നേപ്പാളും ഭൂട്ടാനും ഇന്ത്യയുടെ ഭാഗമാണെന്നാണ് ട്രംപ് കരുതിയിരുന്നത്; വെളിപ്പെടുത്തലുമായി യുഎസ്‌ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍

വാഷിംഗ്ടണ്‍: നേപ്പാളും ഭൂട്ടാനും ഇന്ത്യയുടെ ഭാഗമാണെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് കരുതിയിരുന്നത് എന്ന രസകരമായ വെളിപ്പെടുത്തലുമായി യുഎസിലെ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍. ടൈം മാഗസിനാണ് ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. പേരു വെളിപ്പെടുത്താന്‍ തയ്യാറാകാത്ത ഉദ്യോഗസ്ഥരാണ് ട്രംപിന്റെ ഈ മണ്ടന്‍ തെറ്റിദ്ധാരണയെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്.

ദക്ഷിണേന്ത്യയെക്കുറിച്ചുള്ള ഒരു ചര്‍ച്ചക്കിടെയാണ് ട്രംപിന്റെ ഈ തെറ്റിദ്ധാരണയെക്കുറിച്ച് ഉദ്യോഗസ്ഥര്‍ അറിയുന്നത്. ദക്ഷിണേന്ത്യയുടെ മാപ്പ് ചൂണ്ടിക്കാണിച്ചാണ് ട്രംപ് നേപ്പാള്‍ ഇന്ത്യയുടെ ഭാഗമാണെന്ന് പറഞ്ഞത്. എന്നാല്‍ നേപ്പാള്‍ ഒരു സ്വതന്ത്ര രാജ്യമാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞപ്പോള്‍ ഭൂട്ടാന്‍ ഇന്ത്യയിലാണ് എന്നതായിരുന്നു ട്രംപിന്റെ മറുപടി.

Also read: കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ ഡോണാള്‍ഡ് ട്രംപ് 8,158 കള്ളങ്ങള്‍ പറഞ്ഞുവെന്ന് റിപ്പോര്‍ട്ട്

ദക്ഷിണേന്ത്യയെക്കുറിച്ചുള്ള ട്രംപിന്റെ അറിവില്ലായ്മയെക്കുറിച്ച് ഇതിനു മുന്‍പും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 2017 ല്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെ ട്രംപ് നേപ്പാളിനെ നിപ്പിള്‍ എന്നും ഭൂട്ടാനെ ബട്ടന്‍ എന്നുമായിരുന്നു പറഞ്ഞിരുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ക്കെതിരെ ട്രംപ് രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചിരുന്നത്. ഇറാനിലെ അമേരിക്കന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെയാണ് ട്രംപ് വിമര്‍ശിച്ചത്. അവര്‍ നിഷ്‌ക്രിയരാണെന്നും ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ വീണ്ടും സ്‌കൂളില്‍ പോകണമെന്നുമാണ് ട്രംപ് പറഞ്ഞത്.

DONT MISS
Top