‘ആദ്യം ജനങ്ങള്‍, എന്നിട്ടുമതി പശുക്കളുടെ കാര്യം’; മധ്യപ്രദേശ് സര്‍ക്കാരിനെ വിമര്‍ശിച്ച് സച്ചിന്‍ പൈലറ്റ്

ജയ്പൂര്‍: മധ്യപ്രദേശ് സര്‍ക്കാരിന്റെ ഗോസംരക്ഷക പ്രീണന നയത്തെ വിമര്‍ശിച്ച് രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്. പശുക്കള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്നതിനെക്കാള്‍ മറ്റ് പല കാര്യങ്ങളും മധ്യപ്രദേശില്‍ ചെയ്ത് തീര്‍ക്കാനുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞത്. പശുവിനെ കശാപ്പ് ചെയ്തതിന്റെ പേരില്‍ ദേശ സുരക്ഷാ നിയമം ചുമത്തി യുവാക്കളെ അറസ്റ്റ് ചെയ്തതിനെയും അദ്ദേഹം വിമര്‍ശിച്ചു.

സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്കെതിരെയും മനുഷ്യത്വമില്ലാത്ത കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരെയും ശക്തമായ നടപടി എടുക്കണം എന്നതാണ് എന്റെ അഭിപ്രായം. മൃഗങ്ങളെ സംരക്ഷിക്കുന്നത് നല്ല കാര്യം തന്നെയാണ്. അത് പരിശുദ്ധമായ കാര്യം തന്നെയാണ്. എന്നാല്‍ ആദ്യം മനുഷ്യരുടെ കാര്യങ്ങളാണ് പരിഗണിക്കേണ്ടത്. എന്നിട്ട് മതി മൃഗങ്ങളുടെ കാര്യം. ഇതാണ് രാജസ്ഥാന്‍ സര്‍ക്കാരിന്റെ നടപടി. എന്നാല്‍ മധ്യപ്രദേശില്‍ തീരുമാനമെടുക്കേണ്ടത് കമല്‍ നാഥാണെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു.

also read: പശുവിനെ കശാപ്പ് ചെയ്തു; മധ്യപ്രദേശില്‍ മൂന്നുപേര്‍ക്കെതിരെ ദേശസുരക്ഷാ നിയമം ചുമത്തി; ഗോസംരക്ഷക പ്രീണന നയവുമായി കോണ്‍ഗ്രസും

പശുവിനെ കശാപ്പ് ചെയ്ത മൂന്നുപേര്‍ക്കെതിരെയാണ് മധ്യപ്രദേശില്‍ ദേശസുരക്ഷാ നിയമം ചുമത്തി കേസെടുത്തത്. മധ്യപ്രദേശിലെ ഖ്വാണ്ഡയിലാണ് സംഭവം. പശുവിനെ കശാപ്പ് ചെയ്ത സംഭവത്തില്‍ നദീം, ഷക്കീല്‍, അസം എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സാമുദായിക സംഘര്‍ഷം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് പ്രതികള്‍ക്കെതിരെ ദേശസുരക്ഷ നിയമം ചുമത്തി കേസെടുത്തത്.

DONT MISS
Top