ഒമ്പത് കോടി വ്യൂവേഴ്‌സിനെ സ്വന്തമാക്കി മാസ്റ്റര്‍ ഗാനം; ആവേശത്തോടെ വിജയ് ആരാധകര്‍

വിജയ് ആരാധകരേറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്റര്‍. ചിത്രത്തിന്റെ ഓരോ പുതിയ അപ്‌ഡേഷനും വന്‍ സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളില്‍ ലഭിക്കുന്നത്. ഇപ്പോള്‍ ചിത്രത്തിലെ ‘വാത്തി കമിംഗ്’ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ഒമ്പത് കോടി വ്യൂവേഴ്‌സെന്ന നേട്ടം കൈവരിച്ചിരിക്കുകയാണ്. മാസ്റ്ററിന്റെ ഒഫീഷ്യല്‍ ട്വിറ്റര്‍ പേജിലൂടെയാണ് അണിയറപ്രവര്‍ത്തകര്‍ ഈ വിവരം പുറത്തുവിട്ടത്.

മാര്‍ച്ച് ഒമ്പതിന് യൂട്യൂബിലൂടെ റിലീസ് ചെയ്ത വീഡിയോ ഇതിനോടകം തന്നെ 13 ലക്ഷം ലൈക്കുകള്‍ നേടികഴിഞ്ഞു. മാസ്റ്റര്‍ ഒഫീഷ്യല്‍ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ടീസര്‍ ഒരു കോടിയിലധികം വ്യൂവേഴ്‌സിനെയും 20 ലക്ഷം ലൈക്കുകളും നേടി. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.

വിജയ് ജെ ഡി എന്ന കോളേജ് അദ്ധ്യാപകനായി എത്തുന്ന ചിത്രത്തില്‍ വിജയ് സേതുപതിയും ഒരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്‌. ലോകേഷ് ചിത്രമായ കൈതിയിലൂടെ ശ്രദ്ധേയനായ അര്‍ജുന്‍ ദാസും പ്രധാന വേഷത്തിലെത്തുന്നു. അങ്കമാലി ഡയറീസ് ഫെയിം ആന്റണി വര്‍ഗ്ഗീസ് ചെയ്യേണ്ടിയിരുന്ന വേഷം തിരക്കുകള്‍ മൂലം അര്‍ജുനിലേക്ക് എത്തിചേരുകയായിരുന്നു. മാളവിക മോഹന്‍ ചിത്രത്തില്‍ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

നേരത്തെ മാസ്റ്റര്‍ ഒടിടി റിലീസിനൊരുങ്ങുന്നുവെന്ന വാര്‍ത്ത പ്രചരിച്ചിരുന്നുവെങ്കിലും അണിയറപ്രവര്‍ത്തകര്‍ ഈ വാര്‍ത്ത നിഷേധിച്ചു. ഒടിടി റിലീസിനായി വന്‍ തുക ഓഫര്‍ ലഭിച്ചിട്ടുണ്ടെങ്കിലും തിയേറ്റര്‍ റിലീസായിരിക്കുമെന്ന് സംവിധായകന്‍ ആരാധകര്‍ക്ക് ഉറപ്പ് നല്‍കി. കമല്‍ ഹസ്സന്‍ നായകനാവുന്ന ‘വിക്ര’മാണ് ലോകേഷ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന ചിത്രം.

Latest News