‘ക്ലോസറ്റുകള്‍ ഐസ് മൂടി, ചൂടുവെള്ളം പോലും തണുത്തുറഞ്ഞു, പുറത്തിറങ്ങി ശ്വാസം വിടുന്നതുപോലും സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്’; അമേരിക്കയില്‍ റെക്കോഡ് തണുപ്പ്

അതിശൈത്യത്തില്‍ വിറച്ച് വിറങ്ങലിച്ചിരിക്കുകയാണ് അമേരിക്ക. പുറത്തിറങ്ങി ദീര്‍ഘനിശ്വാസം വിടുന്നത് പോലും ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പാണ് കാലാവസ്ഥ വകുപ്പ് ജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. മൈനസ് 29 ഡിഗ്രി വരെയാണ് പലയിടത്തും നിലവില്‍ തണുപ്പനുഭവപ്പെടുന്നത്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയിലെ ഏറ്റവും തണുത്ത ദിവസങ്ങളാണ് ഈയാഴ്ചയിലുടനീളമുണ്ടാവുകയെന്നും പുറത്തിറങ്ങുമ്പോള്‍ വളരെയേറെ ശ്രദ്ധിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തണുത്ത് മരവിച്ച് മരണം പോലും സംഭവിക്കാമെന്നതിനാല്‍ ശരീരം മുഴുവന്‍ മൂടുന്ന കട്ടിയുള്ള വസ്ത്രങ്ങള്‍ ധരിക്കണമെന്നും മുന്നറിയിപ്പുണ്ട്.

തണുപ്പ് അതിന്റെ മാക്‌സിമം പവറുമായി ആഞ്ഞടിക്കുമ്പോള്‍ ഇവിടെ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും ഇപ്പോള്‍ സോഷ്യല്‍ലോകത്ത് വൈറലാകുകയാണ്. തണുപ്പിനെ പ്രതിരോധിച്ച് പുറത്തിറങ്ങിയവരൊക്കെ ആ സാഹസിക നിമിഷങ്ങള്‍ ഏതെങ്കിലും വിധേനെ ഫോണില്‍ പകര്‍ത്താന്‍ ശ്രദ്ധിച്ചിട്ടുണ്ടെന്നതാണ് കൗതുകം. തല മൂടാതെ പുറത്തിറങ്ങിയ യുവതിയുടെ മുടി മുഴുവന്‍ തണുത്തുറഞ്ഞ് മുകളിലേക്കുയര്‍ന്നു നില്‍ക്കുന്നതും തിളപ്പിച്ച വെള്ളം അന്തരീക്ഷത്തിലേക്കൊഴിച്ച നിമിഷത്തില്‍ അത് തണുത്തുറഞ്ഞുപോകുന്നതുമൊക്കെ ഇവിടെയുള്ളവര്‍ പകര്‍ത്തിയിട്ടുണ്ട്.

ശൈത്യത്തിന്റെ ഭീകരതയില്‍ റെയില്‍ പാളങ്ങള്‍ ഐസ് മൂടുന്നതൊഴിവാക്കാനായി പാളത്തില്‍ മുഴുവന്‍ തീയിട്ടിരിക്കുകയാണ് ചിക്കാഗോയില്‍. ക്ലോസറ്റ് മുഴുവന്‍ ഐസ് മൂടിപ്പോയതിന്റെ ചിത്രങ്ങളും ചിലര്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ഐസ് കൂമ്പാരത്തിനു മുകളിലേക്ക് വെറുതെ പറത്തിവിട്ട സോപ്പ് കുമിള പോലും ഒരു നിമിഷംകൊണ്ട് ഐസ് കട്ടയാകുന്ന കാഴ്ചയും സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.


രാജ്യത്തെ ആറു കോടിയോളം ജനങ്ങളാണ് അതിശൈത്യം ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്ന പ്രദേശങ്ങളിലുള്ളത്. പുറത്തിറങ്ങി അധികം സംസാരിക്കുന്നതും ദീര്‍ഘശ്വാസം എടുക്കുന്നതുപോലും ശ്രദ്ധിക്കണമെന്നതിനാല്‍ പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ് ജനങ്ങള്‍. പുറത്തിറങ്ങണമെങ്കില്‍ത്തന്നെയും വാഹനങ്ങള്‍ സ്റ്റാര്‍ട്ടാക്കാന്‍ പോലും കഴിയാത്തത്ര തണുപ്പാണ് അനുഭവപ്പെടുന്നത്. സ്‌കൂളുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്. ആയിരത്തോളം വിമാന സര്‍വ്വീസുകളും റദ്ദ് ചെയ്തിട്ടുണ്ട്.

ഉത്തര ധ്രുവത്തില്‍നിന്നുള്ള ഏറ്റവും തണുത്ത കാറ്റ് വടക്കേ അമേരിക്കയിലേക്ക് എത്തുന്ന പ്രതിഭാസത്തെ പോളാര്‍ വോര്‍ട്ടക്‌സ് എന്നാണ് വിളിക്കുന്നത്. അമേരിക്കയിലെ ഈ ആഴ്ചത്തെ ഏറ്റവും കുറഞ്ഞ താപനിലക്ക് കാരണവും ഈ പ്രതിഭാസമാണ്. റെക്കോഡ് തണുപ്പാണ് രാജ്യത്തെ പല പ്രദേശങ്ങളിലും കാനഡയിലും അനുഭവപ്പെടുന്നത്. പലയിടങ്ങളിലും അറുപത് കിലോമീറ്റര്‍ വേഗതയിലാണ് ശീതക്കാറ്റ് അടിക്കുന്നത്. ഇതാണ് മൈനസ് മുപ്പതിനോട് അടുത്തുള്ള താപനിലയെ മൈനസ് അമ്പതിനോട് അടുത്തെത്തിക്കുന്നത്. തുടര്‍ച്ചയായി മൂന്നു ദിവസം പലയിടങ്ങളിലും മൈനസ് പതിനഞ്ചില്‍ താഴെയാകും താപനില.

DONT MISS
Top