എന്‍ഡ്‌ഗെയിം ട്രെയ്‌ലറില്‍നിന്ന് മാര്‍വല്‍ മായ്ച്ചുകളഞ്ഞത് ആരെ? ഹോളിവുഡ് സിനിമാ ഗ്രൂപ്പുകളില്‍ ചര്‍ച്ച പൊടിപൊടിക്കുന്നു

അവഞ്ചേഴ്‌സിന്റെ നാലാം ഭാഗവും ഇന്‍ഫിനിറ്റി വാറിന്റെ രണ്ടാം ഭാഗം എന്ന് വിശേഷിപ്പിക്കാവുന്നതുമായ എന്‍ഡ്‌ഗെയിമിന്റെ രണ്ടാം ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസം പുറന്നുവന്നിരുന്നു. ഏവരുടേയും പ്രതീക്ഷ ശരിവയ്ക്കുംവിധം എത്തും പിടിയും കിട്ടാത്ത ട്രെയ്‌ലറാണ് രണ്ടാമത്തേതും. ഒന്നാം ട്രെയ്‌ലറിലും യാതൊന്നും പ്രേക്ഷകര്‍ക്ക് പിടികിട്ടുന്ന വിധമായിരുന്നില്ല ഒരുക്കിയിരുന്നത്.

ഇപ്പോള്‍ പുറത്തുവന്ന രണ്ടാം ട്രെയ്‌ലറിന്റെ ഒരു ഷോട്ടില്‍ ഒരു സുപ്രധാന കഥാപാത്രത്തെ മാര്‍വല്‍ മായ്ച്ചുകളഞ്ഞുവോ എന്നാണ് ഹോളിവുഡ് സിനിമാ ഗ്രൂപ്പുകള്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. മായ്ച്ചുകളഞ്ഞ ഭാഗത്തെ പന്തികേട് സ്‌ക്രീന്‍ഷോട്ടിലുണ്ടുതാനും. യാദൃശ്ചികമായി സംഭവിച്ച ഒരു മറവ് അല്ല ഇവിടെ കാണാന്‍ സാധിക്കുന്നത് എന്നതാണ് പൊതുവെ അഭിപ്രായം.

എങ്കില്‍ ആരാകും ഈ ഭാഗത്തുള്ളത്? ഒരുപക്ഷേ ക്യാപ്റ്റന്‍ മാര്‍വലാകാം അവിടെയുള്ളത്. അതുമല്ല, ലോക്കിയാണ് അവിടെയുള്ളത് എന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. മൂന്നാമതൊരാളാകാനും സാധ്യതകളുണ്ട്.

മാര്‍വല്‍ സിനി യൂണിവേഴ്‌സില്‍ ഇതുവരെ പ്രത്യക്ഷപ്പെടാത്ത ഒരു കഥാപാത്രമാണ് ക്യാപ്റ്റന്‍ മാര്‍വല്‍. മാര്‍വലിന്റെ കഥാപാത്രങ്ങളിലെ ഏറ്റവും കരുത്തുള്ള കഥാപാത്രവും ക്യാപ്റ്റന്‍ മാര്‍വല്‍തന്നെ. അടുത്ത മാസമാണ് ചിത്രം റിലീസിനെത്തുക. തുടര്‍ന്നുവരുന്ന എന്‍ഡ് ഗെയിമിലും ക്യാപ്റ്റന്‍ മാര്‍വലുണ്ടാകും.

ഇന്‍ഫിനിറ്റിവാറിന്റെ ആരംഭത്തില്‍ത്തന്നെ താനോസിന്റെ കരങ്ങളാല്‍ കൊല്ലപ്പെടുന്ന കഥാപാത്രമാണ് ലോക്കി. ഹെലയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപെട്ട ലോക്കിയും തോറും പുതിയ തീരങ്ങള്‍ തേടുമ്പോള്‍ അസ്ഗാര്‍ഡിയനുകളെ മുഴുവന്‍ വധിച്ചുകൊണ്ട് താനോസ് ഇവിടേക്ക് കടന്നുവരുന്നു. ഇനിയൊരു ഉയര്‍ത്തെഴുന്നേല്‍പ്പില്ല എന്ന് സൂചിപ്പിച്ചുകൊണ്ടാണ് ലോക്കിയെ കൊന്നുകളയുന്നതും. അതിനാല്‍ ലോക്കിയാകില്ല ഈ മായ്ക്കപ്പെട്ട സീനില്‍ എന്നും വാദമുണ്ട്.

ക്യാപ്റ്റന്‍ അമേരിക്കയുടെ സ്ഥിരം ഷീല്‍ഡ് തിരികെ നേടുന്നും ആന്റ്മാന്‍ കടന്നുവരുന്നതുമെല്ലാം സൂചിപ്പിക്കുന്ന ട്രെയ്‌ലറുകള്‍ മറ്റ് സൂചനകളൊന്നും തരുന്നതേയില്ല. മറഞ്ഞുപോകാതെ ബാക്കിയാകുന്ന സൂപ്പര്‍ഹിറോകള്‍ മാത്രമാണ് ഇതുവരെ ട്രെയ്‌ലറുകളില്‍ മുഖം കാണിച്ചിട്ടുള്ളത്. പുതിയതായി പുറത്തുവന്ന ട്രെയ്‌ലര്‍ താഴെ കാണാം.

DONT MISS
Top