‘തോല്‍വിയില്‍ നിന്നാണ് ഞാന്‍ തുടങ്ങിയത്, ഒരുപാട് തോറ്റിട്ടുണ്ട് പക്ഷേ തളര്‍ന്നിട്ടില്ല’; പടം ഓടാത്തതിനേക്കാള്‍ നമ്മുടെ ചിന്ത തെറ്റായി എന്നു തോന്നുന്നതാണ് യഥാര്‍ത്ഥ തോല്‍വിയെന്ന് ഫഹദ് ഫാസില്‍


പരാജയങ്ങളില്‍ തളരാത്ത മനസ്സാണ് എന്റേതെന്ന് നടന്‍ ഫഹദ് ഫാസില്‍. തോല്‍വിയില്‍ നിന്നാണ് ഞാന്‍ തുടങ്ങിയത്. ഒരുപാട് തോറ്റിട്ടുണ്ടെങ്കിലും താന്‍ തളര്‍ന്നിട്ടില്ലെന്നും പടം ഓടാത്തതിനേക്കാള്‍ നമ്മുടെ ചിന്ത തെറ്റായിപ്പോയി എന്ന തോന്നലാണ് യഥാര്‍ത്ഥ തോല്‍വിയെന്നും ഫഹദ് പറഞ്ഞു. ഫഹദിന്റെ പുതിയ ചിത്രമായ ‘കുമ്പളങ്ങി നൈറ്റ്‌സിന്റെ’ ഗെറ്റ് ടുഗെദര്‍ വീഡിയോയിലാണ് ഫഹദ് തോല്‍വികള്‍ അതിജീവിക്കുന്നതിനെക്കുറിച്ച് പറഞ്ഞത്.

‘തോല്‍വിയിലാണ് തുടങ്ങുന്നത്. ഒരു പാട് തോറ്റിട്ടിട്ടുണ്ട് പക്ഷേ തളര്‍ന്നിട്ടില്ല. പടം ഓടിയില്ലെങ്കില്‍ ആ പടത്തിനുണ്ടായ സാമ്പത്തിക നഷ്ടമല്ല. മറിച്ച് നമ്മള്‍ തെറ്റായിരുന്നല്ലോ എന്നാണ് എന്റെ ചിന്ത. കഴിഞ്ഞ ആറ് മാസമോ അതിലപ്പുറമോ നാം കൊണ്ടു നടന്ന ചിന്ത അല്ലെങ്കില്‍ തീരുമാനമാണ് തെറ്റായി പോയത്. തൊഴിലുണ്ടാകുന്ന കാലത്തോളം പണമുണ്ടാക്കാം, പക്ഷേ നമ്മുടെ ചിന്ത തെറ്റായി എന്ന് തോന്നുന്നതാണ് യഥാര്‍ഥ തോല്‍വി’. ഫഹദ് പറഞ്ഞു.

ആദ്യ സിനിമയായ കയ്യെത്തും ദൂരത്ത് വന്‍ പരാജയം ആയിരുന്നു. എന്നാല്‍ ആ പരാജയത്തില്‍ അടങ്ങിയിരിക്കുവാന്‍ ഫഹദ് തയ്യാറായിരുന്നില്ല. ഏഴ് വര്‍ഷങ്ങള്‍ക്കിപ്പുറം തന്റെ മടങ്ങി വരവില്‍ ഒരു പിടി ഹിറ്റ് ചിത്രങ്ങളും ഒപ്പം മികച്ച അഭിനേതാവെന്ന വിഷേഷണത്തിലൂടെയുമാണ് ഫഹദ് മധുര പ്രതികാരം നടത്തിയിരിക്കുന്നത്. അതില്‍ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ‘കുമ്പളങ്ങി നൈറ്റ്‌സ്’ എന്ന ചിത്രം.

വര്‍ക്കിംഗ് ക്ലാസ് ഹീറോ: നിര്‍മ്മാണ കമ്പനിയുമായി ദിലീഷ് പോത്തനും ശ്യാം പുഷ്‌കറും, ആദ്യചിത്രം ഫഹദിന്റെ കുമ്പളങ്ങി നൈറ്റ്‌സ്

ശ്യാം പുഷ്‌കരന്റെ തിരക്കഥയില്‍ മധു സി നാരായണന്‍ സംവിധാനം ചെയ്ത ചിത്രമാണ് കുമ്പളങ്ങി നൈറ്റ്‌സ്. റിലീസ് ചെയ്ത് ആദ്യ ദിവസം തന്നെ ബോക്‌സോഫീസുകളില്‍ നിറഞ്ഞ കയ്യടി വാങ്ങുന്ന ചിത്രത്തില്‍ പതിവിലും വ്യത്യസ്തമായ കഥാപാത്രവുമായാണ് ഫഹദ് എത്തുന്നത്. നിര്‍മാതാവായത് കൊണ്ടല്ല വ്യത്യസ്തമായ കഥാപാത്രമായിട്ടു കൂടി ചിത്രത്തില്‍ അഭിനയിച്ചത്. കഥാപാത്രത്തെക്കുറിച്ച് അവര്‍ തന്ന വിവരണം തൃപ്തിപ്പെടുത്തുന്നതായിരുന്നു. അത് ഗംഭീര സിനിമയാകുമെന്നുറപ്പുണ്ടായിരുന്നു. ഗംഭീരമായ സിനിമയില്‍ ഏത് കഥാപാത്രം ചെയ്താലും അത് നന്നാവുമെന്നത് സിനിമയുടെ സത്യമാണെന്നും ഫഹദ് പറഞ്ഞു.

DONT MISS
Top