നക്‌സല്‍ കാലഘട്ടത്തിന്റെ കഥയുമായി ’99 ക്രൈം ഡയറി’; കാടിന്റെ നിഗൂഢതകളുമായി ടീസര്‍ പുറത്ത്

പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ ജിബു ജേക്കബിന്റെ സംവിധാന സഹായിയായിരുന്ന സിന്റോ സണ്ണി സംവിധാനം ചെയ്യുന്ന’ 99 ക്രൈം ഡയറി ‘എന്ന ചിത്രത്തിന്റെ ടീസര്‍ റിലീസായി. 2015-ല്‍ പുറത്തുവന്ന ‘നൂല്‍പ്പാലം’ എന്ന ചിത്രത്തിനു ശേഷം സിന്റോ സണ്ണി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഇന്‍വെസ്റ്റിഗേഷന്‍ ക്രൈം ത്രില്ലര്‍ ചിത്രമാണ് ’99 ക്രൈം ഡയറി’. ശ്രീജിത്ത് രവി, വിപിന്‍ മംഗലശ്ശേരി, ഗായത്രി സുരേഷ്, ഫര്‍സാന തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

രാജമല എന്ന കുടിയേറ്റ പ്രദേശത്ത് 1999-ല്‍ നടന്ന നക്‌സല്‍ ആക്രമണവും തുടര്‍ന്നുണ്ടായ കൊലപാതങ്ങളുടെ പശ്ചാത്തലത്തിലേക്ക് വര്‍ഷങ്ങള്‍ക്കു ശേഷം അന്വേഷണത്തിനായെത്തുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ സംഭവ ബഹുലമായ മുഹൂര്‍ത്തങ്ങളാണ് ’99 ക്രൈം ഡയറി’യില്‍ ദൃശ്യവല്‍ക്കരിക്കുന്നത്. ജിബു ജേക്കബ് എന്റര്‍ടൈയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ നക്‌സല്‍ ലൂയിയായി ശ്രീജിത്ത് രവിയും പോലീസ് ഓഫീസര്‍ രവി പ്രസാദായി വിപിന്‍ മംഗലശ്ശേരിയും അഭിനയിക്കുന്നു. പൊലീസ് കമ്മീഷണറായി ഗായത്രിയും രേവതി എന്ന നായിക കഥാപാത്രത്തെ ഫര്‍സാനയും അവതരിപ്പിക്കുന്നു. പയസ്, പ്രമോദ് പടിയത്ത്, ദ്രുവ് നാരായണന്‍, ഷിബു ലാസര്‍, സുമ ദേവീ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പക, പ്രതികാരം എന്നിവ അടങ്ങുന്ന ഒരു അന്വേഷണചിത്രത്തിനപ്പുറം കാടിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന ഒരു യാത്രാചിത്രം കൂടിയായിരിക്കും ’99 ക്രൈം ഡയറി’യെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. പൊലീസ് അന്വേഷണം, നക്‌സല്‍ കാലഘട്ടം, കൊല്ലപ്പെടാനുള്ള അവസാന കണ്ണിയായ ചെറുപ്പക്കാരനും ഗ്രാമത്തിലെ പെണ്‍ക്കുട്ടിയുമായുള്ള പ്രണയം ഇവയൊക്കെയാണ് ചിത്രത്തിന്റെ പശ്ചാത്തലം. പൂര്‍ണ്ണമായും കൊവിഡ് കാലത്ത് ചിത്രീകരിച്ച സിനിമ സര്‍ക്കാര്‍ അനുവദിച്ച എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ചിത്രത്തിന്റെ ഛായാഗ്രഹണം മുജീബ് ജുജൂസ് നിര്‍വ്വഹിക്കുന്നു. സംഗീതം-അരുണ്‍ കുമാരന്‍,എഡിറ്റര്‍-വികാസ് അല്‍ഫോന്‍സ്,കല-രാഹുല്‍ ആന്റ് ഉല്ലാസ്,മേക്കപ്പ്-റഹീം കൊടുങ്ങല്ലൂര്‍,വസ്ത്രാലങ്കാരം-മൃദു മുരളി,സ്റ്റില്‍സ്-അമല്‍ സുരേഷ്,പരസ്യക്കല-റോസ് മേരി ലില്ലു,സഹ സംവിധാനം-ബിനു മാധവ്,ശരണ്‍ രാജ്,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഫിബിന്‍ അങ്കമാലി,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്

Latest News