ഷുക്കൂര്‍ വധക്കേസില്‍ പ്രതിപക്ഷ ബഹളം; സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു

ഫയല്‍ ചിത്രം

തിരുവനന്തപുരം: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പ്രതിപക്ഷ ബഹളം. സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനും എംഎല്‍എ ടിവി രാജേഷിനും എതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത് അടിയന്തരമായി ചര്‍ച്ച ചെയ്യണം എന്നാവശ്യപ്പെട്ട് പ്രതിപതക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. എന്നാല്‍ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നല്‍കിയില്ല. കോടിതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ അടിയന്തപ്രമേയം അനുവദിക്കാന്‍ സാധിക്കില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി. സ്പീക്കറുടെ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വെച്ചു.

എന്നാല്‍ മുന്‍പ് എല്‍ഡിഎഫ് പ്രതിപക്ഷത്തായിരുന്നപ്പോള്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട കേസുകളില്‍ അടിയന്തരപ്രമേയത്തിന് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനാല്‍ ഈ വിഷയവും സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണം എന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ വിഷയം പരിഗണിക്കാന്‍ സാധിക്കില്ലെന്ന ഉറച്ച നിലപാടിലായിരുന്നു സ്പീക്കര്‍.

സ്പീക്കറുടെ ചേമ്പറിനു മുന്നിലും പ്രതിപക്ഷം പ്രതിഷേധിച്ചു. കൊലക്കുറ്റം ചുമത്തപ്പെട്ട ഒരു എംഎല്‍എ സഭയിലുണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. എന്നാല്‍ പ്രതിപക്ഷത്തിന്റെ ആവശ്യത്തെ തള്ളി ധനവിനിയോഗ ബില്ലും സഹകരബില്ലും പാസാക്കി അനിശ്ചിത കാലത്തേക്ക് നിയമസഭ പിരിയുകയായിരുന്നു.

DONT MISS
Top