‘ലുട്ടാപ്പിയെ ഒഴിവാക്കില്ല, അടുത്ത ലക്കം അതിഗംഭീരമായി തിരികയെത്തും, ഡിങ്കിനിയുമായി ഒരു അഭിമുഖ സംഭാഷണവും സംഘടിപ്പിക്കും’; ലുട്ടാപ്പി ഫാന്‍സിനെ തണുപ്പിച്ച് ബാലരമ

മായാവിക്ക് പുതിയ എതിരാളിയെ കൊണ്ടുവരാനുള്ള നീക്കത്തിനെതിരെ സോഷ്യല്‍മീഡയയില്‍ നടക്കുന്ന പ്രതിഷേധത്തിന് മറുപടിയുമായി ബാലരമ രംഗത്ത്. ലുട്ടാപ്പിക്ക് പകരം കുന്തത്തില്‍ സഞ്ചരിക്കുന്ന ഒരു ഡിങ്കിണിയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് ബാലരമയുടെ ഫെയ്‌സ്ബുക്ക് പേജില്‍ മായാവിക്ക് പുതിയ എതിരാളി വരുന്നുവെന്ന വെളിപ്പെടുത്തല്‍ നടത്തിയതോടെയാണ് സോഷ്യല്‍മീഡിയയില്‍ പ്രതിഷേധ പെരുമഴയ തുടങ്ങിയത്. ലുട്ടാപ്പിയെ മാറ്റിയാല്‍ ബാലരമേ നീ തീര്‍ന്ന് എന്നായിരുന്നു ഓള്‍ കേരള ലുട്ടാപ്പി ഫാന്‍സിന്റെ പ്രതികരണം. ഇതോടെയാണ് പ്രതികരണവുമായി ബാലരമ രംഗത്തെത്തിയത്.

ഒരിക്കലും ലുട്ടാപ്പിയെ ഒഴിവാക്കില്ലെന്നായിരുന്നു ബാലരമയുടെ അധികൃതരുടെ പ്രതികരണം. ലുട്ടാപ്പിയില്ലെങ്കില്‍ ബാലരമ ഓഫീസ് തീയിട്ടുകളയാനും മടിക്കില്ലെന്ന രോഷപ്രകടനക്കാരെ തണുപ്പിച്ചുകൊണ്ടാണ് അടുത്ത ലക്കം ലുട്ടാപ്പി അതിഗംഭീരമായി തിരികയെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരിക്കുന്നത്. ലുട്ടാപ്പിക്ക് ഇത്ര ശക്തമായ ഫാന്‍സ് സപ്പോര്‍ട്ട് ഉണ്ടെന്ന് തിരിച്ചറിഞ്ഞ സ്ഥിതിക്ക് അതിനായി പുതിയ ഒരു പംക്തി തന്നെ അടുത്ത ലക്കം ബാലരമയില്‍ തുടങ്ങുമെന്നും ബാലരമ പ്രതികരിച്ചു. അതോടൊപ്പം ലുട്ടാപ്പി ആരാധകരുടെ കണ്ണിലെ കരടായി രംഗപ്രവേശനം ചെയ്ത ഡിങ്കിനി ഒരു ഭീകരിയല്ലെന്ന് തെളിയിക്കാന്‍ ഡിങ്കിനിയുമായി അഭിമുഖ സംഭാഷണവും അടുത്ത ലക്കം പ്രതീക്ഷിക്കാമെന്നും അണിയറ പ്രവര്‍ത്തകര്‍ കൂട്ടിച്ചേര്‍ത്തു.

ബാലരമേ നീ തീര്‍ന്ന്, ലുട്ടാപ്പിക്ക് വല്ലതും പറ്റിയാല്‍ അടിച്ച് റൊട്ടി ആക്കിക്കളയും; മായാവിക്ക് പുതിയ എതിരാളിയെ കൊണ്ടുവരാനുള്ള നീക്കത്തിനെതിരെ സേവ് ലുട്ടാപ്പിക്യാംപയിന്‍

എന്തായാലും ബാലരമയുടെ പ്രതികരണമെത്തിയതോടെ ലുട്ടാപ്പിയുടെ നിലനില്‍പ്പ് സംബന്ധിച്ചുള്ള അനിശ്ചിതത്വാവസ്ഥയ്ക്ക് പരിഹാരമായിരിക്കുകയാണ്. ബാലരമയുടെ ഫെബ്രുവരി എട്ടിന് പുറത്തിറങ്ങിയ ലക്കത്തിലാണ് കുന്തത്തില്‍ കയറി ലുട്ടാപ്പിക്ക് പകരം ഡിങ്കിനി എത്തിയത്. മായാവിക്ക് പുതിയൊരു എതിരാളി എന്ന അടിക്കുറിപ്പ് കാണുകയും ലുട്ടാപ്പിയെ പരിസരത്തൊന്നും കാണാതിരിക്കുകയും ചെയ്തതോടെ ഇരുപതോളം വര്‍ഷം ആത്മാര്‍ത്ഥമായി പണിയെടുത്ത ലുട്ടാപ്പിയെ ഒഴിവാക്കി ഡാകിന അനധികൃതമായി ബന്ധു നിയമനം നടത്തിയെന്നായിരുന്നു ഫാന്‍സിന്റെ ന്യായമായ സംശയം.

ഇതേത്തുടര്‍ന്നാണ് സേവ് ലുട്ടാപ്പി ഹാഷ്ടാഗ് ക്യാംപയിന്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചത്. ‘അവര്‍ ആദ്യം ലുട്ടാപ്പിയുടെ ജെട്ടി മാറ്റി ബനിയന്‍ ഇടീപ്പിച്ചു. ഇപ്പോ ദാ മായാവിക്ക് എതിരെ എന്നും പറഞ്ഞ് കുന്തമൊക്കെയുള്ള ഒരാളെ കൊണ്ടുവരുന്നു. ചങ്കല്ല ചങ്കിടിപ്പാണ് ലുട്ടാപ്പി’ എന്നായിരുന്നു ആരാധകരില്‍ പലരുടേയും രോദനം. മനോരമയുടെ ഓഫീസില്‍ കയറി എഡിറ്ററെ നേരില്‍ക്കണ്ട് പറയാനുള്ള കാര്യങ്ങളാണ് ട്രോളന്മാര്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചത്.

മായാവിക്ക് പിന്നാലെ ഡാകിനിയും വരുന്നു വെള്ളിത്തിരയിലേക്ക്

‘ലുട്ടാപ്പി എവിടെടാ! ഞങ്ങടെ കൊച്ചിന് വല്ലോം പറ്റിയാല്‍ ഇടിച്ചു റൊട്ടി ആക്കി കളയും എല്ലാത്തിനേം’ എന്നായിരുന്നു മാസ്സ് കമന്റുകളില്‍ ഒന്ന്. ‘ലുട്ടാപ്പിക്ക് വല്ലതും പറ്റിയാല്‍ അടിച്ച് കണ്ണ് പൊട്ടിക്കും പട്ടീ’ എന്നായിരുന്നു മറ്റൊരു സൈക്കോ മോഡല്‍ പ്രതികരണം. ‘മായാവി പോയാലും ശരി, ലുട്ടാപ്പിയെ ഇല്ലാണ്ടാക്കാന്‍ പറ്റൂല്ല. ലുട്ടാപ്പിക്കു പകരം ഡിങ്കനെ തരാം എന്നു പറഞ്ഞാലും ഞങ്ങള് സമ്മതിക്കൂല്ലാ. ലുട്ടാപ്പിക്കു പകരം ലുട്ടാപ്പി മാത്രമെന്നും’ ബാലരമയുടെ പോസ്റ്റിന് താഴെ കമന്റുകള്‍ വന്നു. ബാലരമ ഒഴിവാക്കുമെന്നുവരെ നിലവിലെ വരിക്കാര്‍ ഭീഷണിപ്പെടുത്തി. ഇതേത്തുടര്‍ന്നാണ് ലുട്ടാപ്പിയെ ഒരു കാരണവശാലും ഒഴിവാക്കില്ലെന്ന പ്രതികരണവുമായി ബാലരമ രംഗത്തെത്തിയത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top