സ്‌പെയിനില്‍ ആളൊഴിഞ്ഞ പ്രേതഗ്രാമങ്ങള്‍ വില്‍പനക്ക്; വില 96,000 ഡോളര്‍

പത്ത് സെന്റ് സ്ഥലം വില്‍പനക്ക് അഥവാ രണ്ട് നില വീടും സ്ഥലവും വില്‍പനയ്ക്ക് ഇതൊക്കെ നമ്മുക്ക് സുപരിചിതമായ പരസ്യ വാചകങ്ങളാണ്. എന്നാല്‍ സ്‌പെയിനിലെ ഉള്‍നാടന്‍ പ്രദേശങ്ങളില്‍ ചെന്നാല്‍ മറ്റൊരു വ്യത്യസതമായ കാഴച കാണാം. അതിമനോഹരമായ പുല്ലുനിറഞ്ഞ താഴ്‌വാരത്തിന് അഭിമുഖമായി കരിങ്കല്ലില്‍ തീര്‍ത്ത ആറു വീടുകള്‍, രണ്ടു പത്തായപ്പുരകള്‍ ചുറ്റുമുളള പുരയിടങ്ങള്‍ ഇത്രയും അടങ്ങുന്ന ചെറുഗ്രാമം വില്‍പനയ്ക്ക് വില വെറും 96,000 ഡോളര്‍.

കേള്‍ക്കുമ്പോള്‍ അദ്ഭുതം തോന്നുമെങ്കിലും ഇത്തരത്തില്‍ ആയിരക്കണക്കിന് ഗ്രാമങ്ങളാണ് സ്‌പെയിനില്‍ വില്‍പനയ്ക്ക് വച്ചിരിക്കുന്നത്. ഈ പ്രേതഗ്രാമങ്ങള്‍ സ്വന്തമാക്കാന്‍ ആരുവെരുമെന്ന് ചിന്തിക്കുന്നുണ്ടെങ്കില്‍ അത് തെറ്റാണ്. ഈ പ്രേതഗ്രാമങ്ങള്‍ സ്വന്തമാക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിനോദസഞ്ചാരികളും സാഹസപ്രിയരുമടക്കം നിരവധിപേരാണ് ഇവിടേയ്ക്ക് എത്തിക്കൊണ്ടിരിക്കുന്നത്.

ഗ്രാമങ്ങളിലെ പരിമിത ജീവിത രീതികളില്‍ നിന്നും ജോലി തേടി നഗരങ്ങളിലേക്കുളള കുടിയേറ്റം മൂലം ആയിരക്കണക്കിന് ഗ്രാമങ്ങളാണ് ജനവാസമില്ലാതെ ഒഴിഞ്ഞുകിടക്കുന്നത്. ഇത്തരം ഗ്രാമങ്ങള്‍ വിട്ടൊഴിഞ്ഞ് നഗരങ്ങളില്‍ ചേക്കേറിയവര്‍ ഒരുമിച്ചുകൂടി തങ്ങളുടെ വീടും പൂരയിടവും വില്‍ക്കാന്‍ തീരുമാനിച്ചതോടെ സര്‍ക്കാരിനും ഇതു തലവേദനയായിരിക്കുകയാണ്. തലമുറകളായി തങ്ങളുടെ പൂര്‍വപിതാക്കന്മാര്‍ താമസിച്ചിരുന്ന ചെറുഗ്രാമം വില്‍പനയ്ക്ക് വെയ്ക്കാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. ഒഴിഞ്ഞ വീടുകള്‍ ഉടമകള്‍ പരിപാലിക്കണമെന്ന് പ്രാദേശിക കൗണ്‍സില്‍ തീരുമാനമെടുത്തതോടെയാണ് കാടുപിടിച്ചു തുടങ്ങിയ ഗ്രാമം ഒന്നാകെ വിറ്റൊഴിയാന്‍ അവര്‍ നിര്‍ബന്ധിതരായത്. ഇപ്പോഴത്തെ വരുമാനം കൊണ്ട് വീടുകള്‍ പരിപാലിക്കാന്‍ കഴിയാത്തവര്‍ ബാധ്യത ഒഴിപ്പിക്കാനുളള ഓട്ടത്തിലാണ്. ഇത്തരത്തില്‍ കൂടുതല്‍ ഗ്രാമങ്ങള്‍ വരും വര്‍ഷങ്ങളില്‍ വില്‍പനയ്ക്കു വരുമെന്നാണ് വിലയിരുത്തല്‍.

കുറഞ്ഞ വിലയ്ക്കാണ് ഈ ഗ്രാമങ്ങള്‍ വില്‍പനയ്ക്ക് വെച്ചിരിക്കുന്നതെന്നാണ് വാങ്ങാനെത്തുന്നവരെ ആകര്‍ഷിക്കുന്ന ഒരു ഘടകം. സാഹസികത ഇഷ്ടപ്പെടുന്ന വിദേശികളാണ് കൂടുതലായും ചെറുഗ്രാമങ്ങള്‍ വാങ്ങാനെത്തുന്നതെന്ന് അടുത്തിടെ നാല്‍പതു ചെറുഗ്രാമങ്ങള്‍ വിറ്റഴിച്ച ഒരു ഏജന്‍സി വ്യക്തമാക്കി. ഇവിടങ്ങളില്‍ ലഭിക്കുന്ന അപൂര്‍വ ഭക്ഷ്യവസ്തുക്കളും അതിമനോഹരമായ കാലാവസ്ഥയും ചൂണ്ടിക്കാട്ടിയാണ് വില്‍പനയ്ക്കുളള പരസ്യം നല്‍കുന്നത്.

യൂറോപ്പിലാകെ പടരുന്ന നഗരവല്‍ക്കരണമാണ് ഗ്രാമങ്ങളെ പ്രേതപ്പറമ്പുകളാക്കുന്നത്. സ്‌പെയിനിലെ പകുതിയോളം മുന്‍സിപ്പാലിറ്റികളില്‍ ആയിരത്തില്‍ താഴെ ആളുകാളാണ് കഴിയുന്നത്. സ്‌പെയിനിലെ പകുതിയോളം ഭൂപ്രദേശത്തും ഒരു ചതുരശ്ര കിലോമീറ്ററില്‍ 12.5ല്‍ താഴെയാണ് ജനസാന്ദ്രത. പടിഞ്ഞാറന്‍ യൂറോപ്പിലെ ഏറ്റവും കുറഞ്ഞ ജനസാന്ദ്രതയാണിത്. യൂറോപ്യന്‍ യൂണിയനില്‍ മാള്‍ട്ടയ്ക്കു ശേഷം ജനനനിരക്ക് ഏറ്റവും കുറഞ്ഞ രാജ്യമാണ് സ്‌പെയിന്‍.

മഡ്രിഡില്‍നിന്നുള്ള ഫാഷന്‍ ഫോട്ടോഗ്രഫറായ അല്‍ബെട്രോ ഹിഡാല്‍ഗോ 35 ഹെക്ടറുള്ള ഒരു ചെറു ഗ്രാമം സ്വന്തമാക്കിയത് 120,000 യൂറോയ്ക്കാണ്. 118 വര്‍ഷമായി ഇവിടെ താമസിച്ചിരുന്ന കുടുംബങ്ങളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആല്‍ബെട്രോ. 2050ഓടെ സ്‌പെയിനിലെ 70 ശതമാനം ആളുകളും വമ്പന്‍ നഗരങ്ങളിലാവും താമസിക്കുകയെന്നാണ് വിദഗ്ധപഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഇതോടെ നഗരങ്ങളിലെ ആവാസവ്യവസ്ഥിതിയും താളംതെറ്റും. ഗ്രാമങ്ങളില്‍ ഇന്റര്‍നെറ്റ് സൗകര്യം വര്‍ധിപ്പിച്ച് വീട്ടിലിരുന്നു ജോലി ചെയ്യാന്‍ സാഹചര്യമൊരുക്കുന്നതുള്‍പ്പെടെ വിവിധ പദ്ധതികളാണ് ഈ വെല്ലുവിളി തരണം ചെയ്യാനായി സര്‍ക്കാര്‍ നടപ്പാക്കുന്നത്. ഗ്രാമീണ മേഖലകളിലേക്കു മാറുന്നവര്‍ക്കു കൂടുതല്‍ ഇന്‍സന്റീവ് നല്‍കുന്നതിനെക്കുറിച്ചും ആലോചനയുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top