ഏത് നടന്റെ ഫാന്‍സും ആയിക്കോട്ടെ, ഒരു നല്ല സിനിമയെ നശിപ്പിക്കരുതെന്ന് മിഖായേലിന്റെ അണിയറ പ്രവര്‍ത്തകര്‍

നിവിന്‍ പോളി നായകനായ ‘മിഖായേല്‍’ കഴിഞ്ഞ വെള്ളിയാഴ്ചയാണ് തിയേറ്ററുകളില്‍ എത്തിയത്. ഒരു സ്‌റ്റൈലിഷ് മാസ്സ് ഫാമിലി ഡ്രാമയായ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. എന്നാല്‍ ചിത്രത്തെ തകര്‍ക്കുന്നതിന്റെ ഭാഗമായി വളരെ മോശം തരത്തിലുള്ള മെസേജുകള്‍ ആണ് സാമൂഹിക മാധ്യമങ്ങള്‍ വഴിയും വാട്‌സ്ആപിലും പ്രചരിക്കുന്നത് എന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

ചിത്രത്തെ തകര്‍ക്കുന്നതിന് വേണ്ടി കരുതിക്കൂടിയുള്ള പ്രചാരണമാണ് മിഖായേലിനെതിരെ നടക്കുന്നത് എന്ന് അണിയറക്കാര്‍ ആരോപിച്ചു. ഒരു മാസ്സ് ആക്ഷന്‍ ഫാമിലി ചിത്രം എന്ന നിലയില്‍ യുവ പ്രേക്ഷകരേയും ആരാധകരെയും ഫാമിലി ഓഡിയന്‍സിനെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന ചിത്രമാണ് മിഖായേല്‍. ആദ്യ ദിനങ്ങളില്‍ ആരാധകരുടെ ബാഹുല്യമാണ് തിയേറ്ററുകളില്‍ കാണാനായതെങ്കിലും പിന്നീട് ചിത്രത്തെ ഫാമിലി ഓഡിയന്‍സ് ഏറ്റെടുക്കുകയായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

ചിത്രം ഒരു മാസ്സ് ആക്ഷന്‍ ചിത്രം എന്ന ലേബലില്‍ ആണ് പുറത്തിറങ്ങിയത്. അത്തരം പ്രേക്ഷകരേയും, ഒപ്പം ഫാമിലി പ്രേക്ഷകരേയും തൃപ്തിപ്പെടുത്തി മുന്നേറുന്ന ഒരു ചിത്രത്തെ തകര്‍ക്കുവാന്‍ നടത്തുന്ന ഈ നീക്കങ്ങള്‍ തീര്‍ത്തും അപഹാസ്യമാണ്. നമ്മുടെ യുവ താരങ്ങളുടെ ആരാധകര്‍ പോലും ഇത്തരം തരം താണ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നത് വളരെ വിഷമകരമാണ്. ഒരു താരത്തിന്റെ ചിത്രത്തെ പ്രൊമോട്ട് ചെയ്യുന്നതിന് മറ്റൊരു താരത്തിന്റെ ചിത്രത്തെ ഇകഴ്ത്തുന്ന പ്രവണത വരുന്ന തലമുറയിലെ സിനിമാ ആസ്വാദകരില്‍ നിന്നെങ്കിലും തുടച്ചു നീക്കേണ്ടതുണ്ട്.

മിഖായേലിനെ ഒരു സ്‌റ്റൈലിഷ് ആക്ഷന്‍ ഫാമിലി ത്രില്ലര്‍ ഗണത്തില്‍ കണ്ട് അംഗീകരിക്കുവാന്‍ കഴിയുന്നവര്‍ മാത്രം ചിത്രം കാണുക. ചിത്രം എല്ലാ വിഭാഗം പ്രേക്ഷകരേയും തൃതിപ്പെടുത്തുന്നു എന്നിരിക്കെ ചിത്രത്തിനതിരെ നടത്തുന്ന നെഗറ്റീവ് പ്രചാരണം അവസാനിപ്പിക്കുകയും എല്ലാ വിഭാഗം സിനിമകളെയും സ്വീകരിക്കാനും തയ്യാറാവേണ്ടതാണെന്നും അണിയറ പ്രവര്‍ത്തകര്‍ കൂട്ടിച്ചേര്‍ത്തു.

DONT MISS
Top