ചട്ടവിരുദ്ധ നിയമനം: കിര്‍ത്താഡ്‌സില്‍ നിയമവിരുദ്ധമായി നാലുപേരെ നിയമിച്ചതിനു പിന്നില്‍ മന്ത്രി എകെ ബാലന്റെ ഇടപെടലെന്ന് ഫിറോസ്

മന്ത്രി എകെ ബാലന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി മണിഭൂഷണ്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് കിര്‍ത്താഡ്‌സില്‍ ചട്ടവിരുദ്ധമായി നിയമനം നല്‍കിയെന്ന് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. ചട്ടം 39 പ്രകാരം നിയമനം ലഭിച്ചവര്‍ക്ക് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത പോലുമില്ല. ഇതിന് പിന്നില്‍ മന്ത്രി എകെ ബാലന്‍ ഇടപെട്ടുവെന്നും പികെ ഫീറോസ് കോഴിക്കോട്ട് ആരോപിച്ചു.

പട്ടികജാതിവര്‍ഗ വകുപ്പിന് കീഴിലുള്ള കിര്‍ത്താഡ്‌സില്‍ മന്ത്രി എകെ ബാലന്റെ അസി പ്രൈവറ്റ് സെക്രട്ടറിയടക്കമുള്ള നാലുപേരെ സ്ഥിരപ്പെടുത്തിയത് ചട്ടവിരുദ്ധമാണെന്ന ആരോപണവുമായാണ് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് രംഗത്തെത്തിയത്. കിര്‍ത്താഡ്‌സില്‍ താല്ക്കാലിക ജീവനക്കാരായി നിയമനം കിട്ടിയ ഇവര്‍ക്ക് സ്‌പെഷ്യല്‍ റൂള്‍ പ്രകാരം സ്ഥിരപ്പെടുത്തുന്നതിന് ആവശ്യമായ അടിസ്ഥാന യോഗ്യത ഉണ്ടായിരുന്നില്ല.

അടിയന്തിര ഘട്ടത്തില്‍ ഉപയോഗിക്കുന്ന ചട്ടം 39 പ്രകാരമായിരുന്നു നിയമനം. മണിഭൂഷന്റെ നിയമനത്തിന് പിന്നാലെ ആരോപണം ഉയരാതിരിക്കാനാണ് മറ്റുള്ള മൂന്ന് പേരെ കൂടി സ്ഥിരപ്പെടുത്തിയതെന്നും ഫിറോസ് പറഞ്ഞു. ഇഷ്ടക്കാര്‍ക്ക് നിയമനം നല്‍കാന്‍ സര്‍ക്കാര്‍ ചട്ടങ്ങളും നിയമങ്ങളും മറികടക്കുകയാണ്.

അതേസമയം ഇന്‍ഫര്‍മേഷന്‍ കേരളാ മിഷനിലെ ഡപ്യൂട്ടേഷനുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങളില്‍ ഫിറോസ് ഉറച്ച് നില്‍ക്കുകയാണ്. വ്യാജരേഖകള്‍ ചമച്ചുവെന്നതടക്കമുള്ള കാര്യങ്ങളെ കുറിച്ചുള്ള അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. എല്ലാ രേഖകളും പരിശോധിക്കണമെന്നും താന്‍ തികച്ചും സേഫ് സോണിലാണെന്നും ഫിറോസ് വിശദീകരിച്ചു. അതേസമയം ഫിറോസിന്റെ ആരോപണങ്ങളെ മന്ത്രി എകെ ബാലന്‍ തള്ളി. നിയമനങ്ങളെല്ലാം ചട്ടപ്രകാരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top