ബ്ലാസ്റ്റേഴ്‌സിന് വീണ്ടും തോല്‍വി, പരാജയത്തിന്റെ റെക്കോര്‍ഡുകള്‍ സ്വന്തം

ദില്ലി: ഐഎസ്എല്ലില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ ഡെല്‍ഹി ഡൈനാമോസ് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. കഴിഞ്ഞ മത്സരത്തില്‍ കളിച്ച അതേ ടീമുമായി കളിക്കളത്തിലിറങ്ങിയ ബ്ലാസ്റ്റേഴ്‌സ് ആത്യന്തം മോശമായ കളിയാണ് പുറത്തെടുത്തത്. ഇതോടെ പരാജയങ്ങളുടെ പുതിയ തലങ്ങളാണ് കേരളത്തിന്റെ സ്വന്തം ടീം കണ്ടെത്തിയത്.

കളിക്ക് ഇറങ്ങുന്നതുവരെ കേരളവും ഡെല്‍ഹിയും തമ്മില്‍ ഏറെ സാമ്യങ്ങളുണ്ടായിരുന്നു. ഇരുടീമുകളും ഒരേയൊരു കളിമാത്രമേ വിജയിച്ചിരുന്നുള്ളൂ. രണ്ട് ടീമുകളും 13 ഗോളുകളടിച്ച് 21 ഗോളുകള്‍ തിരികെ വാങ്ങിയിരുന്നു. കളി അവസാനിച്ചതോടെ ഡല്‍ഹിക്ക് സീസണില്‍ രണ്ടാം വിജയമായി. ഡെല്‍ഹി അടിച്ചത് 15 ഗോളും കേരളം വാങ്ങിയത് 23 ഗോളുമായി.

കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 29നാണ് കേരളം അവസാനമായി ഒരു കളി ഐഎസ്എല്ലില്‍ വിജയിച്ചത്. അതാകട്ടെ ഉദ്ഘാടന മത്സരവുമായിരുന്നു. ഐഎസ്എല്‍ രണ്ടാം സീസണിലും ഉദ്ഘാടന മത്സരം ഹോസുവിന്റെ മിന്നും ഗോളില്‍ വിജയിച്ച ബ്ലാസ്‌റ്റേഴ്‌സ് പിന്നീട് പച്ചതൊട്ടതേയില്ല എന്ന കണക്കും മുന്നിലുണ്ട്. തുടര്‍ച്ചയായ 12 മത്സരങ്ങള്‍ വിജയമില്ലാതെ തുടര്‍ന്ന ഐഎസ്എല്‍ ടീം എന്ന റെക്കോര്‍ഡും കേരളത്തിന്റെ നേട്ടങ്ങളുടെ പട്ടികയിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെട്ടു.

DONT MISS
Top