രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ വെനസ്വേലയ്ക്ക് മുന്നറിയിപ്പുമായി അമേരിക്ക

വാഷിംഗ്ടണ്‍: പ്രസിഡന്റ് നിക്കൊളാസ് മഡുറോ നിലപാടു കടുപ്പിച്ചതോടെ വെനസ്വേലയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ വെനസ്വേലയ്ക്ക് മുന്നറിയിപ്പുമായി അമേരിക്ക രംഗത്ത്. രാജ്യത്തുള്ള അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെ ഏതെങ്കിലും നടപടിയുമായി മുന്നോട്ട് പോയാല്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. ജനാധിപത്യ പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്ന പ്രതിപക്ഷ നേതാവ് യുവാന്‍ ഗ്വെയ്‌ഡോയ്ക്ക് അമേരിക്ക പിന്തുണയും പ്രഖ്യാപിച്ചു.

വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡൂറോ രാജിവച്ച് പകരം യുവാന്‍ ഗെയ്‌ഡോ ഇടക്കാല പ്രസിഡന്റാകണമെന്ന് അമേരിക്കയടക്കം 21 രാജ്യങ്ങള്‍ നിലപാടെടുത്തതിന് പിന്നാലെയാണ് ഇപ്പോള്‍ വെനസ്വേലയ്ക്ക് മുന്നറിയിപ്പുമായി അമേരിക്ക രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ കൃത്രിമം നടത്തിയാണ് മഡൂറോ ജയിച്ചതെന്നും അതിനാല്‍ രാജി വെച്ചൊഴിയണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. മഡൂറോ രാജി വെയ്ക്കണമെന്ന ആവശ്യവുമായി വന്‍ പ്രതിഷേധമാണ് രാജ്യത്ത് അരങ്ങേറുന്നത്. നേരത്തെ ജനകീയ സമരങ്ങളുണ്ടായപ്പോഴെല്ലാം മഡുറോ സൈന്യത്തെ ഉപയോഗിച്ചു അവ അടിച്ചമര്‍ത്തുകയായിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന തിരഞ്ഞെടുപ്പില്‍ വന്‍കൃത്രിമം കാട്ടിയാണ് മഡുറോ വീണ്ടും അധികാരത്തില്‍ വന്നതെന്നു പ്രതിപക്ഷവും നിരീക്ഷകരും ഒരുപോലെ ആരോപിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ തെരഞ്ഞെടുപ്പ് പ്രതിപക്ഷം ബഹിഷ്‌കരിച്ചിരുന്നു.

അതേസമയം പ്രതിപക്ഷ നേതാവായിരുന്ന വാന്‍ ഗ്വീഡോ കഴിഞ്ഞ ബുധനാഴ്ച രാജ്യത്തിന്റെ ഇടക്കാല പ്രസിഡന്റായി സ്വയം പ്രഖ്യാപിച്ചു. യുഎസ്, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളുടെ പിന്തുണയോടെയാണ് വാന്‍ ഗ്വീഡോ പ്രസിഡന്റായി സ്വയം അവരോധിച്ചത്. ഇതേത്തുടര്‍ന്ന് വാന്‍ ഗ്വീഡോയെ പിന്തുണയ്ക്കുന്നവര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയതോടെ പ്രതിസന്ധി രൂക്ഷമായി. മഡുറോയെ അനുകൂലിക്കുന്നവരുമായുള്ള ഏറ്റുമുട്ടലും സൈന്യത്തിന്റെ ഇടപെടലും കൂടിയായപ്പോള്‍ സംഘര്‍ഷം രൂക്ഷമായി. ഏഴ് ദിവസങ്ങള്‍ക്കുള്ളില്‍ 26 പേരാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്.

യുഎസുമായുള്ള നയതന്ത്രബന്ധം വിച്ഛേദിക്കുന്നതായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച മഡുറോ ഇന്നലെ യുഎസിലെ തങ്ങളുടെ എംബസി അടച്ചുപൂട്ടാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് വെനസ്വേലയ്ക്ക് മുന്നറിയിപ്പുമായി അമേരിക്ക രംഗത്തെത്തിയിരിക്കകുന്നത്. രാജ്യത്തുള്ള അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെ ഏതെങ്കിലും നടപടിയുമായി മുന്നോട്ട് പോയാല്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നാണ് അമേരിക്കയുടെ താക്കീത്.

DONT MISS
Top