സമ്പത്തില്‍ മാത്രമല്ല ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും മുന്നില്‍ അംബാനി തന്നെ, മലയാളികളില്‍ യൂസഫലിയും

ദില്ലി: ഹുറുണ്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി പണം ചെലവഴിച്ചവരുടെ പട്ടികയിലും റിലയന്‍സ് ഇന്‍ഡസ്ട്രീസ് മേധാവി മുകേഷ് അംബാനി തന്നെ മുന്നില്‍. 2017 ഒക്ടോബര്‍ മുതല്‍ 2018 സെപ്റ്റംബര്‍ വരെയുള്ള ഒരു വര്‍ഷത്തെ കണക്ക് പ്രകാരം 437 കോടി രൂപയാണ് അദ്ദേഹം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചിരിക്കുന്നത്. വിദ്യാഭ്യാസ മേഖലയ്ക്കാണ് അദ്ദേഹം ഏറ്റവും കൂടുതല്‍ പണം ചെലവഴിച്ചത്. ഒരു വര്‍ഷം കൊണ്ട് പത്ത് കോടിയിലധികം രൂപ ചെലവഴിച്ചവരാണ് ഹുറുണ്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും കൂടുതല്‍ തുകയെത്തിയത് വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിലാണെന്ന് പട്ടികയില്‍ പറയുന്നു. മലയാളികളില്‍ പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറുമായ എംഎ യൂസഫലിയാണ്  ഒന്നാം സ്ഥാനത്ത്. 70 കോടി രൂപയാണ് അദ്ദേഹം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യക്കാരില്‍ അഞ്ചാം സ്ഥാനത്താണ് യൂസഫലി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കാണ് അദ്ദേഹം ഏറ്റവും കൂടുതല്‍ പണം നല്‍കിയിട്ടുള്ളത്.

പട്ടികയില്‍ ഉള്‍പ്പെട്ട മറ്റ് മലയാളികളായ കല്ല്യാണ്‍ ജ്വല്ലേഴ്‌സ് മേധാവി ടി എസ് കല്ല്യാണരാമന്‍ 13 കോടി രൂപയും, ഇന്‍ഫോസിസ് സഹ സ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍ 27 കോടി രൂപയും, ആര്‍പി ഗ്രൂപ്പ് മേധാവി രവി പിള്ള 24 കോടി രൂപയും ജെംസ് എജ്യൂക്കേഷന്‍ മേധാവി സണ്ണി വര്‍ക്കി 10 കോടി രൂപയും ശോഭ ഗ്രൂപ്പ് മേധാവി പിഎന്‍സി മേനോന്‍ 19 കോടി രൂപയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചു.

2018 ഓഗസ്റ്റില്‍ കേരളത്തിലുണ്ടായ മഹാപ്രളയത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എംഎ യൂസഫലി 50 കോടി രൂപയും റിലയന്‍സ് കമ്പനി 21 കോടി രൂപയും നല്‍കി. ഒപ്പം റിലയന്‍സ് 50 കോടി രൂപയുടെ റിലീഫ് മെറ്റീരിയലും വിതരണം ചെയ്തിരുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നല്ലൊരു തുക കേരളത്തിന് ലഭിച്ചതായി ഹുറുണ്‍ റിപ്പോര്‍ട്ട് ഇന്ത്യാ മാനേജിംഗ് ഡയറക്ടറും ചീഫ് റിസര്‍ച്ചറുമായ അനസ് റഹ്മാന്‍ ജുനൈദ് പറഞ്ഞു.

DONT MISS
Top