‘സ്ത്രീവിരുദ്ധതയെ ആഘോഷമാക്കുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യമല്ല’; സ്ത്രീ വിരുദ്ധത മഹത്വവത്കരിക്കുന്ന രംഗങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് അപര്‍ണ ബാലമുരളി

സ്ത്രീവിരുദ്ധത നിറഞ്ഞു നില്‍ക്കുന്ന സംഭാഷണങ്ങളും രംഗങ്ങളും മഹത്വവത്കരിക്കുന്നത് അംഗീകരിച്ചു കൊടുക്കാനാവില്ലെന്ന് നടി അപര്‍ണ ബാലമുരളി. ഇത്തരം രംഗങ്ങളെ ആഘോഷമാക്കുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യമായി കണക്കാക്കാനാവില്ലെന്നും അപര്‍ണ പറഞ്ഞു. തിരുവനന്തപുരം പ്രസ്‌ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിലാണ് അപര്‍ണ തന്റെ നിലപാടുകള്‍ തുറന്നു പറഞ്ഞത്.

സിനിമയില്‍ കഥയുടെ ഭാഗമായി ചില രംഗങ്ങളില്‍ സ്ത്രീ വിരുദ്ധത കടന്നുവരും. എന്നാല്‍ അതിനെയൊരു ആഘോഷമാക്കുന്ന രീതിയില്‍ അവതരിപ്പിക്കുന്നതിനോടു യോജിപ്പില്ലെന്നും താന്‍ അതിനെ അംഗീകരിക്കില്ലെന്നും അപര്‍ണ പറഞ്ഞു. ‘പുരുഷ കേന്ദ്രീകൃത സമൂഹമായതിനാലാവണം സ്ത്രീ വിരുദ്ധത ഇത്രയും ചര്‍ച്ച ചെയ്യുന്നത്. അതിനൊപ്പം തന്നെ എല്ലാ വിഭാഗത്തിനെതിരെയുണ്ടാവുന്ന അതിക്രമങ്ങളും ചെറുക്കണം. സ്ത്രീ വിരുദ്ധതയെ ആഘോഷിക്കുന്ന രീതിയിലുള്ള രംഗങ്ങള്‍ തന്റെ കഥാപാത്രത്തിന്റെ ഭാഗമായുണ്ടായാല്‍ അത് തിരുത്തണമെന്ന് ആവശ്യപ്പെടും’,അപര്‍ണ വ്യക്തമാക്കി.

ഇനി സ്ത്രീ വിരുദ്ധ ചിത്രങ്ങളുടെ ഭാഗമാകില്ലെന്ന പ്രതിജ്ഞയുമായി പൃഥ്വീരാജ്; ഇതുവരെ തന്റെ കഥാപാത്രങ്ങള്‍ ചെയ്ത സ്ത്രീ വിരുദ്ധതയ്‌ക്ക് മാപ്പ് ചോദിക്കുവെന്നും താരം

ഇതിന് മുന്‍പ് നടി പാര്‍വതി, സിനിമയില്‍ സ്ത്രീവിരുദ്ധത മഹത്വവല്‍ക്കരിക്കുന്നതിനെ എതിര്‍ത്തിരുന്നു. അത്തരം സംഭാഷണങ്ങള്‍ മാതൃകയാക്കിക്കാണിക്കരുതെന്നും പാര്‍വതി പറഞ്ഞിരുന്നു. നടന്‍ പൃത്ഥ്വിരാജും കഴിഞ്ഞ ദിവസം സ്ത്രീവിരുദ്ധത മഹത്വവല്‍ക്കരിക്കുന്ന ചിത്രങ്ങളില്‍ അഭിനിയിക്കില്ലെന്ന തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നതായി അറിയിച്ചിരുന്നു. ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ അഭിനയിച്ചതിന് മാപ്പ് പറഞ്ഞുകൊണ്ടാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. താന്‍ എഴുതിയ തിരക്കഥകളിലെ അത്തരം രംഗങ്ങളില്‍ ക്ഷമ ചോദിച്ചുകൊണ്ട് രഞ്ജി പണിക്കരും രംഗത്തു വന്നിരുന്നു.

DONT MISS
Top