സൈബര്‍ ആക്രമണം ഇനി കളിയാകില്ല, കടുത്ത ശിക്ഷ ലഭിക്കും; നിയമഭേദഗതി നടത്താനൊരുങ്ങി സര്‍ക്കാര്‍

സമൂഹ മാധ്യമങ്ങള്‍ വഴിയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നെങ്കിലും കുറ്റവാളികള്‍ക്ക് കാര്യമായ ശിക്ഷ ലഭിക്കുന്നതല്ല നിലവിലെ നിയമം. ഈ സാഹചര്യത്തിലാണ് നിയമഭേദഗതിക്ക് സര്‍ക്കാര്‍ തീരുമാനമായത്. ഭേദഗതി ഓര്‍ഡിനന്‍സായി പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും. അടുത്തിടെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഉള്‍പ്പെടെ ഉള്ളവര്‍ക്ക് നേരിടേണ്ടി വന്ന അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നടപടിപടിക്കൊരുങ്ങുന്നത്.

നിലവിലെ പൊലീസ് ആക്ടില്‍ 118എ എന്ന വകുപ്പ് കൂട്ടിച്ചേര്‍ക്കാനാണ് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യുന്നത്. ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്തുന്നതിനൊ അപമാനിക്കുന്നതിനൊ അപകീര്‍ത്തിപ്പെടുത്തുന്നതിനൊ ഉദ്ദേശിച്ച് ഏതെങ്കിലും തരത്തിലുള്ള വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിര്‍മിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് കടുത്ത ശിക്ഷ, നിയമ ഭേദഗതിയിലൂടെ ഉറപ്പാക്കും. ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് അഞ്ച് വര്‍ഷം വരെ തടവോ പതിനായിരം രൂപ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷ ലഭിക്കുന്നതിനുള്ള വ്യവസ്ഥയാണ് കൂട്ടിച്ചേര്‍ക്കുന്ന വകുപ്പിലുള്ളത്.

സമൂഹ മാധ്യമങ്ങളിലുടെ നടക്കുന്ന വിദ്വേഷ, അപവാദ പ്രചരണങ്ങളെ കുറിച്ച് ഹൈക്കോടതി മെയ് മാസം ഒരു കേസില്‍ പരാമര്‍ശിച്ചിരുന്നു. വര്‍ധിച്ച് വരുന്ന ഈ പ്രവണത അവസാനിപ്പിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി എന്നിവര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. കൊവിഡ് കാലത്ത് സമൂഹമാധ്യമങ്ങളിലൂടെയുള്ള വ്യാജപ്രചരണങ്ങളും വിദ്വേഷ പ്രസ്താവനകളും വര്‍ധിച്ചു. ഇത് കൂടി കണക്കിലെടുത്താണ് നിയമ ഭേദഗതിക്ക് സര്‍ക്കാര്‍ തീരുമാനിച്ചത്.

2000 ലെ ഐടി നിയമത്തിലെ 66എ വകുപ്പ്, 2011 ലെ കേരള പൊലീസ് നിയമത്തിലെ 118ഡി വകുപ്പ് എന്നിവ സുപ്രീം കോടതി നേരത്തെ റദ്ദാക്കിയിരുന്നു. രണ്ട് വകുപ്പുകളും അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരാണെന്ന് വിലയിരുത്തി ആയിരുന്നു നടപടി. ഇതിന് പകരം മറ്റ് നിയമവ്യവസ്ഥകള്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടു വന്നിട്ടില്ല. അതിനാല്‍ സമൂഹ മാധ്യമങ്ങള്‍ വഴി നടക്കുന്ന കുറ്റ കൃത്യങ്ങള്‍ ഫലപ്രദമായി നേരിടാന്‍ പൊലീസിന് കഴിയുന്നില്ല. ഇതെല്ലാം കണക്കിലെടുത്താണ് നിയമ ഭേദഗതി നടത്താന്‍ തീരുമാനിച്ചത്.

അടുത്തിടെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യ ലക്ഷ്മി ഉള്‍പ്പെടെ ഒരു കൂട്ടം സ്ത്രീകളെ അധിക്ഷേപിക്കുന്ന വീഡിയോ യൂട്യൂബ് വഴി പ്രചരിച്ചിരുന്നു. ഇതിനെതിരെ പരാതി നല്‍കിയെങ്കിലും നിയമത്തിന്റെ അഭാവം ചൂണ്ടിക്കാട്ടി പൊലീസ് കൈയൊഴിഞ്ഞു. തുടര്‍ന്ന് യൂട്യൂബര്‍ വിജയ് പി നായരെ ഭാഗ്യലക്ഷ്മി ഉള്‍പ്പെട്ട സംഘത്തിന് നേരിട്ട് കൈകാര്യം ചെയ്യേണ്ട സ്ഥിതിയുണ്ടായി. എന്നാല്‍ പിന്നീട് ഇവര്‍ക്കെതിരെ കേസ് മുറുകുന്ന സാഹചര്യമാണുണ്ടായത്. ആദ്യം വിജയ് പി നായര്‍ക്കെതിരെ ജാമ്യം ലഭിക്കുന്ന നിസാര വകുപ്പുകളും ഭാഗ്യലക്ഷ്മി ഉള്‍പ്പെടെ ഉള്ളവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകളും ചുമത്തിയാണ് കേസെടുത്തത്. ആരോപണങ്ങള്‍ ശക്തമായതോടെ വിജയ് പി നായര്‍ക്കെതിരെ ശക്തമായ വകുപ്പുകള്‍ ചുമത്തിയെങ്കിലും ഇപ്പോള്‍ ജാമ്യം നേടി പുറത്തിറങ്ങി. അതേസമയം ഭാഗ്യ ലക്ഷ്മി, ശ്രീലക്ഷ്മി അറയ്ക്കല്‍, ദിയ സന എന്നിവര്‍ക്ക് തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു. ഇതോടെ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് മൂവരും.