“വീട്ടില്‍ നിന്നാല്‍ അവര്‍ എന്നെ കൊല്ലും, ആ വൈദികനെ വീട്ടില്‍ കയറ്റരുത്”, അന്‍ലിയ മരണത്തിന് മുമ്പ് അയച്ച സന്ദേശങ്ങളുമായി പിതാവ്

അന്‍ലിയ

കൊച്ചി: ഓഗസ്റ്റ് 28ന് ആലുവയ്ക്കടുത്ത് പെരിയാറില്‍ മുങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ അന്‍ലിയയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ രംഗത്ത്. മരണത്തിന് മുമ്പ് അന്‍ലിയ അയച്ച സന്ദേശങ്ങള്‍ പിതാവ് മാധ്യമങ്ങളെ അറിയിച്ചു. പലരീതിയിലും അന്‍ലിയ ബുദ്ധിമുട്ടുകള്‍ അറിയിച്ചിരുന്നു.

മരണത്തിന് മുമ്പ് അന്‍ലിയ വരച്ച ചിത്രങ്ങളിലൊന്ന്‌

മകളുടെ മരണത്തില്‍ പ്രതികളെ രക്ഷപ്പെടുത്താന്‍ ഒരു യുവവൈദികനും ശ്രമിച്ചു എന്നും അന്‍ലിയയുടെ പിതാവ് ഹൈജിനസ് പറയുന്നു. ഈ വൈദികനെ മേലാല്‍ വീട്ടില്‍ കയറ്റരുത് എന്ന് അന്‍ലിയ ഭര്‍ത്താവിനോടും വീട്ടുകാരോടും ആവശ്യപ്പെട്ടിരുന്നു. ‘ഹോസ്റ്റലില്‍ ജീവിച്ച കുട്ടിയാണ്’ എന്നതായിരുന്നു വൈദികന്‍ അന്‍ലിയയില്‍ കണ്ടെത്തിയ കുറ്റം. ആണുങ്ങള്‍ ഇത്ര വൃത്തികെട്ടവരാണ് എന്ന് അറിയില്ലായിരുന്നു എന്നാണ് വൈദികനേക്കുറിച്ച് മകള്‍ പിതാവിനോട് പറഞ്ഞിരുന്നത്.

അന്‍ലിയയുടെ മരണത്തിന് പിന്നാലെ ഭര്‍തൃവീട്ടിലെ പിഡനമാണ് മരണത്തിന് കാരണമെന്ന് ആരോപണങ്ങളുയരുകയും ഭര്‍ത്താവ് വിഎം ജസ്റ്റിനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. അന്‍ലിയ മരിച്ച ദിവസം ബംഗലുരുവിലേക്ക് ഇവര്‍ക്ക് പരീക്ഷയ്ക്ക് പോകുവാനായി ജസ്റ്റിന്‍ ആന്‍ലിയയെ റെയില്‍വേ സ്‌റ്റേഷനില്‍ കൊണ്ടുവിട്ടിരുന്നു. എന്നാല്‍ പോകുന്നതിനിടെ ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും ഇത് അന്‍ലിയയെ സാരമായി ബാധിക്കുകയും ചെയ്തു.

യുവതിയുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിന് പിന്നാ െഅന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. ഇതേത്തുര്‍ന്ന് ഭര്‍ത്താവ് ജസ്റ്റിന്‍ കഴിഞ്ഞദിവസം ചാവക്കാട് കോടതിയില്‍ കീഴടങ്ങി. എന്നാല്‍ ഇവിടെയും പ്രതിക്ക് തുണയായി വൈദികന്‍ ഇടപെടുന്നുവെന്ന ആരോപണമാണ് വീട്ടുകാരുയര്‍ത്തുന്നത്. വൈദികനെതിരെ കൊച്ചി ബിഷപ്പ് ഡോ.ജോസഫ് കരിയിലിന് പരാതി നല്‍കിയെന്നും പിതാവ് അറിയിച്ചു.

DONT MISS
Top