മോഹന്‍ലാലും വിനയനും ഒന്നിക്കുന്നു; ഒരുങ്ങുന്നത് വലിയ ക്യാന്‍വാസില്‍ വമ്പന്‍ ചിത്രമെന്ന് സംവിധായകന്‍


ഇതുവരെ ഉണ്ടാകാത്ത ഒരു കൂട്ടുകെട്ട് മലയാളത്തില്‍ ഒരുങ്ങുകയാണ്. മോഹന്‍ലാല്‍-വിനയന്‍ ചിത്രത്തിനാണ് കളമൊരുങ്ങുന്നത്. സംവിധായകന്‍ വിനയന്‍ തന്നെയാണ് ഇക്കാര്യം വെളിയില്‍ വിട്ടത്. മോഹന്‍ലാലുമായി സംസാരിച്ചു എന്നും അദ്ദേഹം പറഞ്ഞു.

കഥയേക്കുറിച്ചുള്ള അവസാന തീരുമാനം ആയിട്ടില്ല. ഇപ്പോള്‍ ഷൂട്ട് തുടങ്ങുന്ന ചിത്രത്തിന് ശേഷമാകും മോഹന്‍ലാലുമൊത്തുള്ള ചിത്രം സംഭവിക്കുക. വലിയ ക്യാന്‍വാസിലൊരുങ്ങുന്ന ചിത്രമായിരിക്കും അതെന്നും വിനയന്‍ പറയുന്നു.

ഇന്നു രാവിലെ ശ്രീ മോഹന്‍ലാലുമായി കുറേ നേരം സംസാരിച്ചിരുന്നു. വളരെ പോസിറ്റീവായ ഒരു ചര്‍ച്ചയായിരുന്നു അത്. ശ്രീ മോഹന്‍ലാലും ഞാനും ചേര്‍ന്ന ഒരു സിനിമ ഉണ്ടാകാന്‍ പോകുന്നു എന്ന സന്തോഷകരമായ വാര്‍ത്ത സഹൃദയരായ എല്ലാ സിനിമാ സ്‌നേഹികളെയും എന്റെ പ്രിയ സുഹൃത്തുക്കളെയും. സ്‌നേഹപൂര്‍വ്വം അറിയിച്ചു കൊള്ളട്ടെ. കഥയേപ്പറ്റിയുള്ള അവസാന തീരുമാനം ആയിട്ടില്ല. ഏതായാലും മാര്‍ച്ച് അവസാനവാരം ഷൂട്ടിംഗ് തുടങ്ങുന്ന എന്റെ പുതിയ ചിത്രത്തിനു ശേഷം ഈ ചിത്രത്തിന്‍െ പേപ്പര്‍ ജോലികള്‍ ആരംഭിക്കും. വലിയ ക്യാന്‍വാസില്‍ കഥ പറയുന്ന ബൃഹുത്തായ ഒരു ചിത്രമായിരിക്കും അത്. ഏവരുടേയും സ്‌നേഹവും സഹകരണവും പ്രതീക്ഷിക്കുന്നു. ഇങ്ങനെയാണ് വിനയന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്‌

ഹിറ്റായ ചാലക്കുടിക്കാരന്‍ ചങ്ങാതിക്ക് ശേഷമാണ് വിനയന്‍ പുതിയ ചിത്രത്തിന്റെ പണിപ്പുരയിലേക്ക് കടന്നത്. സിനിമാ സംഘടനകളുടെ പലവിധത്തിലുള്ള വിലക്കുകള്‍ മറികടന്ന് നിരവധി ഹിറ്റ് ചിത്രങ്ങള്‍ അദ്ദേഹം ഒരുക്കി. ചില ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടില്ല എങ്കിലും വീണ്ടും മുഖ്യധാരയിലേക്കുള്ള വിനയന്റെ ശക്തമായ കടന്നുവരവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

DONT MISS
Top