ഒരു ഭഗവത്ഗീതയും കുറേ മുലകളും ഇന്നാണ് എഴുതിയിരുന്നതെങ്കില്‍ ബഷീറിന് പൊലീസ് സെക്യൂരിറ്റിയില്‍ ജീവിക്കേണ്ടി വന്നേനെ, നാടിനെ ഇരുണ്ട കാലത്തേക്ക് തള്ളിവിടാന്‍ ശ്രമിക്കുമ്പോള്‍ അതിനെ ചെറുത്തു തോല്‍പ്പിക്കണം: മുഖ്യമന്ത്രി പിണറായി വിജയന്‍

കൊച്ചി: നാടിനെ ഇരുണ്ട കാലത്തിലേക്ക് തള്ളി വിടാന്‍ ശ്രമിക്കുമ്പോള്‍ അതിനെ ചെറുത്തുതോല്‍പ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭഗവത് ഗീതയും കുറേ മുലകളും ഇന്നാണ് എഴുതിയിരുന്നതെങ്കില്‍ വൈക്കം മുഹമ്മദ് ബഷീറിന് പൊലീസ് സെക്യൂരിറ്റിയോടെ ജീവിക്കേണ്ടി വരുമായിരുന്നുവെന്നും കൊച്ചിയില്‍ നടക്കുന്ന കൃതി പുസ്തകോത്സവത്തില്‍ അദ്ദേഹം പറഞ്ഞു.

പണ്ടത്തെ എഴുത്തുകാരുടെ എഴുത്തുകള്‍ ഏറെയും സാമൂഹികപരമായി അടുത്തു നില്‍ക്കുന്നവയായിരുന്നു. അവരുടെ ശബ്ദം എഴുത്തുകളിലൂടെ മുഴങ്ങിക്കേള്‍ക്കുമായിരുന്നു. നവോത്ഥാന കാലത്തെ എഴുത്തുകാരില്‍ നിന്ന് പുതിയ സമൂഹം ഊര്‍ജം പകരണമെന്നും പിണറായി പറഞ്ഞു. പുതിയ എഴുത്തുകാര്‍ ശബ്ദിക്കാത്തതു കൊണ്ടല്ല. വര്‍ഗീയതയ്ക്ക് എണ്ണ പകരുന്ന സമൂഹത്തില്‍ നിന്ന് ശബ്ദം ഉയര്‍ത്തിയ പല എഴുത്തുകാര്‍ക്കും പൊലീസ് സംരക്ഷണയോടെ കഴിയേണ്ടി വരുന്ന കാലമാണിത്. അത് മാറണം ഇരുണ്ട കാലത്തിലേക്ക് തള്ളി വിടാനുള്ള എല്ലാ ശ്രമങ്ങളെയും ചെറുത്തു തോല്‍പ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അത്തരത്തിലുള്ള പ്രതിരോധങ്ങളുടെ തുടക്കമാണ് വനിതാ മതിലിലൂടെ കണ്ടത്. വന്‍ ജനപിന്തുണയാണ് വനിതാ മതിലിന് ലഭിച്ചത്. എങ്കിലും അവിടെയും പല എതിര്‍ ശബ്ദങ്ങള്‍ ഉയര്‍ന്നു കേട്ടിരുന്നു. എതിര്‍ ശബ്ദങ്ങളെ ചരിത്രം രേഖപ്പെടുത്തില്ലെന്നും പുരോഗമനപരമായി ചിന്തിക്കേണ്ട തലമുറയാണ് വളര്‍ന്നു വരേണ്ടതെന്നും പിണറായി പറഞ്ഞു.

DONT MISS
Top