‘എന്റെ ജീവിതത്തില്‍ ജൂണ്‍ പകര്‍ന്നു തന്ന വസന്തമാണ് സിനിമ’; ഏറെ നാളത്തെ സ്വപ്‌നം സാധ്യമായതിന്റെ അനുഭവം പങ്കുവെച്ച് സര്‍ജാനോ ഖാലിദ്

ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ രജിഷ വിജയനെ കേന്ദ്രകഥാപാത്രമാക്കി അഹമ്മദ് കബീര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജൂണ്‍. ചിത്രം ഫെബ്രുവരി പതിനഞ്ചിന് റിലീസിനെത്തുമ്പോള്‍ സര്‍ജാനോ ഖാലിദ് എന്ന ചെറുപ്പക്കാരന്റെ ഏറെ നാളത്തെ സ്വപ്‌നം കൂടിയാണ് യാഥാര്‍ത്ഥ്യമാകുന്നത്.

ജൂണിലൂടെ യഥാര്‍ത്ഥത്തില്‍ പെയ്തിറങ്ങുന്നത് സര്‍ജാനോ ഖാലിദ് എന്ന പതിനെട്ട് വയസ്സുകാരന്റെ സിനിമാ അരങ്ങേറ്റവും അവന്റെ ഏറെ നാളത്തെ കാത്തിരിപ്പുമാണ്.

കോഴിക്കോട് നാഥാപുരം സ്വദേശിയായ സര്‍ജാനോ ഖാലിദ് ഫ്രൈഡേ ഫിലിംസിന്റെ കാസ്റ്റിംങ് കോള്‍ കണ്ടാണ് ഓഡിഷനെത്തുന്നത്. മികച്ച പ്രകടനത്തിലൂടെ സെലക്ടായ സര്‍ജാനോ ജൂണിലൂടെ രജിഷാ വിജയന്റെ നായകനായെത്തുകയാണ്. നോയല്‍ എന്ന കഥാപാത്രത്തിലൂടെയാണ് വെള്ളിത്തിരയിലെത്തുന്നത്. തിരിഞ്ഞു നോക്കുമ്പോള്‍ ഒരുപാട് സന്തോഷവും അതിലുപരി ആണ്. എന്നെങ്കിലും സിനിമയില്‍ എത്തുമെന്ന് അറിയാമായിരുന്നുവെങ്കിലും ഇത്ര പെട്ടെന്നാവുമെന്ന് കരുതിയില്ലെന്ന് സര്‍ജാനോ പറയുന്നു. ആദ്യചിത്രത്തില്‍ത്തന്നെ നായകനായാണ് അരങ്ങേറ്റമെന്ന പ്രത്യേകതയും സര്‍ജാനോയെ അത്ഭുതപ്പെടുത്തുന്നു.

പുതിയ ആളുകളാണ് ഈ സിനിമയില്‍ ഏറെയും, അതിനാല്‍ത്തന്നെ അതിന്റേതായൊരു പുതുമയും ആത്മസമര്‍പ്പണവും എല്ലാവരിലും ഉണ്ടായിരുന്നു. ഓഡിഷന് ശേഷം ഷൂട്ട് നടക്കുന്നതിന് മുന്‍പ്തന്നെ വര്‍ക്ക്‌ഷോപ്പുണ്ടായിരുന്നു. ആ സമയത്താണ് താന്‍ കഥ കേള്‍ക്കുന്നതെന്നും ആ സമയത്തുതന്നെ സിനിമ ഹിറ്റാകുമെന്നു തോന്നിയിരുന്നെന്നും റിലീസിനു ശേഷം അങ്ങനെത്തന്നെയാവുമെന്നു പ്രതീക്ഷിക്കുന്നതായും സര്‍ജാനോ പറഞ്ഞു.

സാധാരണ സിനിമകളില്‍ ഏറെയും ഒരു പുരുഷന്റെ കാഴ്ചപ്പാടില്‍ നിന്ന് നോക്കിക്കാണുന്ന ചുറ്റുപാടുകളെക്കുറിച്ചും അതിനെ സമീപിച്ചുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ഉണ്ടാവാറുള്ളത്. എന്നാല്‍ ഒരു പെണ്‍കുട്ടിയുടെ കാഴ്ചപ്പാടില്‍ കാണുന്ന ലോകവും ചുറ്റുപാടുകളെക്കുറിച്ചുമാണ് ജൂണ്‍ പറഞ്ഞുവെക്കുന്നത്. പുറത്തു പഠിച്ചു വളര്‍ന്ന ഒരു മലയാളിപ്പയ്യനാണ് നോയല്‍ എന്ന കഥാപാത്രം. അത് തന്റെ ജീവിതവുമായി ഏറെ സാമ്യതയുള്ള ഒരു കഥാപാത്രമായാണ് സര്‍ജാനോയ്ക്കു തോന്നുന്നത്.

മലയാള സിനിമയില്‍ സജീവമായിത്തുടങ്ങിയിരുന്ന രജിഷ വിജയനുമായുള്ള കോംപിനേഷന്‍ സീനുകളെക്കുറിച്ചും സര്‍ജാനോ പറഞ്ഞു. തന്നെ സംബന്ധിച്ച് ഏറെ എക്‌സ്പീരിയന്‍സിഡ് ആയിട്ടുള്ള വ്യക്തിയാണ് രജിഷ. എന്നാല്‍ വളരെ സൗഹൃദ പൂര്‍വമായ പെരുമാറ്റമാണ് അവരില്‍ നിന്നുണ്ടായത്. അതുകൊണ്ടുതന്നെ കോംപിനേഷന്‍ സീനുകളൊക്കെ പേടി കൂടാതെ ചെയ്യാന്‍ കഴിഞ്ഞു. ചെറുപ്പം മുതലേ ഫോട്ടോഗ്രാഫിയോടു വളരെ കമ്പമുണ്ട്. തന്റെ ആ ഹോബിക്കൊപ്പം സിനിമയെ ജീവിതത്തിലേക്ക് ഒരു പ്രൊഫഷനായി കൂട്ടിക്കൊണ്ടു വരുന്നതിനൊപ്പം കിട്ടുന്ന കഥാപാത്രങ്ങളെല്ലാം പുതുമയുള്ളതും ഓര്‍ത്തുവെക്കാന്‍ പറ്റുന്നതായിരിക്കണമെന്നും ആണ് ഈ ചെറുപ്പക്കാരന്റെ ആഗ്രഹം.

ജീവിതത്തില്‍ ഏറ്റവും വിലമതിക്കുന്നത് കുടുംബത്തെയാണെന്നും സിനിമയെ അതോടൊപ്പം കൂട്ടാനുമാണ് തീരുമാനമെന്നും സര്‍ജാനോ പറഞ്ഞു. കോഴിക്കോടു സ്വദേശികളായ ഖാലിദിന്റേയും സാജിനയുടെയും മകനാണ് സര്‍ജാനോ. മൂന്ന് സഹോദരിമാരുണ്ട്.

ജൂണ്‍ എന്ന ചിത്രം ഈ മാസം 15ന് തിയേറ്ററുകളിലെത്തുമ്പോള്‍ സര്‍ജാനോ എന്ന ചെറുപ്പക്കാരന്റെ സ്വപ്‌നങ്ങള്‍ക്ക് കൂടിയാണ് ചിറകുകള്‍ അണിയുന്നത്.

DONT MISS
Top