കേരള ബാങ്ക് ഈ വര്‍ഷം യാഥാര്‍ത്ഥ്യമാവും; സംസ്ഥാനത്തെ ഏറ്റവും വലിയ ബാങ്കിങ് ശൃംഖലയായിരിക്കും കേരള ബാങ്കെന്ന് തോമസ് ഐസക്‌

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: നവകേരളത്തിനൊപ്പം കേരള ബാങ്കും ഈ വര്‍ഷം തന്നെ യാഥാര്‍ത്ഥ്യമാകുമെന്ന് ധനമന്ത്രി തോമസ് ഐസക്. സഹകരണ മേഖലയിലെ ജില്ലാ ബാങ്കുകളും സംസ്ഥാന ബാങ്കുകളും സംയോജിപ്പിച്ച് രൂപീകരിക്കുന്ന കേരള ബാങ്ക്, സംസ്ഥാനത്തെ ഏറ്റവും വലിയ ബാങ്കിങ് ശ്യംഖലയായിരിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. ബജറ്റ് രേഖാ അവതരണത്തിലാണ് നിര്‍ണായക ചുവടുവെയ്പായ കേരള ബാങ്കിനെക്കുറിച്ച് ധനമന്ത്രി വിശദമാക്കിയത്.

സഹകരണ ബാങ്കിംങ് രംഗത്തെ നേട്ടമായിരിക്കും കേരള ബാങ്ക്. സഹകരണ മേഖലയിലെ ഏറ്റവും വലിയ ഷെഡ്യൂള്‍ഡ് ബാങ്കും കേരള ബാങ്ക് ആയിരിക്കും. വ്യവസ്ഥകള്‍ അംഗീകരിച്ചതിനാല്‍ കേരള ബാങ്കിന് റിസര്‍വ് ബാങ്ക് അനുമതി നല്‍കിയിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു. പ്രവാസികളില്‍ നിന്ന് ഫണ്ട് ശേഖരിക്കാന്‍ കേരളാ ബാങ്കിന് കഴിയുന്നതോടു കൂടി ബാങ്കിന്റെ മൂലധന ശേഷി 57761 കോടി രൂപയില്‍ നിന്ന് 64741 കോടി രൂപയിലേക്ക് ഉയര്‍ത്താന്‍ സാധിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

നബാര്‍ഡ് മുന്നോട്ടു വച്ച നിര്‍ദേശങ്ങളും റിസര്‍വ് ബാങ്കിന്റെ നിബന്ധനകളുമായിരുന്നു കേരള ബാങ്ക് രൂപീകരണത്തില്‍ ആശങ്ക പടര്‍ത്തിയിരുന്നത്. ഇതില്‍ സമവായം ഉണ്ടാക്കാന്‍ പ്രയാസമില്ലെന്നും റബ്‌കോയുടെയും മാര്‍ക്കറ്റ് ഫെഡിന്റേയും കിട്ടാക്കടം 306 കോടി രൂപ സര്‍ക്കാര്‍ നല്‍കിയതിനാല്‍ ബാങ്ക് രൂപീകരണത്തിന് ഉണ്ടായ തടസ്സങ്ങള്‍ മാറിക്കിട്ടി എന്നും തോമസ് ഐസക് വ്യക്തമാക്കി.

DONT MISS
Top