ലുട്ടാപ്പിക്ക് ഇവിടെ മാത്രമല്ല, അങ്ങ് ന്യൂസിലാന്റിലുമുണ്ട് പിടി; ‘സേവ് ലുട്ടാപ്പി’ ക്യാമ്പയിനുമായി ട്വന്റി-20 മത്സരം കാണാനെത്തിയവരും

ലുട്ടാപ്പിയുടെ ആരാധകവൃന്ദം മറ്റാര്‍ക്കുള്ളതിനും മുകളിലാണ് എന്ന് സൂചിപ്പിക്കുന്നതാണ് നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങള്‍. സേവ് ലുട്ടാപ്പി എന്ന് എഴുതിക്കൊണ്ടാണ് മലയാളികള്‍ കളികാണാനെത്തിയത്. തുടര്‍ന്ന് ഇവര്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലും പ്രചരിപ്പിച്ചു.

ലുട്ടാപ്പിയെ ബാലരമയില്‍നിന്ന് ഒഴിവാക്കും എന്ന് ധരിച്ച കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത ട്രോള്‍ ആക്രമണമാണ് ഉണ്ടാകുന്നത്. എന്നാല്‍ പുതിയ കഥാപാത്രം വന്നാലും ലുട്ടാപ്പിയുടെ തട്ട് താണുതന്നെയിരിക്കുമെന്ന് പിന്നീട് വ്യക്തമായി. ഇതിന് ചുവടുപിടിച്ചാണ് മലയാളികള്‍ കളിക്കളത്തിലും ലുട്ടാപ്പിയെ എത്തിച്ചത്.

ഇന്ത്യന്‍ ടീം തോറ്റത് നിരാശയായി

ന്യൂസിലാന്റിനെതിരായ മൂന്നാം ട്വന്റി20 മത്സരത്തില്‍ ഇന്ത്യ പരാജയം രുചിച്ചു. നാല് റണ്‍സിനാണ് കിവീസ് വിജയവും പരമ്പരനേട്ടവും ആഘോഷിച്ചത്. 213 റണ്‍സിന്റെ കൂറ്റന്‍ വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ.

ഓപ്പണര്‍ ശിഖര്‍ ധവാന്‍ നാല് പന്തില്‍ അഞ്ച് റണ്‍സും വിജയ് ശങ്കര്‍ 28 പന്തില്‍ 43 റണ്‍സും ഋഷഭ് പന്ത് 12 പന്തില്‍ 28 രോഹിത് ശര്‍മ 32 പന്തില്‍ 38 പാണ്ഡ്യെ 11 പന്തില്‍ 21 എന്നീ റണ്‍സും കൂട്ടിച്ചേര്‍ത്തു. ധോണി നാല് പന്തുകള്‍ നേരിട്ട് രണ്ട് റണ്‍ മാത്രം നേടി മടങ്ങി. രോഹിത് ശര്‍മവിജയ് ശങ്കര്‍ സഖ്യം കൂട്ടിച്ചേര്‍ത്ത 75 റണ്‍സാണ് ഇന്ത്യയെ നാണക്കേടില്‍ നിന്ന് കരകയറ്റിയത്.

അവസാന ഓവര്‍ വരെ നീണ്ടുനിന്ന മത്സരം കൈപ്പിടിയില്‍ ഒതുക്കാന്‍ സാധിക്കുന്നതായിരുന്നു. എന്നാല്‍ മുന്‍നിര ബാറ്റ്‌സ്മാന്‍ മാരുടെ അലംഭാവം ടീമിനെ വിജയത്തില്‍നിന്ന് അകറ്റി. ദിനേശ് കാര്‍ത്തിക്കും ക്രുനാല്‍ പാണ്ഡ്യെയും പൊരുതി നോക്കിയെങ്കിലും മത്സരം നേടാനായില്ല. അവസാന പന്ത് സിക്‌സറടിച്ചാണ് കാര്‍ത്തിക് മത്സരം അവസാനിപ്പിച്ചത്.

40 പന്തില്‍ 72 റണ്‍സ് നേടിയ കോളിന്‍ മണ്‍റോയാണ് കിവീസ് നിരയിലെ ടോപ് സ്‌കോറര്‍. 25 പന്തില്‍ 43 റണ്‍സെടുത്ത ടിം സീഫര്‍ട്ടും 21 പന്തില്‍ 27 റണ്‍സെടുത്ത കെയ്ന്‍ വില്യംസണും 16 പന്തില്‍ 30 റണ്‍സെടുത്ത ഗ്രാന്‍ഡ്‌ഹോമും ടീമിന് നിര്‍ണായക സംഭാവനകള്‍ നല്‍കി. ഡാരില്‍ മിച്ചല്‍ പുറത്താകാതെ 19 റണ്‍സും റോസ് ടെയ്‌ലര്‍ പുറത്താകാതെ 14 റണ്‍സും നേടി അവസാന ഓവര്‍ വെടിക്കെട്ട് നടത്തി.

ഇന്ത്യന്‍ നിരയില്‍ കുല്‍ദീപ് നാല് ഓവറില്‍ 26 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്തു. ബാക്കി ബൗളര്‍മാരെല്ലാം കിവീസ് ബാറ്റിന്റെ ചൂട് നല്ലതുപോലെ അറിഞ്ഞു. കഴിഞ്ഞ മത്സരത്തിലെ താരം ക്രുനാല്‍ പാണ്ഡ്യെ നാല് ഓവറില്‍ 54 റണ്‍സ് വിട്ടുനല്‍കി ഏറ്റവും വലിയ ‘ദാനശീലനായി’.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top