരിഞ്ഞിറങ്ങി. സുഭാശിഷ് ഹൂപ്പറെ തടയാനായി ചാടി. ഇരുവര്‍ക്കും പന്ത് കൃത്യമായി കിട്ടിയില്ല. പന്ത് വീണത് റിത്വികിന് മുന്നില്‍. രണ്ടടി ദൂരം മാത്രം. പക്ഷേ, എത്തിപ്പിടിക്കാനായില്ല. ഇടതുപാര്‍ശ്വത്തില്‍ പ്രശാന്ത്-റിത്വിക് പാട്‌നര്‍ഷിപ്പില്‍ ആക്രമണങ്ങളുണ്ടായി. ആദ്യപകുതി അവസാനിക്കുമ്പോള്‍ 62 ശതമാനം ആയിരുന്നു പന്തിന്‍മേല്‍ ബ്ലാസ്‌റ്റേഴ്‌സിനുള്ള നിയന്ത്രണം.

രണ്ടാംപകുതിയുടെ തുടക്കംതന്നെ ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്നേറ്റത്തോടെയായിരുന്നു. അമ്പതാം മിനുട്ടില്‍ ജെസെല്‍ കര്‍ണെയ്‌റോ ഇടതുപാര്‍ശ്വത്തിലൂടെ നടത്തിയ കുതിപ്പ് എടികെ ഗോള്‍മുഖത്തെത്തി. ബോക്‌സിലേക്ക് പാഞ്ഞ ക്രോസ് എടികെ പ്രതിരോധത്തിന് ക്ലിയര്‍ ചെയ്യാന്‍ കഴിഞ്ഞില്ല. ബോക്‌സിന്റെ വലതുഭാഗത്ത് ഒഴിഞ്ഞുനില്‍ക്കുകയായിരുന്നു സഹലിന് അവസരം വിനിയോഗിക്കാനും പറ്റിയില്ല. ഇടതു വിങ്ങിലൂടെയുള്ള കര്‍ണെയ്‌റോയുടെ ശ്രമങ്ങള്‍ സന്ദേശ് ജിങ്കന്റെ നേതൃത്വത്തിലുള്ള പ്രതിരോധം ചെറുത്തുനിന്നു. അമ്പത്തൊമ്പതാം മിനുട്ടില്‍ നൊങ്ദാമ്പയ്ക്ക് പകരം സെയ്ത്യാസെന്‍ കളത്തിലേക്ക്. ഇറങ്ങിയപാടെ എടികെ ഗോള്‍ കീപ്പര്‍ അരിന്ദത്തെ പരീക്ഷിച്ച് സെയ്ത്യാസെന്‍ തൊടുത്ത ഷോട്ട് മഞ്ഞപ്പട ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കി. അറുപത്തേഴാം മിനിറ്റില്‍ ഇടതു ഭാഗത്തിലൂടെ മന്‍വീര്‍ സിങ് നടത്തിയ മുന്നേറ്റമാണ് മോഹന്‍ബഗാന്റെ ഗോളിലേക്ക് വഴിതുറന്നത്. മന്‍വീറിന്റെ ക്രോസ് കൃത്യമായി തടയുന്നതില്‍ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തിന് വീഴ്ച പറ്റി. ഓടിയെത്തിയ റോയ് കൃഷ്ണ ആല്‍ബിനോയെ കീഴടക്കി. 86ാം മിനുറ്റില്‍ സഹലിന് പകരം ലാല്‍റുവതാരയും ബെക്കാരി കോനെക്ക് പകരം ഫാക്കുന്‍ഡോ പെരേരയും കളത്തിലിറങ്ങി. തുടര്‍ന്നുള്ള നിമിഷങ്ങളില്‍ സമനില ഗോളിനായി ബ്ലാസ്‌റ്റേഴ്‌സ് ആഞ്ഞുശ്രമിച്ചെങ്കിലും എടികെ പ്രതിരോധം മറികടക്കാനായില്ല. നവംബര്‍ 26ന് ബാംബോളിമിലെ ഇതേവേദിയില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡുമായാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്തമത്സരം.

Latest News