കഥ മോഷ്ടിച്ചുവെന്ന് ആരോപണം; ആഷിഖ് അബുവിന്റെ ‘വൈറസ്’ സിനിമയ്ക്ക് സ്റ്റേ

കൊച്ചി: കേരളത്തെ പിടിച്ചുലച്ച ‘നിപ വൈറസ്’ ബാധയുടെ പശ്ചാത്തലത്തില്‍ ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രം ‘വൈറസിന്’ കോടതിയുടെ സ്‌റ്റേ. ചിത്രത്തിന്റെ കഥ മോഷ്ടിച്ചതാണെന്നു ആരോപിച്ച് സംവിധായകന്‍ ഉദയ് ആനന്ദന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. സിനിമയുടെ പേരും കഥയും തന്റേതാണെന്നും, താന്‍ ഈ കഥ 2018 നവംബറില്‍ ഇതേ പേരില്‍ രജിസ്റ്റര്‍ ചെയ്തിരുന്നതായും ഉദയ് ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചു. എറണാകുളം ജില്ലാ കോടതിയാണ് ചിത്രത്തിനെതിരെ സ്‌റ്റേ ഓര്‍ഡര്‍ പുറപ്പെടുവിച്ചിരിക്കുന്നത്. കേസ് ഈ ഫെബ്രുവരിയില്‍ കോടതി വീണ്ടും പരിഗണിക്കും.

വൈറസിന്റെ ചിത്രീകരണം കോഴിക്കോട് പുരോഗമിക്കുന്നതിനിടയിലാണ് കോടതി നടപടി. കോഴിക്കോടി ജില്ലയില്‍ത്തന്നെയാണ് സിനിമയുടെ മുഴുവന്‍ ലൊക്കേഷനും. വമ്പന്‍ താരനിരകളെ അണിയിച്ചൊരുക്കിയാണ് ആഷിഖ് അബു ചിത്രം ഒരുക്കുന്നത്. ടൊവിനോ തോമസ്, പാര്‍വ്വതി തിരുവോത്ത്, രമ്യ നമ്പീശന്‍, റിമ കല്ലിങ്കല്‍, ആസിഫ് അലി, ചെമ്പന്‍ വിനോദ്, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് രാജീവ് രവിയാണ്.

പീഡനത്തിനിരയാകുന്നത് നിങ്ങളുടെ തെറ്റല്ല, അക്രമം ചെയ്യുന്നവരാണ് തെറ്റുകാര്‍; മമ്തയ്ക്ക് മറുപടിയുമായി റിമയും ആഷിഖ് അബുവും

കളക്ടര്‍ ശ്രീറാം സാംബശിവ റാവുവാണ് ആദ്യ ക്ലാപ്പടിച്ച് ചിത്രീകരണത്തിന് തുടക്കം കുറിച്ചത്. നടന്‍ ടൊവിനോ തോമസ് ചിത്രത്തില്‍ കോഴിക്കോട് ജില്ലാ കളക്ടര്‍ യു വി ജോസിന്റെ വേഷത്തിലെത്തുമ്പോള്‍ രേവതി ആരോഗ്യമന്ത്രി കെ കെ ഷൈലജയായും, റിമ കല്ലിങ്കല്‍ നിപ്പാ രോഗബാധിതരെ പരിശോധിക്കുന്നതിനിടെ അന്തരിച്ച ലിനി സിസ്റ്ററെയും അവതരിപ്പിക്കുന്നു.

ത്രില്ലറും വൈകാരികതയും നിറഞ്ഞ ചിത്രം വിഷുവിന് റിലീസിനെത്തുമെന്നു അറിയിച്ചിരിക്കെയാണ് അനിശ്ചിതത്വത്തിലാക്കി കോടതി സ്‌റ്റേ പുറപ്പെടുവിച്ചിരിക്കുന്നത്. മമ്മൂട്ടി ചിത്രമായ വൈറ്റ്, രഞ്ജിത് ഒരുക്കിയ കേരള കഫേയിലെ ഫഹദ് നായകനായ മൃത്യുഞ്ജയം, അജ്മല്‍ നായകനായ പ്രണയകാലം എന്നീ സിനിമകളുടെ സംവിധായകനാണ് ഉദയ് ആനന്ദന്‍

DONT MISS
Top