‘ മഞ്ജു വാര്യരോട് ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ല വീട് ഉണ്ടാക്കി തരണമെന്ന്, പദ്ധതിയുമായി ഇങ്ങോട്ട് വന്നതാണ്, എന്നിട്ട് പറ്റിച്ചു’; പ്രതിഷേധവുമായി വയനാട്ടിലെ ആദിവാസികള്‍

വയനാട്: നടി മഞ്ജു വാര്യര്‍ വീട് നിര്‍മ്മിച്ച് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് വഞ്ചിച്ചുവെന്ന പരാതിയുമായി വയനാട് പരിക്കുനിയിലെ ആദിവാസി വിഭാഗങ്ങള്‍. മഞ്ജു സഹായ ഹസ്തം വച്ചു നീട്ടിയതിനാല്‍ സര്‍ക്കാര്‍ പദ്ധതികളില്‍ നിന്നും തങ്ങള്‍ പുറത്തായി എന്നും മഞ്ജു വാക്ക് പാലിക്കണമെന്നും ആദിവാസി കുടുംബങ്ങള്‍ ആവശ്യപ്പെട്ടു. വാഗ്ദാനം നല്‍കി വഞ്ചിച്ചതിന് ഫെബ്രുവരി പതിമൂന്നിന് മഞ്ജുവിന്റെ വീടിനു മുന്നില്‍ കുടില്‍കെട്ടി സത്യാഗ്രഹം ഇരിക്കാനാണ് ആദിവാസി കുടുംബങ്ങളുടെ തീരുമാനം.

2017 ജനുവരി ഇതുപതിനാണ് പരിക്കുനിയിലെ ആദിവാസി വിഭാഗങ്ങള്‍ക്ക് മഞ്ജു വാര്യര്‍ ഫൗണ്ടേഷന്റെ പേരില്‍ ഒരു കോടി എണ്‍പത് ലക്ഷം രൂപ ചെലവാക്കി വീടും അടിസ്ഥാന സൈകര്യങ്ങളും പണിത് കൊടുക്കാമെന്ന് രേഖാമൂലം ഉറപ്പ് നല്‍കിയത്. ഇതേത്തുടര്‍ന്ന് വയനാട് ജില്ലാ കളക്ടറും പട്ടികജാതി പട്ടിക വര്‍ഗ്ഗ വകുപ്പ് മന്ത്രിയും പനമരം പഞ്ചായത്തും നിര്‍മാണത്തിനുള്ള അനുമതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ നാളിതുവരെ ആയിട്ടും പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പോലും നടക്കാത്ത സാഹചര്യത്തിലാണ് ആദിവാസി കുടുംബങ്ങള്‍ പ്രതിഷേധത്തിന് ഒരുങ്ങുന്നത്.

രാഷ്ട്രീയത്തിലേക്കില്ല; വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് മഞ്ജുവാര്യര്‍
‘ഞങ്ങള്‍ വീട് വെക്കാന്‍ അപേക്ഷ കൊടുത്തപ്പോ പറഞ്ഞു,നിങ്ങള്‍ക്ക് മഞ്ജു വാര്യരുടെ വീട് വന്നിട്ടുണ്ടല്ലോ പിന്നെന്തിനു അപേക്ഷയെന്ന്. ഞങ്ങള്‍ക്ക് വിദ്യാഭ്യാസമൊന്നുമില്ലല്ലോ. മഞ്ജു വാര്യരുടെ വീടിനു എവിടേക്കാണെന്ന് വെച്ച ഞങ്ങള്‍ പോവാ? പിന്നെ ഞങ്ങളുടെ മെമ്പറോട് ചോദിച്ചപ്പോളാണ് ഇങ്ങനൊരു പദ്ധതിയുണ്ട്, അന്വേഷിക്കാം, അവര്‍ ഉറപ്പ് തന്നതാണല്ലോ എന്ന പറയുന്നത്. ഞങ്ങളെ പറ്റിക്കരുത്. മഞ്ജു വാര്യരോട് ഞങ്ങള്‍ പോയി ആവശ്യപ്പെട്ടിട്ടില്ല വീട് ഉണ്ടാക്കി തരണമെന്ന്. അവര്‍ പദ്ധതിയുമായി ഇങ്ങോട്ട് വന്നതാണ്. ആളുകളെ വിട്ട് കാര്യങ്ങള്‍ ഒക്കെ അന്വേഷിച്ചാണ് ഇത്രയും കോളനി ഏറ്റെടുക്കാമെന്ന് എഗ്രിമെന്റ് വെച്ചത്. ഞങ്ങള്‍ അറിയാതെ ഞങ്ങളുടെ കോളനിയുടെ മേലെ അവര്‍ എങ്ങനെ എഗ്രിമെന്റ് വെച്ച്? ആ ചോദ്യത്തിന് അവര്‍ ഉത്തരം തരണം. ഇനി ഞങ്ങള്‍ സമരം ചെയ്യും. ആ പദ്ധതി ഞങ്ങള്‍ക്ക് കിട്ടിയിരിക്കണം. അതിനു വേണ്ടി എവിടെ പോകാനും ഞങ്ങള്‍ തയ്യാറാണ്’. കോളനി നിവാസി ഇന്ദിര പറയുന്നു.

പരക്കുനി ആദിവാസി വിഭാഗത്തില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന പണിയ വിഭാഗത്തില്‍ പെട്ടവരാണിവര്‍. ഈ പദ്ധതിയില്‍ ഉള്‍പ്പെട്ടതിനാല്‍ ട്രൈബല്‍ കോളനി ഭവന നിര്‍മ്മാണ ഫണ്ട്, ലൈഫ് ഭവന നിര്‍മ്മാണ ഫണ്ട്, വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ട് തുടങ്ങിയവ നിഷേധിക്കപ്പെട്ടതായും ഇവര്‍ വ്യക്തമാക്കുന്നു.  വാഗ്ദാന ലംഘനത്തിനെതിരെ പരസ്യ പ്രതിഷേധത്തിന് കാരണം  ആദിവാസി വിഭാഗങ്ങളുടെ നരകതുല്യമായ ജീവിതമാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍, വാര്‍ഡ് മെമ്പര്‍ എംഎം ചാക്കോ തുടങ്ങിയവരും അറിയിച്ചു. 57 കുടുംബങ്ങളാണ് കോളനിയിലുള്ളത്.

DONT MISS
Top