‘സ്ത്രീയാണ് ദൈവം, അവരെങ്ങനെ അശുദ്ധരാകും, ശബരിമല വിഷയത്തില്‍ കേരള മുഖ്യമന്ത്രിയുടെ നിലപാടാണ് ശരി’; പിണറായി വിജയനെ പ്രകീര്‍ത്തിച്ച് വിജയ് സേതുപതി


ശബരിമല വിഷയത്തില്‍ കേരളാ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ പ്രകീര്‍ത്തിച്ച് തമിഴ്‌നടന്‍ വിജയ് സേതുപതി. സ്ത്രീയെ ദൈവമായി കണക്കാക്കണമെന്നും അവര്‍ അശുദ്ധയല്ലെന്നും പറഞ്ഞ സേതുപതി, ഈ വിഷയങ്ങളിലടക്കം പിണറായി വിജയന്റെ പല തീരുമാനങ്ങളോടും ആദരവ് തോന്നിയിട്ടുണ്ടെന്നും താന്‍ അദ്ദേഹത്തിന്റെ കടുത്ത ആരാധകനാണെന്നും പറഞ്ഞു. ഒരു മലയാളം ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് സേതുപതി തന്റെ രാഷ്ട്രീയ-സാമൂഹിക കാഴ്ചപാടുകള്‍ വിശദീകരിച്ചത്.

പലരെയും മാറ്റിനിര്‍ത്തപ്പെടുന്ന പ്രവണത സമൂഹത്തില്‍ കണ്ടുവരുന്നുണ്ട്. അത് മാറേണ്ടതാണ്. തനിക്ക് അടുത്തവനുമായി ഒരു വ്യത്യാസവുമില്ലെന്ന് ഒരാള്‍ മനസ്സിലാക്കുന്നതോടെ എല്ലാം അവസാനിക്കുമെന്നും നമുക്ക് സ്വയംതിരിച്ചറിവുണ്ടായാല്‍ മാറ്റമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പിന്നെ വിദ്യാഭ്യാസം കൊണ്ടും പ്രണയ വിവാഹങ്ങള്‍ കൊണ്ടും ഇത് പതിയെ മാറിവരുമെന്നുംഅദ്ദേഹം പറഞ്ഞു.

പിണറായി വിജയന്റെ സഹോദര സ്‌നേഹത്തെ പ്രശംസിച്ച് വിജയ് സേതുപതി

ശബരിമല വിഷയത്തെക്കുറിച്ചും അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കി. ‘എന്തിനാണീ ബഹളങ്ങള്‍. ഭൂമി എന്നാല്‍ നമുക്കറിയാം അമ്മയാണ്. അതില്‍നിന്ന് ഒരുപിടി മണ്ണെടുത്ത് പ്രതിമചെയ്യുന്നു. അതിനുശേഷം ആ പ്രതിമ പറയുന്നു ഭൂമി അശുദ്ധയാണെന്ന്. ഇതല്ലേ സത്യത്തില്‍ സംഭവിച്ചത്. ആണായിരിക്കാന്‍ വളരെ എളുപ്പമാണ്. തിന്നു കുടിച്ച് മദിച്ച് ജീവിക്കാം. എന്നാല്‍, സ്ത്രീകള്‍ക്ക് അങ്ങനെയല്ല. എല്ലാമാസവും സ്ത്രീകള്‍ക്ക് ഒരു വേദന സഹിക്കേണ്ടതുണ്ട്. നമുക്കറിയാം അതെന്തിനുള്ള വേദനയാണെന്ന്. പരിശുദ്ധമാണത്. സ്ത്രീകള്‍ക്കത്തരം ഗുണവിശേഷമില്ലെങ്കില്‍ നമ്മളാരും ഇവിടെയുണ്ടാകില്ല. സ്ത്രീയാണ് ദൈവം. അവരെങ്ങനെ അശുദ്ധരാകും. ശബരിമല വിഷയത്തില്‍ കേരള മുഖ്യമന്ത്രിയുടെ നിലപാടാണ് ശരി.’ സേതുപതി പറഞ്ഞു. ആലപ്പുഴയില്‍ ചിത്രീകരണം നടക്കുന്ന മാമനിതില്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംങ് സെറ്റിനിടയില്‍ ആണ് അദ്ദേഹം അഭിമുഖം നല്‍കിയത്.

ജാതിയുടെയും മതത്തിന്റേയും വാലുകളൊന്നും ഇന്നും പോയിട്ടില്ല. പുരോഗമനം ഫെയ്‌സ്ബുക്കിലൂടെ വിളമ്പുന്നവരിലേരെയും ജാതിവാല്‍ പേരിന്റെ അറ്റത്തു നിലനിര്‍ത്തുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. ഇമോഷണല്‍ കറപ്ഷനാണ് ജാതിയെന്നും അതിന് കൃത്യമായ ശ്രേണി ഉണ്ടായിരിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയ സേതുപതി ആലപ്പുഴയില്‍ വെച്ച് തനിക്ക് നേരിട്ട ഇത്തരമൊരനുഭവത്തെക്കുറിച്ചും പങ്കുവെച്ചു.
‘ആലപ്പുഴയില്‍ ഞാനൊരു ക്ഷേത്രത്തില്‍ പോയി. പ്രസാദം കൈയിലേക്ക് തൂക്കിയെറിഞ്ഞാണ് തന്നത്. പിന്നീടാണറിഞ്ഞത് അതാണിവിടത്തെ രീതിയെന്ന്. എന്നിട്ടും എന്നിലത് മനോവിഷമമുണ്ടാക്കി.’ സേതുപതി പറഞ്ഞു. ഈ ഒരു സംഭവത്തില്‍ത്തന്നെ ഇത്ര വേദനിച്ചെങ്കില്‍ സ്ത്രീകള്‍ എത്രത്തോളം വേദനിക്കുന്നുണ്ടെന്നോര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

‘പുരുഷനെ പ്രസവിച്ചത് സ്ത്രീയല്ലേ? എങ്കില്‍ പുരുഷന് കയറാം, പ്രസവിച്ച് സ്ത്രീക്ക് കയറാനാകില്ല എന്ന് പറയുന്നത് അധര്‍മ്മമല്ലേ?’ ശബരിമല യുവതീ പ്രവേശനത്തെ അനുകൂലിച്ചുകൊണ്ടുള്ള അമൃതാനന്ദമയിയുടെ മുന്‍നിലപാട് ഇങ്ങനെ

പിണറായി വിജയനൊപ്പം ഒരു വേദി പങ്കിടുവാന്‍ തനിക്ക് സാധിച്ചിട്ടുണ്ട്. അദ്ദേഹം കടന്നുവന്നപ്പോള്‍ ഒരു സ്‌കൂള്‍ ഹെഡ്മാസ്റ്ററെപ്പോലെയാണ് തോന്നിയത്. എല്ലാ ബഹളവും നിലച്ചു. എല്ലാവരും അനുസരണയുള്ളവരായി.അദ്ദേഹം വളരെ കൂളാണ്. ഏതു പ്രശ്‌നത്തെയും പക്വതയോടെ കൈകാര്യം ചെയ്യാനറിയാം. കേരളത്തില്‍ പ്രളയാനന്തരമാണ് തമിഴ്‌നാട്ടില്‍ ഗജ ചുഴലിക്കാറ്റ് ഉണ്ടായത. എന്നിട്ടും തമിഴ്‌നാടിന് വേണ്ടി അദ്ദേഹം പത്തുകോടി രൂപയടക്കം പല സഹായങ്ങളും നല്‍കി. നല്ലൊരു വ്യക്തിത്വത്തിന് മാത്രമേ അത്തരമൊരു മനസ്സുണ്ടാകൂ’ വിജയ് സേതുപതി പറഞ്ഞു.

DONT MISS
Top