രാഷ്ട്രീയ പ്രവേശന വാര്‍ത്തകള്‍ വെറും ഊഹാപോഹം, സിനിമയില്‍ മാത്രമാണ് എന്റെ ശ്രദ്ധ; അഭ്യൂഹങ്ങളോട് പ്രതികരിച്ച് കരീന കപൂര്‍


ദില്ലി: തന്റെ രാഷ്ട്രീയ പ്രവേശന വാര്‍ത്തകളോട് പ്രതികരിച്ച് ബോളിവുഡ് താരം കരീന കപൂര്‍. രാഷ്ട്രീയ പ്രവേശന വാര്‍ത്തകള്‍ വെറും ഊഹാപോഹങ്ങളാണെന്നും സിനിമയില്‍ മാത്രം ശ്രദ്ധ നല്‍കാനുമാണ് തന്റെ തീരുമാനമെന്ന് കരീന പറഞ്ഞു. ‘രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് ആരും തന്നെ സമീപിച്ചിട്ടില്ല, ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ യാതൊരു വാസ്തവവുമില്ല. സിനിമയില്‍ മാത്രമാണെന്റെ ശ്രദ്ധ’ കരീന പ്രതികരിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബോളിവുഡ് താരം മാധുരി ദീക്ഷിത് ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്നിരിക്കെ, നടി കരീന കപൂറിനെ സ്ഥാനാര്‍ത്ഥിയാക്കാനുളള ശ്രമത്തിലാണ് കോണ്‍ഗ്രസ് എന്ന തരത്തിലുള്ള വാര്‍ത്തകള്‍ ഇന്നലെ പുറത്തുവന്നിരുന്നു. മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതാവായ യോഗേന്ദ്രസിംഗ് ചൗഹാനാണ് കരീനയെ ഭോപ്പാലില്‍ മത്സരാര്‍ത്ഥിയാക്കണമെന്ന നിര്‍ദേശം വച്ചത്. എന്നാല്‍ മധ്യപ്രദേശിലെ മറ്റു കോണ്‍ഗ്രസ് നേതാക്കളാരും വാര്‍ത്തകളോട് പ്രതികരിച്ചിരുന്നില്ല. ഇപ്പോള്‍ താരം നേരിട്ടെത്തി വാര്‍ത്തകള്‍ നിഷേധിച്ചിരിക്കുകയാണ്.

കോണ്‍ഗ്രസ് രാഷ്ട്രീയത്തിന് വേരോട്ടമില്ലാത്ത ഭോപ്പാല്‍ മണ്ഡലത്തില്‍ കരീനയെ മത്സരിപ്പിക്കണമെന്ന തീരുമാനം ബിജെപിയോട് കോണ്‍ഗ്രസ് നേതാക്കള്‍ക്ക്
മത്സരിച്ചു ജയിക്കാനാവാത്തത് കൊണ്ടാണെന്ന് ബിജെപിയും പരിഹസിച്ചിരുന്നു. ഭോപ്പാലിലെ മുന്‍ കോണ്‍ഗ്രസ് നേതാവും രാജകുടുംബാംഗവുമായ മന്‍സൂര്‍ അലിഖാന്‍ പട്ടൗഡിയുടെ മരുമകളാണ് കരീന കപൂര്‍. ലോക്‌സഭാ തെരഞ്ഞെടുപ്പിനായി നിരവധി ബോളിവുഡ് താരങ്ങളെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് രാഷ്ട്രീയകക്ഷികള്‍.

DONT MISS
Top