പ്രളയത്തില്‍ തകര്‍ന്ന മലപ്പുറത്തെ റോഡ് പൂര്‍ണ്ണമായും ഗതാഗത യോഗ്യമാക്കി

മലപ്പുറം: പ്രളയത്തില്‍ തകര്‍ന്ന മലപ്പുറം ജില്ലയിലെ വണ്ടൂര്‍- നടുവത്ത്-വടക്കും പാടം റോഡ് പൂര്‍ണ്ണമായും ഗതാഗത യോഗ്യമാക്കി. 25 ലക്ഷം രൂപ ചെലവഴിച്ചാണ് യുദ്ധകാല അടിസ്ഥാനത്തില്‍ പൊതുമരാമത്ത് വകുപ്പ് റോഡ് പുനര്‍നിര്‍മ്മിച്ചത്. പ്രളയത്തില്‍ കുത്തിയൊലിച്ച് വന്ന വെള്ളത്തില്‍ റോഡ് പൂര്‍ണമായും തകര്‍ന്നിരുന്നു. തുടര്‍ന്ന് സൈന്യത്തിന്റെ സഹായത്തോടെ താത്ക്കാലിക നടപ്പാലം ഒരുക്കുകയായിരുന്നു.

also read: നവകേരളത്തിനായി ജനകീയ ബജറ്റ്; പ്രഖ്യാപനങ്ങള്‍ ഒറ്റനോട്ടത്തില്‍

പ്രളയകാലത്ത് തകര്‍ന്ന റോഡുകളുടെയും പാലത്തിന്റേയും പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തെമ്പാടും ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. പൊതുമരാമത്ത് വകുപ്പും തദ്ദേശ സ്വയംഭരണവകുപ്പും ചേര്‍ന്നാണ് റോഡ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. അടിയന്തരമായി നടക്കേണ്ടിയിരുന്ന 4,429 കിലോ മീറ്റര്‍ റോഡ് അറ്റകുറ്റപ്പണി പൊതുമരാമത്ത് വകുപ്പ് പൂര്‍ത്തീകരിച്ചു. 164 പ്രവൃത്തികളാണ് പൂര്‍ത്തിയാക്കിയത്. 3,148കിലോ മീറ്റര്‍ റോഡ് പുനരുദ്ധാരണത്തിനുള്ള 429 പ്രവൃത്തികള്‍ അന്തിമഘട്ടത്തിലാണ്. ദീര്‍ഘകാല അടിസ്ഥാനത്തിലുളള വികസനം ലക്ഷ്യമിടുന്ന ഡിസൈന്‍ഡ് റോഡുകളുടെ നിര്‍മ്മാണത്തിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. ഇത്തരത്തിലുളള 63 പ്രവൃത്തികളാണ് തയ്യാറാക്കിയിരിക്കുന്നത്.

DONT MISS
Top