ഗുജറാത്തിലെ സ്‌കൂള്‍കുട്ടികള്‍ പബ്ജി കളിക്കുന്നതിന് നിരോധനം; ഇന്ത്യ മുഴുവനും നിരോധനം ഏര്‍പ്പെടുത്താന്‍ നീക്കം


അഹമ്മദാബാദ്: വാര്‍ ഗെയിം പബ്ജി ഗുജറാത്തില്‍ നിരോധിച്ചു. സ്‌കൂളുകളില്‍ ഗെയിം പൂര്‍ണമായി നിരോധിക്കപ്പെട്ടുവെന്ന് ഇറപ്പാക്കാനാവശ്യപ്പെട്ട് ഗുജറാത്ത് സര്‍ക്കാര്‍ ജില്ലാ അധികൃതര്‍ക്ക് സര്‍ക്കുലര്‍ നല്‍കിയിട്ടുണ്ട്. സംസ്ഥാന ബാലാവകാശ കമ്മീഷന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ പ്രൈമറി വിദ്യാഭ്യാസ വകുപ്പാണ് കളി നിരോധിച്ചുകൊണ്ടുള്ള ഉത്തരവിറക്കിയത്.

കുട്ടികള്‍ ഗെയിമിന് അടിമകളാകുന്നുവെന്നും പഠനത്തില്‍ പിന്നാക്കം പോകുന്നുവെന്നും മറ്റുമുള്ള വിചിത്രമായ ആരോപണങ്ങള്‍ ഉന്നയിച്ചാണ് കുട്ടികളെ അവര്‍ക്ക് താത്പര്യമുള്ള കളികളില്‍ നിന്ന് വിലക്കുന്നത്. പബ്ജി രാജ്യവ്യാപകമായി നിരോധിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്.

രാജ്യത്താകമാനം പബ്ജി നിരോധിക്കണമെന്നാവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷനാണ് നീക്കം നടത്തുന്നത്. എല്ലാ സംസ്ഥാനങ്ങളും പബ്ജി നിയന്ത്രിക്കണമെന്നുള്ള വാദഗതികള്‍ മുന്നോട്ടുവച്ചുകൊണ്ടുള്ള സര്‍ക്കുലര്‍ കമ്മീഷന്‍ അയച്ചിട്ടുണ്ട്.

ജമ്മു കശ്മീര്‍ സ്റ്റുഡന്റ് അസോസിയേഷനും സമാനമായ ആവശ്യവുമായി രംഗത്ത് വന്നിട്ടുണ്ട്. പരീക്ഷാഫലങ്ങള്‍ മോശമാകുന്നു അതിനാല്‍ പബ്ജി നിരോധിക്കണം എന്നാണ് ഇവരുടെ ആവശ്യം. ഈ കളി കുട്ടികളുടെ ഭാവി നശിപ്പിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ ഗെയിം നിരോധിക്കുന്നത് വ്യക്തി ജീവിതത്തിലുള്ള വ്യക്തമായ കടന്നുകയറ്റമാണെന്ന് ചൂണ്ടിക്കാണിക്കുന്നവരുമുണ്ട്. ഏത് കളിക്കണം എന്ത് കാണണം എന്നത് ഭരണകൂടം നിശ്ചയിക്കേണ്ടതില്ല. മറ്റുള്ളവര്‍ക്ക് ഉപദ്രവകരമാകുന്ന എന്തെങ്കിലും ചെയ്യുന്നത് നിയന്ത്രിക്കാന്‍ മാത്രമേ ഭരണകൂടത്തിന് അധികാരമുള്ളൂ എന്നും ഇവര്‍ ചൂണ്ടാക്കാണിക്കുന്നു.

DONT MISS
Top