36,000 ചെറുകിട സംരംഭങ്ങള്‍, 3,200 കോടിയോളം രൂപയുടെ നിക്ഷേപം; ഇടത്തരം ചെറുകിട സൂക്ഷ്മ വ്യവസായ മേഖലയ്ക്ക് പുതുജീവന്‍ നല്‍കി കേരള സര്‍ക്കാര്‍

തിരുവനന്തപുരം: പുതുതായി 36,000 ചെറുകിട സംരംഭങ്ങള്‍, 3,200 കോടിയോളം രൂപയുടെ നിക്ഷേപം, ഒരുലക്ഷത്തി ഇരുപത്തിനായിരത്തില്‍പരം തൊഴിലവസരങ്ങളും നല്‍കി ഇടത്തരംചെറുകിടസൂക്ഷ്മ സംരംഭങ്ങളില്‍ വലിയ മാറ്റം സൃഷ്ടിച്ചിരിക്കുകയാണ് കേരള സര്‍ക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യവസായ സൗഹാര്‍ദ കേരളം കെട്ടിപ്പടുക്കുന്നതിന് അനുകൂലമായ സാഹചര്യം ഒരുക്കുന്നതില്‍ സര്‍ക്കാര്‍ നിശ്ചയദാര്‍ഢ്യത്തോടെയാണ് മുന്നോട്ടു പോയത്.

മുന്‍പുണ്ടായിരുന്ന ഏഴ് നിയമങ്ങളിലും 10 ചട്ടങ്ങളിലും ആവശ്യമായ ഭേദഗതി വരുത്തി കേരള ഇന്‍വെസ്റ്റ്‌മെന്റ് പ്രൊമോഷന്‍ ആന്‍ഡ് ഫെസിലിറ്റേഷന്‍ ആക്ട് 2018 നടപ്പാക്കി. 2018ലെ യുഎന്‍ സുസ്ഥിര വികസന ഇന്‍ഡക്‌സില്‍ വ്യവസായം, നൂതനതാ, അടിസ്ഥാന സൗകര്യ വികസനം എന്നീ മേഖലകളില്‍ കേരളം മുന്‍നിരയില്‍ എത്തി എന്നുള്ളതും ശ്രദ്ധേയമാണ് എന്നും അദ്ദേഹം പറഞ്ഞു.

ഇടത്തരം ചെറുകിടസൂക്ഷ്മ വ്യവസായ മേഖലയില്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ദേശീയ അന്തര്‍ദേശീയ വിപണി സജ്ജമാക്കുന്നതിലേക്കായി ഒരു വെബ് പോര്‍ട്ടലും ആരംഭിച്ചിട്ടുണ്ട്. ഈ മേഖലയിലെ സ്ഥാപനങ്ങളുടെ ഉടമകള്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതിയും സര്‍ക്കാര്‍ നടപ്പിലാക്കിവരുന്നുണ്ട്.

പ്രളയത്തില്‍ ഉലഞ്ഞ വ്യവസായിക സംരംഭങ്ങളെ സംരക്ഷിക്കുന്നതിനും അവയെ പുനഃസ്ഥാപിക്കുന്നതിനുമായി ‘പുനര്‍ജ്ജനി’ പദ്ധതി സര്‍ക്കാര്‍ നടപ്പാക്കുകയാണ്. 9 ശതമാനം പലിശ നിരക്കില്‍ മൂന്ന് കോടി രൂപ വരെ വായ്പ നല്‍കുന്നതാണ് പദ്ധതി. വന്‍കിട വ്യവസായ സ്ഥാപനങ്ങള്‍ക്ക് മാത്രം ലഭിച്ചിരുന്ന വായ്പാ സൗകര്യങ്ങള്‍, ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ നടത്തുന്ന വ്യവസായ സംരംഭങ്ങള്‍ക്കും ലഭ്യമാവുകയാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു.

DONT MISS
Top