അമേരിക്കയിലെ ട്രഷറി സ്തംഭനത്തിന് താത്ക്കാലിക വിരാമം; മൂന്നാഴ്ച തുറന്നു പ്രവര്‍ത്തിക്കും

വാഷിംഗ്ടണ്‍ : അമേരിക്കയിലെ ട്രഷറി സ്തംഭനത്തിന് താല്‍ക്കാലിക വിരാമമായി. മൂന്നാഴ്ചത്തേക്ക് സര്‍ക്കാര്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസുമായി ധാരണയായെന്ന് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പറഞ്ഞു. മെക്‌സിക്കോ അതിര്‍ത്തിയിലെ മതിലിന് ഫണ്ട് പാസാക്കാതെ തന്നെയാണ് ട്രഷറി തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ ട്രംപ് സമ്മതിച്ചത്. അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും നീണ്ട ട്രഷറി സ്തംഭനമാണ് തത്ക്കാലത്തേക്ക് അവസാനിച്ചിരിക്കുന്നത്.

ഫെബ്രുവരി പതിനഞ്ചു വരെയാണ് ട്രഷറി തുറന്നു പ്രവര്‍ത്തിക്കുകയെന്ന് ഡോണാള്‍ഡ് ട്രംപ് പറഞ്ഞു. മെക്‌സിക്കോ അതിര്‍ത്തിയില്‍ നിര്‍മ്മിക്കുന്ന മതിലിന്റെ വിഷയത്തില്‍ മൂന്നാഴ്ചക്കകം തീരുമാനമാകുമെന്നാണ് പ്രതീക്ഷ. അതിനകം സമവായമുണ്ടായില്ലെങ്കില്‍ വീണ്ടും ട്രഷറി അടച്ചിടുകയോ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയോ ചെയ്യുമെന്ന് ട്രംപ് പറഞ്ഞു.

ഡെമോക്രാറ്റ് , റിപ്പബ്ലിക്കന്‍ അംഗങ്ങളും നേതാക്കളും ഉള്‍പ്പെടുന്ന ഉഭയകക്ഷി സമിതി ഉടനടി സമവായ ചര്‍ച്ചകള്‍ ആരംഭിക്കുമെന്ന് പ്രസിഡന്റ് ട്രംപ് പറഞ്ഞു. മതിലെന്ന ആശയത്തോട് ഡെമോക്രാറ്റുകളും യോജിക്കുന്നുണ്ടെന്ന് ട്രംപ് അവകാശപ്പെട്ടു. മതില്‍ നിര്‍മ്മിക്കാന്‍ അഞ്ച് ദശാംശം ഏഴ് ബില്ല്യന്‍ ഡോളറിന്റെ ഫണ്ടാണ് ഡോണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇത് പാസാക്കാന്‍ ജനപ്രതിനിധിസഭയില്‍ ഭൂരിപക്ഷമുള്ള ഡെമോക്രാറ്റുകള്‍ വിസമ്മതിക്കുകയാണ്. ഫണ്ട് പാസാകാതെ സര്‍ക്കാര്‍ തുറന്നു പ്രവര്‍ത്തിപ്പിക്കുന്ന പ്രശ്‌നമില്ലെന്ന നിലപാടെടുത്ത ഡോണാള്‍ഡ് ട്രംപിന് ഒടുവില്‍ ഡെമോക്രാറ്റുകളുമായി ധാരണയിലെത്തേണ്ടി വരികയായിരുന്നു. മതിലിനു ഫണ്ട് ലഭിക്കാതെ സര്‍ക്കാര്‍ തുറന്നു പ്രവര്‍ത്തിപ്പിക്കേണ്ടി വന്നത് ട്രംപിന് രാഷ്ട്രീയമായ തിരിച്ചടിയാണെന്ന് വിലയിരുത്തപ്പെടുന്നു.

കോണ്‍ഗ്രസിന്റെ നിയന്ത്രണം ഡെമോക്രാറ്റുകള്‍ ഏറ്റെടുത്ത ശേഷമുള്ള ആദ്യ പ്രതിസന്ധിയാണ് ഇപ്പോള്‍ നടക്കുന്നത്. സ്പീക്കര്‍ നാന്‍സി പെലോസിയുടെ കര്‍ക്കശമായ നിലപാടുകള്‍ക്കു മുന്നില്‍ ട്രംപിന് തല്‍ക്കാലത്തേക്കെങ്കിലും മുട്ടുമടക്കേണ്ടി വരികയാണ്. പ്രസിഡന്റിന്റെ വാര്‍ഷിക പ്രസംഗമായ സ്‌റ്റേറ്റ് ഓഫ് ദി യൂനിയന്‍ ജന പ്രതിനിധി സഭയില്‍ നടത്തണമെങ്കില്‍ ട്രഷറി തുറന്നു പ്രവര്‍ത്തിക്കണമെന്ന സ്പീക്കറിന്റെ നിലപാടും നേരത്തേ ട്രംപ് അംഗീകരിച്ചിരുന്നു. ഇന്നത്തെ പ്രഖ്യാപനത്തോടെ മുപ്പത്തിയഞ്ചു ദിവസം നീണ്ട ട്രഷറി സ്തംഭനമാണ് അവസാനിച്ചത്.

DONT MISS
Top