കലാഭവന്‍ മണിയുടെ മരണം: നുണപരിശോധനയ്ക്ക് തയ്യാറെന്ന് ജാഫര്‍ ഇടുക്കിയുള്‍പ്പടെയുള്ള ഏഴുപേര്‍ കോടതിയെ അറിയിച്ചു

കൊച്ചി: കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് നുണപരിശോധനയ്ക്ക് തയ്യാറാണെന്ന് ജാഫര്‍ ഇടുക്കി, സാബു ഉള്‍പ്പടെയുള്ള ഏഴുപേര്‍ എറണാകുളം സിജെഎം കോടതിയെ അറിയിച്ചു. നുണപരിശോധനയ്ക്ക് തയ്യാറാകണമെന്ന് സിബിഐ കേസേറ്റെടുത്തപ്പോള്‍ തന്നെ ഇവരോട് ആവശ്യപ്പെട്ടിരുന്നു. നുണപരിശോധനയ്ക്ക് തയ്യാറാണോ അല്ലയോ എന്നറിക്കണം എന്നാവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച ഇവര്‍ക്ക് കോടതിയും നോട്ടീസയച്ചിരുന്നു . തുടര്‍ന്നാണ് ഇവര്‍ നുണപരിശോധനയ്ക്ക് തയ്യാറാണെന്ന് കോടതിയെ അറിയിച്ചത്.

നുണപരിശോധനയ്ക്ക് എന്നല്ല എന്ത് പരിശോധനയ്ക്കും താന്‍ തയ്യാറാണെന്ന് ജാഫര്‍ ഇടുക്കി പറഞ്ഞു. ആരുടെയും നിര്‍ബന്ധത്തിന് വഴങ്ങിയല്ല. സ്വന്തം ഇഷ്ടപ്രകാരമാണ് നുണപരിശോധനയ്ക്ക് തയ്യാറായിരിക്കുന്നത്. ഈ മാസമോ അല്ലെങ്കില്‍ അടുത്തമാസമോ ആയിരിക്കും നുണപരിശോധന നടക്കുക എന്നും ജാഫര്‍ ഇടുക്കി പറഞ്ഞു.

സാബു, ജാഫര്‍ ഇടുക്കി, കലാഭവന്‍ മണിയുടെ ഡ്രൈവര്‍, മാനേജര്‍ ഉള്‍പ്പടെയുള്ള ഏഴുപേരെയാണ് നുണപരിശോധനയ്ക്ക് വിധേയരാക്കുക. 2016 മാര്‍ച്ച് ആറിനാണ് കലാഭവന്‍ മണി മരണപ്പെട്ടത്. മരണവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നുണ്ടെങ്കിലും കേസില്‍ വലിയ പുരോഗതിയൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.

DONT MISS
Top