പത്മനാഭസ്വാമി ക്ഷേത്രഭരണം: തിരുവിതാംകൂര്‍ രാജ കുടുംബത്തില്‍ ഭിന്നത? വിരമിച്ച ഹൈകോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ ഭരണ സമിതി രൂപികരിക്കണം എന്ന് ക്ഷേത്രം ട്രസ്റ്റി രാമ വര്‍മ്മ | REPORTER EXCLUSIVE

ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രം കേസില്‍ വാദം കേള്‍ക്കുന്ന സുപ്രിംകോടതി ബെഞ്ചിന് മുമ്പാകെ ക്ഷേത്രം ട്രസ്റ്റീ രാമവര്‍മ്മ പുതിയ ഭരണസമിതി സംബന്ധിച്ച നിര്‍ദേശം കൈമാറി. അഞ്ച് അംഗ ഭരണസമിതി എന്ന നിര്‍ദേശമാണ് രാമ വര്‍മ്മ മുന്നോട്ട് വച്ചത്. കേരളാ ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജി ആകണം ഭരണസമിതിയുടെ അധ്യക്ഷന്‍. അധ്യക്ഷനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന് നോമിനേറ്റ് ചെയ്യാം.

ക്ഷേത്രം ട്രസ്റ്റി രാമവര്‍മ്മക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ കൃഷ്ണന്‍ കോടതിക്ക് കൈമാറിയ ശുപാര്‍ശയിലെ മറ്റ് നാല് അംഗങ്ങളെ നോമിനേറ്റ് ചെയ്യാന്‍ ഉള്ള അവകാശം ഇങ്ങനെയാണ്. ഒരു അംഗത്തിനെ ക്ഷേത്രം ട്രസ്റ്റിക്ക് നോമിനേറ്റ് ചെയ്യാം. കേരള സര്‍ക്കാരിനും കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിനും ഓരോ അംഗങ്ങളെ വീതം നോമിനേറ്റ് ചെയ്യാം. അഞ്ചാമത്തെ അംഗം ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ മുഖ്യ തന്ത്രി ആയിരിക്കണം. അഞ്ച് അംഗങ്ങളും ഹിന്ദു മത വിശ്വാസി ആയിരിക്കണം എന്നും ട്രസ്റ്റി സുപ്രിംകോടതിക്ക് കൈമാറിയ ശുപാര്‍ശയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ദൈനംദിന ഭരണം സംബന്ധിച്ച കാര്യങ്ങളില്‍ ഭരണസമിതി തീരുമാനം എടുക്കും. ക്ഷേത്രത്തിലെ നവീകരണം, തീര്‍ത്ഥാടകര്‍ക്ക് സൗകര്യം ഒരുക്കല്‍ എന്നിവ സംബന്ധിച്ച വിഷയങ്ങളിലും തീരുമാനം എടുക്കാന്‍ ഉള്ള അധികാരം ഭരണസമിതിക്ക് ആകും. എന്നാല്‍ വിശ്വാസം, ആചാരം എന്നിവ സംബന്ധിച്ച കാര്യങ്ങള്‍ ഭരണസമിതി തന്ത്രിക്ക് വിടണം എന്നും ശുപാര്‍ശയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ശുപാര്‍ശ സത്യവാങ് മൂലമായോ ഫയല്‍ ചെയ്യാന്‍ ജസ്റ്റിസ് മാരായ യു യു ലളിത്, ഇന്ദു മല്‍ഹോത്ര എന്നിവര്‍ അടങ്ങിയ സുപ്രീം കോടതി ബെഞ്ച് ക്ഷേത്രം ആവശ്യപ്പെട്ടു.

രാമ വര്‍മ്മ അഭിഭാഷകന്‍ മുഖേനെ സുപ്രിംകോടതിക്ക് കൈമാറിയ ശുപാര്‍ശയോട് തിരുവിതാംകൂര്‍ രാജ കുടുംബത്തിലെ അശ്വതി തിരുന്നാള്‍ ഗൗരി ലക്ഷ്മി ഭായ് ഉള്‍പ്പടെ ഉള്ള മറ്റ് അംഗങ്ങളുടെ നിലപാട് വ്യക്തമല്ല.

ഹൈക്കോടതി വിധിക്ക് എതിരായ ഹര്‍ജികളില്‍ സംസ്ഥാന സര്‍ക്കാരിന്റെ വാദം സുപ്രിംകോടതിയില്‍ ആരംഭിച്ചു. ഹൈക്കോടതി വിധി റദ്ദാക്കിയാലും ക്ഷേത്ര ഭരണം തിരുവിതാംകൂര്‍ രാജ കുടുംബത്തിന് മാത്രമായി കൈമാറരുത് എന്ന് സര്‍ക്കാരിന് വേണ്ടിഹാജര്‍ ആയ സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത വാദിച്ചു. രാജകുടുംബം ക്ഷേത്ര ഭരണത്തില്‍ വരുത്തിയ കെടുകാര്യസ്ഥതയെ സംബന്ധിച്ച് വിശദീകരിക്കാം എന്നും ഗുപ്ത കോടതിയെ അറിയിച്ചു. ഹര്‍ജിയില്‍ നാളെയും സംസ്ഥാന സര്‍ക്കാര്‍ വാദം തുടരും.

DONT MISS
Top