സിമന്റ് വില വര്‍ദ്ധനവ്: കമ്പനികളുടെ കൊള്ള സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് ആരോപണം; നിര്‍മ്മാണ മേഖലയിലെ സംഘടനകള്‍ സമരത്തിലേക്ക്

കോഴിക്കോട്: സിമന്റ് വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് നിര്‍മ്മാണ മേഖലയിലെ സംഘടനകള്‍ സമരത്തിലേക്ക്. സിമന്റ് കമ്പനികളുടെ കൊള്ള സംസ്ഥാന സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. വിലനിയന്ത്രണത്തിന് റഗുലേറ്ററി ബോര്‍ഡ് കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നും സംഘടനകള്‍ കോഴിക്കോട്ട് ആവശ്യപ്പെട്ടു. അതേസമയം സിമന്റ് വില നാളെ മുതല്‍ 25 രൂപ കൂടി വര്‍ദ്ധിപ്പിക്കാന്‍ കമ്പനികള്‍ തീരുമാനിച്ചിട്ടുണ്ട്.

സിമന്റ് വില ഈ മാസം ആദ്യം 50 രൂപയിലേറെയാണ് സംസ്ഥാനത്ത് കമ്പനികള്‍ വര്‍ദ്ധിപ്പിച്ചത്. ഇതിന് പിന്നാലെ നാളെ മുതല്‍ 25 രൂപ കൂടി വര്‍ദ്ധിപ്പിക്കാനാണ് സിമന്റ് കമ്പനികളുടെ നീക്കം. വില വര്‍ധനവ് തടയാന്‍ സര്‍ക്കാര്‍ ഇടപെടാത്തതില്‍ പ്രതിഷേധിച്ചാണ് നിര്‍മാണ മേഖല സ്തംഭിപ്പിക്കുന്നതടക്കമുള്ള സമരപരിപാടിയിലേക്ക് സംയുക്ത സംഘടനകള്‍ കടക്കുന്നത്. നിര്‍മാണ മേഖലയില്‍ മുഴുവന്‍ പ്രവൃത്തികളും നിര്‍ത്തിവെച്ചുകൊണ്ട് ഈ മാസം 27ന് നിര്‍മാണ ബന്ദ് നടത്തും. ഇതിനൊടൊപ്പം സെക്രട്ടറിയേറ്റ് മാര്‍ച്ചും നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന് പുറമെ 20ന് കലക്ട്രേറ്റ് മാര്‍ച്ചും സംഘടിപ്പിക്കും.

സംസ്ഥാനത്ത് സിമന്റ് വില കുത്തനെ ഉയര്‍ത്തി കമ്പനികള്‍; നടപടിയെടുത്തില്ലെങ്കില്‍ നിര്‍മാണമേഖല സ്തംഭിപ്പിക്കുമെന്ന് വ്യാപാര സംഘടനകള്‍

സമരം ഫലം കണ്ടില്ലെങ്കില്‍ മാര്‍ച്ച് 31 മുതല്‍ സ്‌റ്റോക്കെടുക്കുന്നത് നിര്‍ത്തിവെക്കാനാണ് വ്യാപാരികളുടെ തീരുമാനം. ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് 100 രൂപവരെ അധികമാണ് കേരളത്തില്‍ സിമന്റിന്റെ വില. എന്നാല്‍ കമ്പനികളുടെ കൊള്ള സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്നും കോഴിക്കോട് ചേര്‍ന്ന നിര്‍മാണ മേഖലയിലെ 16 സംഘടനകളുടെ സംയുക്ത യോഗം ആരോപിച്ചു.

വിലനിയന്ത്രണത്തിന് റഗുലേറ്ററി അതോറിറ്റി കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം. അതോടെ 300 രൂപയ്ക്ക് സിമന്റ് ലഭ്യമാക്കാന്‍ സാധിക്കും. വിലവര്‍ദ്ധനവ് മൂലം സാധാരണക്കാരനാണ് ബുദ്ധിമുട്ടുന്നതെന്നും വമ്പന്‍മാര്‍ക്ക് കുറഞ്ഞ വിലക്ക് കമ്പനികള്‍ സിമന്റ് എത്തിച്ചുനല്‍കുന്നുണ്ടെന്നും സംഘടനാ നേതാക്കള്‍ വ്യക്തമാക്കി.

DONT MISS
Top