Indian Cricket

‘ഇന്ത്യന്‍ ക്രിക്കറ്റിന്റെ നടത്തിപ്പ് അമിത് ഷായുടെയും രാമചന്ദ്രന്റേയും കൈകളില്‍ ‘; സ്വജനപക്ഷപാതത്തില്‍ വിമര്‍ശനവുമായി രാമചന്ദ്ര ഗുഹ

ഇന്ത്യന്‍ ക്രിക്കറ്റില്‍ സ്വജനപക്ഷപാതമാണെന്ന വിമര്‍ശനമുയര്‍ത്തി ചരിത്രകാരനും മുന്‍ ബിസിസിഐ സിഒഎ അംഗവുമായ രാമചന്ദ്ര ഗുഹ. മുന്‍ ബിസിസിഐ പ്രസിഡന്റ് എന്‍ ശ്രീനിവാസനും ആഭ്യന്തരമന്ത്രി അമിത് ഷായുമാണ് ‘ഇന്ത്യന്‍ ക്രിക്കറ്റ്’ നടത്തുന്നുന്നതെന്ന് മുംബൈ മിററിന് നല്‍കിയ അഭിമുഖത്തില്‍ ഗുഹ ആരോപിച്ചു. രഞ്ജി ട്രോഫി കളിക്കാര്‍ക്ക് യഥാസമയം ശമ്പളം നല്‍കുന്നതിലും പരാജയപ്പെട്ട സംഭവത്തെയും ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം.

എന്‍ ശ്രീനിവാസനും അമിത് ഷായുമാണ് ഇന്ന് ഇന്ത്യന്‍ ക്രിക്കറ്റ് നടത്തുന്നത്. സംസ്ഥാന അസോസിയേഷനുകളുടെ നടത്തിപ്പാണെങ്കില്‍ ആരുടെയെങ്കിലും മകളോ മകനോ ആയിരിക്കും.

രാമചന്ദ്ര ഗുഹ

‘ബോര്‍ഡ് ഗൂഢാലോചനകളിലും സ്വജനപക്ഷപാതത്തിലും മുഴുകിയിരിക്കുന്നു. രഞ്ജി ട്രോഫി കളിക്കാര്‍ക്ക് അവരുടെ ശമ്പളം നല്‍കുന്നതിലും വലിയ കാലതാമസമാണുണ്ടായത്. പ്രതീക്ഷിച്ച പരിഷ്‌കാരങ്ങള്‍ സംഭവിച്ചുമില്ല’ രാമചന്ദ്ര ഗുഹ പറഞ്ഞു.

ബിസിഐയുടെ പ്രസിഡന്റായ ഗാംഗുലി പോലും ഏതോ ക്രിക്കറ്റ് ഫാന്റസി ഗെയിമിനെയാണ് പ്രതിനിധീകരിക്കുന്നത്. പണത്തിനോടുള്ള ഇന്ത്യന്‍ ക്രിക്കറ്റര്‍മാരില്‍ വളരുന്ന അത്യാഗ്രഹം ഞെട്ടിപ്പിക്കുന്നതാണ്. ഗാംഗുലി തന്നെ അല്‍പം അധികം പണത്തിനായി അത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നതെന്താനാണെന്നറിയില്ല. ബോര്‍ഡിന്റെ തലപ്പത്തിരിക്കുന്നവരുടെ ഇങ്ങനെയുള്ള പെരുമാറ്റമാണ് സംഘടനയുടെ ധാര്‍മിക നിലവാരം തകര്‍ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2017 ല്‍ ബിസിസിഐയുടെ സുതാര്യത ഉറപ്പുവരുത്തുന്നതിന് സുപ്രിം കോടതി നിയമിച്ച ബിസിസിഐ സിഒഎ അംഗങ്ങളിലൊരാളായിരുന്നു രാമചന്ദ്ര ഗുഹ. അടുത്തിടെ തന്റെ ഭരണകാലത്തെ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന ഒരു പുസ്തകം അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്നു.

Latest News