മൂന്നാറിലെ അനധികൃത നിര്‍മ്മാണത്തിനു പിന്നില്‍ വന്‍ തട്ടിപ്പെന്ന് ആരോപണം; ഭൂമി ഇടപാടുകളെ സംബന്ധിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സബ് കലക്ടര്‍ നിര്‍ദേശം നല്‍കി

കോണ്‍ഗ്രസ് ഭരിക്കുന്ന മൂന്നാര്‍ പഞ്ചായത്തില്‍ എസ്‌രാജേന്ദ്രന്‍ എംഎല്‍എ അനധികൃത നിര്‍മാണം പ്രോത്സാഹിപ്പിക്കുന്നതിന് പിന്നില്‍ വന്‍ തട്ടിപ്പുണ്ടെന്ന് ആരോപണം. അനധികൃത നിര്‍മാണം തടയാനെത്തിയ ദേവികുളം സബ്കലക്ടര്‍ രേണുരാജിനെ അധിക്ഷേപിച്ച എസ് രാജേന്ദ്രന്‍ എംഎല്‍എയുടെ വീടിനോട് ചേര്‍ന്ന് അനധികൃത നിര്‍മാണം നടക്കുന്നുണ്ടെന്നും ആരോപണമുയരുന്നുണ്ട്. ഇതേത്തുടര്‍ന്ന് ടൗണിനു സമീപം ഇക്കാനഗറില്‍ എംഎല്‍എയുടെ വീടിനുസമീപം താമസിക്കുന്ന സിപിഐഎം നേതാവിന്റെ അനധികൃത മണ്ണെടുപ്പ് തഹസില്‍ദാരെത്തി നിര്‍ത്തിവയ്പിക്കുകയും ചെയ്തു. പ്രദേശത്തെ ഭൂമി ഇടപാടുകളെ സംബന്ധിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വില്ലേജ് ഓഫീസര്‍ക്ക് സബ് കലക്ടര്‍ നിര്‍ദേശം നല്‍കി.

മൂന്നാറില്‍ അനധികൃത നിര്‍മാണമോ ഭൂമി കയ്യേറലോ ഇല്ലെന്നാണ് ദേവികുളം സബ്കലക്ടര്‍ രേണുരാജിനെ പരസ്യമായി അധിക്ഷേപിച്ച എംഎല്‍എ രാജേന്ദ്രന്റെ നിലപാട്. തന്റെ വീടിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ യാതൊരുവിധ മണ്ണെടുപ്പും നടക്കുന്നില്ലെന്നും എംഎല്‍എ പറയുന്നു. മൂന്നാര്‍ പഞ്ചായത്ത് യുഡിഎഫ് ഭരിക്കുമ്പോഴും പഞ്ചായത്തിനൊപ്പം നിന്ന പ്രവര്‍ത്തിക്കുന്ന സിപിഐഎം എംഎല്‍എയുടെ നടപടികളില്‍ ദുരൂഹമതയുണ്ടെന്നാണ് പരക്കെയുള്ള ആരോപണം.

മൂന്നാറിലെ സിപിഐ അംഗം ഔസേഫിന്റെ പരാതിയെ തുടര്‍ന്നാണ് റവന്യൂ സംഘം നിര്‍മാണപ്രവൃത്തികള്‍ തടയാന്‍ എത്തിയപ്പോഴാണ് എംഎല്‍എ ദേവികുളം സബ്കലക്ടറെ അധിക്ഷേപിക്കുന്ന രീതിയില്‍ സംസാരിച്ചത്. സബ് കലക്ടര്‍ ബോധമില്ലാത്തവളെന്നായിരുന്നു എസ് രാജേന്ദ്രന്‍ എംഎല്‍എയുടെ പരാമര്‍ശം. പരിസ്ഥിതിപ്രവര്‍ത്തകരുടെ പരാതിയെത്തുടര്‍ന്ന് മൂന്നാറില്‍ പുഴയോരം കയ്യേറിയുള്ള പഞ്ചായത്തിന്റെ കെട്ടിടനിര്‍മാണത്തിന് റവന്യൂ വകുപ്പ് സ്റ്റോപ് മെമ്മോ നല്‍കിയപ്പോഴായിരുന്നു എംഎല്‍എയുടെ രോഷപ്രകടനം. മൂന്നാറില്‍ ഹൈക്കോടതിയുടെ നിര്‍മ്മാണ നിരോധനം നിലനില്‍ക്കെയാണ് പഞ്ചായത്ത് 60 മുറിയുള്ള ബഹുനില ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മാണം നടത്തിക്കൊണ്ടിരുന്നത്. അത് തടയാനെത്തിയപ്പോഴാണ് റവന്യൂസംഘത്തെ എംഎല്‍എയുടെ നേതൃത്വത്തില്‍ തടഞ്ഞതും അധിക്ഷേപിച്ചതും.

‘അവള് ഇതെല്ലാം വായിച്ച് പഠിക്കണ്ടേ? അവള് ബുദ്ധിയില്ലാത്തവള്. കളക്ടറാകാന്‍ വേണ്ടി മാത്രം പഠിച്ച് കളക്ടറായവര്‍ക്ക് ഇത്ര മാത്രമേ ബുദ്ധിയുണ്ടാകൂ എന്നും എംഎല്‍എ അധിക്ഷേപിച്ചു. പരാമര്‍ശം വിവാദമായപ്പോഴും തന്റെ പ്രതികരണത്തില്‍ മാപ്പ് പറയേണ്ട ആവശ്യമില്ലെന്നും പ്രകടിപ്പിച്ചത് സാധാരണക്കാരന്റെ വികാരമാണെന്നുമായിരുന്നു രാജേന്ദ്രന്‍ എംഎല്‍എയുടെ വാദം. സ്‌റ്റോപ്പ് മെമ്മോ നല്‍കിയതിനെ കുറിച്ച് അന്വേഷിച്ച തന്നോട് സബ്കലക്ടര്‍ മോശമായി പെരുമാറിയെന്ന് എംഎല്‍എ ആരോപിക്കുകയും ചെയ്തു.

എന്നാല്‍ കൃത്യമായ മറുപടിയുമായി സബ്കലക്ടര്‍ രംഗത്തെത്തിയതോടെ കാര്യങ്ങള്‍ കൂടുതല്‍ വിവാദമായി. താന്‍ എംഎല്‍എ എന്നല്ലാതെ സംബോധന ചെയ്തിട്ടില്ലെന്നും മോശമായി പെരുമാറിയിട്ടില്ലെന്നും സബ്കലക്ടര്‍ രേണുരാജ് വ്യക്തമാക്കിയതോടെ ഖേദം പ്രകടിപ്പിക്കുന്നതായി അറിയിച്ച് എംഎല്‍എ രംഗത്തെത്തി. എംഎല്‍എ യുടെ നടപടിയില്‍ സിപിഐഎം ഇടുക്കി ജില്ലാ കമ്മിറ്റി ഇന്ന് വിശദീകരണം തേടും.

DONT MISS
Top