ലിപ്‌ലോക്ക് ചെയ്ത് പ്രണയം പ്രകടിപ്പിക്കല്‍; ‘ലോകത്ത് ഇതുവരെ കാണാത്ത’ വ്യത്യസ്തമായ പ്രണയം അഡാറ് ലൗവില്‍ (വീഡിയോ)

പ്രണയമുണ്ടോ ഇല്ലയോ എന്ന സംശയത്തില്‍ നില്‍ക്കുമ്പോള്‍ നായകന്റെ ഭാഗത്തുനിന്നുള്ള ലിപ്‌ലോക്ക് ചുംബനം ഏത് രീതിയില്‍ എടുക്കാന്‍ സാധിക്കും? ഒരു യുവതിയില്‍നിന്ന് യാതൊരുവിധ താത്പര്യങ്ങളുമില്ലാതെ ഇങ്ങനെ ചെയ്താല്‍ അഴിക്കുള്ളിലാകും എന്ന ബോധ്യം സമൂഹം ആകമാനം ഉള്‍ക്കൊള്ളുന്ന ഇക്കാലത്ത് വീണ്ടും ഇത്തരത്തിലൊരു രംഗവുമായി പുരോഗമന സമൂഹത്തിലേക്ക് അഭിമാനത്തോടെ എത്തുകയാണ് വിഖ്യാത സംവിധായകന്‍ ഒമര്‍ ലുലു.

റിപ്പോര്‍ട്ടര്‍ ടിവിയുടെ ക്ലോസ് എന്‍കൗണ്ടറില്‍ ഒമര്‍ ലുലു പങ്കെടുത്ത എപ്പിസോഡ് കാണാം

നായികയ്ക്ക് പ്രണയമുണ്ടോ തന്നോട് എന്ന് ചിന്തിച്ചുനില്‍ക്കുന്ന റോഷന്റെ കഥാപാത്രം നായികയെ ചുംബിക്കുകയും പ്രിയാ വാര്യരുടെ കഥാപാത്രം പിന്നീട് പുഞ്ചിരിക്കുകയുമാണ്. പ്രണയം വ്യത്യസ്തമായ രീതിയില്‍ അവതരിപ്പിക്കുന്നയാളായി റോഷന്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ‘ഭാവാഭിനയം’ കാഴ്ച്ചവച്ചിരിക്കുന്നു.

ലോകത്ത് ഇതുവരെ ഒരു പ്രണയ ചിത്രത്തിലും കാണാത്ത അത്ര ‘വ്യത്യസ്തമായ’ സീനുമായി ചിത്രത്തിന്റെ സ്‌നീക്ക് പീക്ക് വീഡിയോ പുറത്തുവന്നിരിക്കുകയാണ്.  ഒമര്‍ ലുലു ‘നിലവാരം’ കാത്തുസൂക്ഷിച്ച ഇത്തരം രംഗങ്ങള്‍ ലോകത്ത് മറ്റ് ഏത് സിനിമാ മേഖലയില്‍ കാണാനാണ് എന്ന മറുചോദ്യവും ഉയരാം. ചിത്രം നിര്‍മിക്കുന്നത് ഔസേപ്പച്ചന്‍ മൂവി ഹൗസാണ്. ചിത്രം 14 ന് പുറത്തുവരും.

DONT MISS
Top