മുസാഫര്‍പൂര്‍ അഭയകേന്ദ്രം കേസ്: നാഗേശ്വര്‍ റാവുവിന് കോടതിയലക്ഷ്യത്തിന് ശിക്ഷ

ദില്ലി: കോടതി ഉത്തരവ് മറികടന്ന് മുസാഫര്‍പൂര്‍ അഭയ കേന്ദ്ര പീഡന കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയ സിബിഐ മുന്‍ താത്കാലിക ഡയറക്ടര്‍ നാഗേശ്വര്‍ റാവുവിനെ സുപ്രിംകോടതി കോടതിയലക്ഷ്യത്തിന് ശിക്ഷിച്ചു. കോടതി പിരിയുന്നത് വരെ കോടതിയില്‍ തുടരാനും ഒരു ലക്ഷം പിഴ അടയ്ക്കാനുമാണ് ശിക്ഷ. നാഗേശ്വര്‍ റാവു നല്‍കിയ മാപ്പ് അപേക്ഷ സുപ്രിംകോടതി തള്ളി. നാഗേശ്വര്‍ റാവു വിന് പുറമെ സിബിഐ പ്രോസിക്യൂഷന്‍ ഡയറക്റ്റര്‍ എസ് വാസു റാമിനെയും കോടതിയലക്ഷ്യത്തിന് ശിക്ഷിച്ചു.

മുസാഫര്‍പൂര്‍ അഭയ കേന്ദ്ര പീഡന കേസ് അന്വേഷിച്ചിരുന്ന എ കെ ശര്‍മയെ സ്ഥലം മാറ്റിയതിന് സുപ്രിംകോടതി സിബിഐ മുന്‍ താത്കാലിക ഡയറക്ടര്‍ നാഗേശ്വര്‍ റാവു, പ്രോസിക്യൂഷന്‍ ഡയറക്റ്റര്‍ എസ് വാസു റാം എന്നിവര്‍ക്ക് കോടതിയലക്ഷ്യ നോട്ടീസ് അയച്ചിരുന്നു. ഇരുവരും നിരുപാധികം മാപ്പ് പറഞ്ഞ് ഇന്നലെ കോടതിയില്‍ വിശദീകരണം നല്‍കിയിരുന്നു. റാവു മനപൂര്‍വ്വം കോടതിയലക്ഷ്യം ചെയ്തിട്ടില്ല എന്ന് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ കോടതിയില്‍ ഇന്ന് ചൂണ്ടിക്കാട്ടി. തെറ്റാണ് ചെയ്തത്. എന്നാല്‍ അനുകമ്പയുള്ള നിലപാട് സുപ്രിം കോടതി സ്വീകരിക്കണം എന്ന് അറ്റോര്‍ണി ജനറല്‍ ആവശ്യപ്പെട്ടു. ശര്‍മ്മയുടെ സ്ഥലം മാറ്റ ഉത്തരവ് കോടതിയെ യഥാ സമയം അറിയിക്കുന്നതില്‍ വീഴ്ച വരുത്തിയത് സെന്‍ട്രല്‍ ഏജന്‍സിയിലെ ജൂനിയര്‍ ഉദ്യോഗസ്ഥര്‍ ആണെന്നും അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു. എന്നാല്‍ ഈ വിശദീകരണങ്ങള്‍ ഒന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിനെ തൃപ്തിപ്പെടുത്തിയില്ല.

also read: സിബിഐ ഇടക്കാല ഡയറക്ടര്‍ നിയമനം; സെലക്ഷന്‍ കമ്മിറ്റിയുടെ അഭിപ്രായം തേടിയിരുന്നുവെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയില്‍

നാഗേശ്വര്‍ റാവു കോടതിയലക്ഷ്യം നടത്തിയതായി അദ്ദേഹത്തിന്റെ സത്യവാങ് മൂലത്തില്‍ നിന്ന് തന്നെ വ്യക്തമാണെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥന്‍ ശര്‍മ്മയെ സ്ഥലം മാറ്റിയ കാര്യം എന്ത് കൊണ്ട് സുപ്രിംകോടതിയെ രണ്ട് ആഴ്ച അറിയിച്ചില്ല എന്ന് കോടതി ആരാഞ്ഞു. സ്ഥലമാറ്റം ഉത്തരവ് രണ്ട് ദിവസം വൈകിച്ചിരുന്നു എങ്കില്‍ ആകാശം ഇടിഞ്ഞു വീഴുമായിരുന്നോ എന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. കഴിഞ്ഞ 20 വര്‍ഷത്തെ ന്യായാധിപ ജീവിതത്തില്‍ ഒരിക്കല്‍ പോലും ആരെയും കോടതിയലക്ഷ്യത്തിന് ശിക്ഷിച്ചിട്ടില്ല എന്ന് വ്യക്തമാക്കി ആണ് ചീഫ് ജസ്റ്റിസ് സിബിഐ മുന്‍ താത്കാലിക ഡയറക്ടെര്‍ നാഗേശ്വര്‍ റാവു, പ്രോസിക്യുഷന്‍ ഡയറക്റ്റര്‍ എസ് വാസു റാം എന്നിവര്‍ക്ക് ശിക്ഷ വിധിച്ചത്. ഒരു ലക്ഷം രൂപ പിഴ ഒരു ആഴ്ചക്കുള്ളില്‍ അടച്ചാല്‍ മതി എന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. സമീപ കാല ചരിത്രത്തില്‍ ഇത് ആദ്യമായാണ് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ സുപ്രിംകോടതി കോടതിയലക്ഷ്യത്തിന് ശിക്ഷിക്കുന്നത്.

DONT MISS
Top