ചൈനയിലും യൂറോപ്പിലും ഗംഭീര റിലീസിന് തയ്യാറെടുത്ത് പ്രാണ

ലോകത്തിലെ ആദ്യ സിങ്ക് സറൗണ്ട് സൗണ്ട് ടെക്‌നോളജി ഉപയോഗപ്പെടുത്തി നിര്‍മ്മിച്ച ചിത്രമെന്ന ഖ്യാതിയോടെയാണ് പ്രാണ തിയേറ്ററുകളില്‍ എത്തിയത്. ഇപ്പോള്‍ മറ്റൊരു അഭിമാന നേട്ടം കൂടി കൈവരിച്ചിരിക്കുകയാണ് ചിത്രം. ചൈനയിലും യുറോപ്പിലും ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ഇതോടെ ലോക വ്യാപകമായി റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രമെന്ന ബഹുമതിയും സ്വന്തമാക്കിയിരിക്കുകയാണ് ചിത്രം.

നിത്യ മേനോന്‍ പ്രധാന വേഷത്തില്‍ എത്തുന്ന പ്രാണ കഴിഞ്ഞ വെള്ളിയാഴ്ചയാണ് തിയേറ്റിയറുകളില്‍ എത്തിയത്. ഒരു പരീക്ഷണ ചിത്രം എന്ന നിലയില്‍ പുറത്തിറക്കിയ പ്രാണയില്‍ നിത്യ മേനോന്‍ മാത്രമാണ് അഭിനയിക്കുന്നത്. ചിത്രം വളരെ മികച്ച അഭിപ്രായങ്ങള്‍ ആണ് നേടുന്നത്. ഒരു പ്രേതവും ആത്മാവും തമ്മില്‍ നടക്കുന്ന സംഘര്‍ഷമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഹൊറര്‍ സിനിമകള്‍ എന്നാല്‍ കേവലം പ്രേത സിനിമകള്‍ ആണെന്ന മുന്‍വിധിയെ തീര്‍ത്തും നിരാകരിക്കുമ്പോഴും ആകാംക്ഷയുടെ മുള്‍മുനയില്‍ പ്രേക്ഷകനെ നിര്‍ത്താന്‍ സാധിക്കുന്നുണ്ട് സംവിധായകന്.

മരണത്തിലും ജീവിതത്തിനുമിടയില്‍ ഒരു എഴുത്തുകാരി നടത്തുന്ന സ്വാതന്ത്ര്യത്തിന്റെ ആത്മപ്രകാശനമാണ് ചിത്രം. ചിത്രത്തിന്റെ ശബ്ദാലങ്കാരം നിര്‍വ്വഹിച്ചിരിക്കുന്നത് ഓസ്‌കര്‍ ജേതാവ് കൂടിയായ റസൂല്‍ പൂക്കിട്ടിയാണ്. പിസി ശ്രീരാം ആണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. വികെ പ്രകാശ് സംവിധാനം ചെയ്ത ചിത്രം മികച്ച അഭിപ്രായങ്ങള്‍ നേടി പ്രദര്‍ശനം തുടരുകയാണ്.

DONT MISS
Top