രാഷ്ട്രീയത്തിലേക്കില്ല; വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് മഞ്ജുവാര്യര്‍

രാഷ്ട്രീയത്തിലേക്കിറങ്ങുന്നുവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് നടി മഞ്ജുവാര്യര്‍. ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും യോജിച്ച് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഇതും സംബന്ധിച്ച് ആരുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്നും മഞ്ജുവുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. മഞ്ജുവാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യപ്പെടുന്നതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. കോണ്‍ഗ്രസുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുണ്ടെന്നറിയിച്ച് നേതൃത്വവുമായി മഞ്ജു വാര്യര്‍ കൂടിയാലോചനകള്‍ നടത്തിയെന്ന രീതിയിലാണ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

മഞ്ജുവിനെ പ്രചാരണ രംഗത്ത് സജീവമാക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നതെന്നും വാര്‍ത്തകള്‍ വന്നിരുന്നു. വാര്‍ത്ത ശരിയാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മഞ്ജു വാര്യര്‍ പ്രചാരണത്തിനിറങ്ങുമോ എന്ന് അറിയില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടിയും പ്രതികരിച്ചിരുന്നു.

വാര്‍ത്ത വളരെപ്പെട്ടന്ന് വ്യാപകമായി പ്രചരിക്കപ്പെട്ടതോടെയാണ് പ്രതികരണവുമായി നടി രംഗത്തെത്തിയിരിക്കുന്നത്. താന്‍ ഒരിക്കലും രാഷ്ട്രീയത്തിലേക്കിറങ്ങില്ല. ഒരു പാര്‍ട്ടിയുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്‍പര്യമില്ല. രാഷ്ട്രീയ പ്രവേശനം ആഗ്രഹിക്കുന്നില്ല. നേരത്തെ വനിതാ മതിലില്‍ നിന്നും വിട്ടു നിന്നത് അതുകൊണ്ടാണ്. വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്. രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ തന്നെ ആരും വിളിച്ചിട്ടില്ലെന്നും മഞ്ജുവാര്യര്‍ വ്യക്തമാക്കി.

DONT MISS
Top