പേരന്‍പ്: വിസ്മയിപ്പിച്ച് മലയാളത്തിന്റെ മെഗാതാരം, പകരംവയ്ക്കാനില്ലാത്ത അഭിനയ മികവിലേക്ക് തിരിച്ചെത്തി മമ്മൂട്ടി

പേരന്‍പ് എന്ന പുതിയ ചിത്രത്തിലൂടെ സൗത്ത് ഇന്ത്യന്‍ സിനിമാ മേഖലയെ വിസ്മയിപ്പിച്ച് മമ്മൂട്ടി. നാനാപാടുനിന്നും മികച്ച അഭിപ്രായം മാത്രമാണ് ചിത്രത്തിന് ലഭിക്കുന്നത്. വളരെക്കാലംകൂടി നടനമികവ് പ്രകടമാക്കേണ്ടതായ കഥാപരിസരമാണ് മമ്മൂട്ടിയ്ക്ക് ലഭിച്ചിരിക്കുന്നതും.

സ്പാസ്റ്റിക് പരാലിസിസ് എന്ന ശാരീരിക, മാനസിക അവസ്ഥയിലൂടെ സഞ്ചരിക്കുന്ന ഒരു പെണ്‍കുട്ടിയുടെ അച്ഛനായിട്ടാണ് മമ്മൂട്ടിയുടെ കഥാപാത്രം അമുദന്‍ ജീവിക്കുന്നത്. ഒരു പ്രത്യേക സാഹചര്യത്തില്‍ അമ്മ കുട്ടിയെ വിട്ടുപോകുമ്പോള്‍ കുട്ടിയുടെ പരിചരണം അച്ഛനില്‍ മാത്രമായ ഉത്തരവാദിത്തമാകുന്നു. ഇതോടെ അയാള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും ജീവിത സാഹചര്യങ്ങളും മമ്മൂട്ടിയുടെ കയ്യില്‍ ഭദ്രമായി.

തങ്കമീന്‍കള്‍ എന്ന ചിത്രത്തിലൂടെ റാം അവതരിപ്പിച്ച സാധനയാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ മകളായി എത്തി അതിശയിപ്പിച്ചിരിക്കുന്നത്. രോഗാവസ്ഥയിലൂടെ കടന്നുപോകുന്ന കൗമാര പ്രായക്കാരിയായി അവര്‍ ജീവിച്ചിരിക്കുകയാണ് ചിത്രത്തില്‍. മമ്മൂട്ടിയുടേയും സാധനയുടേയും കഥാപാത്രങ്ങള്‍ തമ്മിലുള്ള മത്സരാഭിനയം കണ്ണുകള്‍ക്ക് വിരുന്നാകുന്നു, മനസ് നിറയിക്കുന്നു.

തേനി ഈശ്വര്‍ എന്ന ഛായാഗ്രാഹകനും മനസുതൊട്ട സംഗീതം നിറച്ച യുവാന്‍ ശങ്കര്‍ രാജയും പിന്നണിയിലെ സൂപ്പര്‍ താരങ്ങളായി. സംവിധായകന്‍ റാം തന്റെ കരിയറിലെതന്നെ മികച്ച ചിത്രമാണ് മമ്മൂട്ടിയുടെ നടന മികവിലേക്ക് സംഭാവന ചെയ്തത്. അഞ്ജലിയും അഞ്ജലി അമീറും മികച്ച പ്രകടനം പുറത്തെടുക്കുകയും കൂടി ചെയ്തപ്പോള്‍ പ്രേക്ഷകര്‍ക്ക് പേരന്‍പ് ഒരു വിസ്മയ ചിത്രമായി മാറി.

DONT MISS
Top