കടം വാങ്ങിയ തുക തിരിച്ച് നല്‍കിയില്ല; ഹണിട്രാപ്പില്‍ കുടുക്കി ചാനല്‍ ഉടമയെ കൊലപ്പെടുത്തി

വിജയവാഡ: കടം വാങ്ങിയ തുക തിരിച്ച് നല്‍കാത്തതിനെ തുടര്‍ന്ന് ചാനല്‍ ഉടമയും എന്‍ആര്‍ഐ ബിസിനസുകാരനുമായയാളെ ഹണിട്രാപ്പില്‍ കുടുക്കി കൊലപ്പെടുത്തി. ചിഗുരുപതി ജയറാം എന്നയാളെയാണ് ജനുവരി 30 ന് കാറിന്റെ പിന്‍ സീറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കടം വാങ്ങിയ നാലു കോടി തിരിച്ച് നല്‍കാത്തതിനെ തുടര്‍ന്ന് റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായ രാകേഷ് റെഡ്ഡി എന്നയാള്‍ ജയറാമിനെ ഹണിട്രാപ്പില്‍ കുടുക്കയും പിന്നീട് വണ്ടിയില്‍ വെച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

ബിസിനസ് ആവശ്യങ്ങള്‍ക്കാണ് എക്‌സ്പ്രസ് ടിവിയുടെ മാനേജിംഗ് എഡിറ്റര്‍ കൂടിയായ ജയറാം നാലു കോടി രൂപ റെഡ്ഡിയില്‍ നിന്നും കടം വാങ്ങിയത്. പണം തിരിച്ച് നല്‍കാന്‍ റെഡ്ഡി ആവശ്യപ്പെട്ടപ്പോള്‍ ജയറാം റെഡ്ഡിയുടെ മൊബൈല്‍ നമ്പര്‍ ബ്ലോക്ക് ചെയ്തു. തുടര്‍ന്ന് റെഡ്ഡി മറ്റൊരു വാട്‌സ്ആപ്പ് നമ്പറില്‍ നിന്നും ജയറാമുമായി ബന്ധപ്പെടുകയായിരുന്നു.

യുവതിയാണെന്ന വ്യാജേനയാണ് റെഡ്ഡി ജയറാമുമായി വാട്‌സ്ആപ്പില്‍ ബന്ധം സ്ഥാപിച്ചത്. യുവതിയുടെ ചിത്രമായിരുന്നു വാട്‌സ്ആപ്പില്‍ നല്‍കിയത്. നിരന്തരം ജയറാമുമായി ചാറ്റ് ചെയ്യുകയും നല്ല ബന്ധം സ്ഥാപിക്കുകയും ചെയ്ത പ്രതി തനിച്ച് ജയറാമിനോട് ജൂബിലി ഹില്‍സിലുള്ള വീട്ടില്‍ വരണമെന്ന് ആവശ്യപ്പെട്ടു. വീട്ടിലെത്തിയ ജയറാമിനെ റെഡ്ഡിയും ഇയാളുടെ ഡ്രൈവറും ചേര്‍ന്ന് അക്രമിക്കുകയായിരുന്നു.

ജയറാമിനോട് പലിശ സഹിതം ആറു കോടി രൂപ തിരികെ നല്‍കാന്‍ റെഡ്ഡി ആവശ്യപ്പെട്ടു. എന്നാല്‍ ജയറാമിന്റെ കയ്യില്‍ വെറും ആറ് ലക്ഷം രൂപമാത്രമാണ് ഉണ്ടായിരുന്നത്. തുടര്‍ന്ന് റെഡ്ഡി ജയറാമിനെ മര്‍ദ്ദിച്ച് അവശനാക്കി. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ജയറാം വാഹനത്തില്‍ലവെച്ച് തന്നെ മരിക്കുകയായിരുന്നു. ജയറാമിന്റെ കാര്‍ കൃഷ്ണ ജില്ലയിലെ റോഡ് അരികില്‍ കൊണ്ടിടുകയും കാര്‍ അപകടം നടന്നതായി റെഡ്ഡി ചിത്രീകരിക്കുകയും ചെയ്തു.

വീട്ടുകാരുടെ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കാര്‍ അപകടത്തിലല്ല ജയറാം മരിച്ചത് എന്ന് കണ്ടെത്തിയത്. വീട്ടുകാരുടെ മൊഴിയില്‍ നിന്നുമാണ് റെഡ്ഡിയും ജയറാമും തമ്മിലുണ്ടായിരുന്ന പണ ഇടപാടിനെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. തുടര്‍ന്ന് റെഡ്ഡിയെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി ഇയാളാണന്ന് പൊലീസ് കണ്ടെത്തിയത്. മറ്റാര്‍ക്കെങ്കിലും കൊലപാതകത്തില്‍ പങ്കുണ്ടോ എന്ന കാര്യം പൊലീസ് ഇപ്പോഴും അന്വേഷിച്ച് വരികയാണ്.

DONT MISS
Top