‘ബാലരമേ നീ തീര്‍ന്ന്, ലുട്ടാപ്പിക്ക് വല്ലതും പറ്റിയാല്‍ അടിച്ച് റൊട്ടി ആക്കിക്കളയും’; മായാവിക്ക് പുതിയ എതിരാളിയെ കൊണ്ടുവരാനുള്ള നീക്കത്തിനെതിരെ ‘സേവ് ലുട്ടാപ്പി’ ക്യാംപയിന്‍

മായാവിക്ക് പുതിയ എതിരാളിയെ കൊണ്ടുവരാനുള്ള ബാലരമയുടെ നീക്കത്തിനെതിരെ കനത്ത പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ. ലുട്ടാപ്പിക്ക് പകരം കുന്തത്തില്‍ സഞ്ചരിക്കുന്ന ഒരു ഡിങ്കിണിയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് ബാലരമയുടെ ഫെയ്‌സ്ബുക്ക് പേജിലാണ് മായാവിക്ക് പുതിയ എതിരാളി വരുന്നുവെന്ന വെളിപ്പെടുത്തല്‍ നടത്തിയത്. ബാലരമ പോസ്റ്റ് ഇട്ടതോടെ സോഷ്യല്‍മീഡിയയില്‍ പ്രതിഷേധ പെരുമഴയും തുടങ്ങി. വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള മായാവി എന്ന ചിത്രകഥ ഇത്രയധികം ഫെയ്മസാകാന്‍ കാരണം ലുട്ടാപ്പി ഒറ്റൊരുത്തനാണെന്നാണ് ഫാന്‍സിന്റെ അഭിപ്രായം.

മായാവിക്ക് പിന്നാലെ ഡാകിനിയും വരുന്നു വെള്ളിത്തിരയിലേക്ക്

ഇന്ന് ലുട്ടാപ്പിയെ മാറ്റിയ ബാലരമ നാളെ രാജുവിനേയും രാധയേയും കുട്ടൂസനേം ഡാകിനേയുമൊക്കെ മാറ്റിയേക്കുമെന്നും വിക്രമനും മുത്തുവിനും പുട്ടാലു അമ്മാവനുമൊക്കെ ഈ ഗതി സംഭവിച്ചേക്കാമെന്നും ഫാന്‍സ് ആരോപിക്കുന്നു. ഇനിയിപ്പോ ഇവരെയെല്ലാം മാറ്റിയാലും ലുട്ടാപ്പിയെ മാറ്റാനോ പകരക്കാരനെ നിയമിക്കാനോ അനുവദിക്കില്ലെന്ന കടുത്ത നിലപാടിലാണ് ലുട്ടാപ്പി ഫാന്‍സ് അസോസിയേഷന്‍. വായിക്കുന്നവരില്‍ ചിരി പടര്‍ത്തിക്കൊണ്ടാണ് സോഷ്യല്‍മീഡിയയില്‍ ട്രോളുകള്‍ പറന്നുനടക്കുന്നത്. ലുട്ടാപ്പിക്കു വേണ്ടി കേരളം മുഴുവന്‍ അണിനിരക്കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടുള്ള സേവ് ലുട്ടാപ്പി ഹാഷ്ടാഗ് ക്യാംപയിന്‍ ഇതിനകം വമ്പന്‍ പ്രചാരം നേടിക്കഴിഞ്ഞു.

‘അവര്‍ ആദ്യം ലുട്ടാപ്പിയുടെ ജെട്ടി മാറ്റി ബനിയന്‍ ഇടീപ്പിച്ചു. ഇപ്പോ ദാ മായാവിക്ക് എതിരെ എന്നും പറഞ്ഞ് കുന്തമൊക്കെയുള്ള ഒരാളെ കൊണ്ടുവരുന്നു. ചങ്കല്ല ചങ്കിടിപ്പാണ് ലുട്ടാപ്പി’ എന്നാണ് ആരാധകരില്‍ പലരുടേയും രോദനം. മനോരമയുടെ ഓഫീസില്‍ കയറി എഡിറ്ററെ നേരില്‍ക്കണ്ട് പറയാനുള്ള കാര്യങ്ങളാണ് ട്രോളന്മാര്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുന്നത്. ‘ലുട്ടാപ്പി എവിടെടാ! ഞങ്ങടെ കൊച്ചിന് വല്ലോം പറ്റിയാല്‍ ഇടിച്ചു റൊട്ടി ആക്കി കളയും എല്ലാത്തിനേം’ എന്നാണ് മാസ്സ് കമന്റുകളില്‍ ഒന്ന്. ‘ലുട്ടാപ്പിക്ക് വല്ലതും പറ്റിയാല്‍ അടിച്ച് കണ്ണ് പൊട്ടിക്കും പട്ടീ’ എന്നാണ് മറ്റൊരു സൈക്കോ മോഡല്‍ പ്രതികരണം.

ഷാഫി-റാഫി കൂട്ടുകെട്ട് വീണ്ടും; ചില്‍ഡ്രന്‍സ് പാര്‍ക്ക്; ഷൂട്ടിംഗ് തുടങ്ങി

അതേസമയം ബാലരമ പരിചയപ്പെടുത്തിയ പുതിയ കഥാപാത്രം ലുട്ടാപ്പിയുടെ കാമുകിയായിരിക്കുമോ എന്നും ചിലര്‍ സംശയിക്കുന്നുണ്ട്. ഇനി ആണെങ്കില്‍തന്നെ ലുട്ടാപ്പിക്ക് അങ്ങനൊരു കാമുകിയുടെ ആവശ്യമില്ലെന്നും ഫാന്‍സ് പറയുന്നു. ‘ഇരുപതോളം വര്‍ഷം ആത്മാര്‍ത്ഥമായി പണിയെടുത്ത ലുട്ടാപ്പിയെ ഒഴിവാക്കി അനധികൃതമായി ബന്ധു നിയമനം നടത്തിയ ഡാകിനിക്ക് എതിരെ പ്രതിഷേധിക്കൂ’വെന്നാണ് മറ്റൊരു ആഹ്വാനം.

കൈവെച്ച സകല തന്ത്രങ്ങളും പാളിയിട്ടുണ്ടെങ്കിലും മായാവിയെപ്പോലൊരു ശക്തനായ എതിരാളിയെ തറപറ്റിക്കാന്‍ ലുട്ടാപ്പി നിലനില്‍ക്കുക തന്നെ വേണം. ഡാകിനിക്കും കുട്ടൂസനും ലുട്ടാപ്പിയില്ലാതെ മായാവിയെ പിടിക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ പോലും പറ്റില്ലെന്നും ലുട്ടാപ്പി ഫാന്‍സ് പറയുന്നു. കുന്തത്തില്‍ പറന്ന് വന്ന് മായാവിയുടെ വടി മോഷ്ടിക്കുന്ന ദൗത്യം ലുട്ടാപ്പി ചെയ്താല്‍ മാത്രമാണ് ശരിയാവുക.

‘ടിവിയും മൊബൈലും തലക്ക് പിടിക്കാത്ത ഒരു കുട്ടി തലമുറയുടെ വികാരമായിരുന്നു ഇവര്‍. ഒരു കൊമേഴ്‌സ്യല്‍ മാര്‍ക്കറ്റിനായി ഇവരെ മാറ്റരുതെന്നാണ്’ ഇപ്പോഴും ബാലരമ വായിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഒരു വിഭാഗം യുവാക്കളുടെ കമന്റുകള്‍. ‘ലുട്ടാപ്പിയെ തിരിച്ചുകൊണ്ടുവരിക. കുന്തത്തില്‍ കയറി മണ്ടത്തരം കാണിക്കാനുള്ള അവകാശം ലുട്ടാപ്പിക്കു മാത്രം. മായാവി പോയാലും ശരി, ലുട്ടാപ്പിയെ ഇല്ലാണ്ടാക്കാന്‍ പറ്റൂല്ല. ലുട്ടാപ്പിക്കു പകരം ഡിങ്കനെ തരാം എന്നു പറഞ്ഞാലും ഞങ്ങള് സമ്മതിക്കൂല്ലാ. ലുട്ടാപ്പിക്കു പകരം ലുട്ടാപ്പി മാത്രമെന്നും’ ബാലരമയുടെ പോസ്റ്റിന് താഴെ കമന്റുകളുണ്ട്. ബാലരമ ഒഴിവാക്കുമെന്നാണ് നിലവിലെ വരിക്കാരുടെ ഭീഷണി. ‘ലുട്ടാപ്പിയെ സ്‌നേഹിച്ച തലമുറയാണ് ഞങ്ങള്‍, ഞങ്ങളുടെ മക്കളും അതുതന്നെ ചെയ്താല്‍ മതിയെന്നാണ’ താക്കീത്.

ട്രോളുകള്‍ കാണാം:

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top