‘അരേരേ പിള്ളേ’ പൊളിച്ചെന്ന് തെലുങ്ക് പ്രേക്ഷകര്‍; ഒരു അഡാര്‍ ലൗവിന്റെ തെലുങ്ക് പതിപ്പ് ഗാനം പുറത്തിറങ്ങി

സോഷ്യല്‍ മീഡിയകളില്‍ തരംഗമായിരുന്നു ഒമര്‍ ലുലു ചിത്രം ‘ഒരു അഡാര്‍ ലൗ’ ന്റെ ഗാനങ്ങള്‍. ഇപ്പോഴിതാ ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് ലവ്വേഴ്‌സ് ഡേയിലെ പുതിയ ഗാനം പുറത്തിറങ്ങിയിരിക്കുകയാണ്. അരേരേ പിള്ളേ എന്നു തുടങ്ങുന്ന ഗാനത്തിന് മികച്ച സ്വീകരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഗാനം പൊളിച്ചുവെന്നാണ് ആരാധകര്‍ പറയുന്നത്. ഷാന്‍ റഹ്മാന്‍ സംഗീതം നിര്‍വഹിച്ചിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ദിനകരനും ഹരിണിയും ചേര്‍ന്നാണ്.

ഒരു ആഘോഷ രാവാണ് ഗാനത്തിന്റെ പശ്ചാത്തലം. പ്രിയ വാര്യര്‍, റോഷന്‍ എന്നിവര്‍ക്കൊപ്പം നൂറിന്‍ ഷെറീഫും ഗാനരംഗത്തിലുണ്ട്. പ്രിയയുടെയും റോഷന്റെയും കണ്ണിറുക്കല്‍ ഈ ഗാനത്തിലുമുണ്ട്. മലയാളത്തില്‍ കിട്ടാത്തതിനേക്കാള്‍ മികച്ച പ്രതികരണമാണ് ചിത്രത്തിന്റെ അന്യഭാഷ പതിപ്പ് ഗാനങ്ങള്‍ക്ക് അവിടെ ലഭിക്കുന്നത്.

ഫെബ്രുവരി പതിനാലിനാണ് ചിത്രം പുറത്തിറങ്ങുന്നത്. 1200 തിയേറ്ററുകളില്‍ ഇന്ത്യന്‍ റിലീസുണ്ടാകുമ്പോള്‍ ലോകത്താകമാനമായി 2000 തിയേറ്ററുകളില്‍ ചിത്രമെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. ബുക്ക് മൈ ഷോയില്‍ തെലുങ്ക് പതിപ്പിന്റെ ബുക്കിംഗ് ആരംഭിച്ചപ്പോഴേക്കും ലഭിച്ച 12000 റിയാക്ഷനുകള്‍  പ്രതീക്ഷയുടെ തെളിവാണെന്നുപറയാം.

ആറ് കോടി രൂപയാണ് ചിത്രത്തിന്റെ മൊത്തം ബജറ്റ്. എല്ലാവിധ പബ്ലിസിറ്റിയും ഉള്‍പ്പെടെയാണിത്. ഈ ചെറിയ ബജറ്റില്‍നിന്ന് ഇത്രയും പ്രശസ്തി റിലീസിനുമുമ്പേ ലഭിച്ച മറ്റൊരുചിത്രം അടുത്തകാലത്തുണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ പോസിറ്റീവ് റീവ്യൂ വന്നുകഴിഞ്ഞാല്‍ മലയാള സിനിമാ മേഖല കണ്ട ഏറ്റവും വലിയ ലാഭക്കണക്കുകള്‍ ഈ ചിത്രത്തിന്റേതാകാന്‍ സാധ്യതയുണ്ട്. എല്ലാ ഭാഷകളിലും നിലവില്‍ സാറ്റലൈറ്റുകള്‍ വിറ്റുപോയിട്ടുണ്ട്.

DONT MISS
Top